കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളില്‍ കുട്ടികളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി (Kerala High Court). കുട്ടികളെ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുകയാണെന്ന് ജസ്റ്റിസ് പി ഗോപിനാഥ് നിരീക്ഷിച്ചു. പോക്സോ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. കഴിഞ്ഞദിവസം ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമര്‍ശം.
സംഘടനകള്‍ വിദ്വേഷ മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ച് ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നതായും കോടതി നിരീക്ഷിച്ചു. പുതിയ തലമുറയുടെ തലയില്‍ മതവിദ്വേഷം കുത്തിവയ്ക്കാനല്ല ഇത്തരക്കാര്‍ ശ്രമിക്കേണ്ടതെന്നും ജസ്റ്റിസ് ഗോപിനാഥ് പറഞ്ഞു.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം ഉയര്‍ന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസ് ആണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമമെന്ന് പൊലീസിന്റെ എഫ്ഐആര്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെയാണ് കേസെടുത്തത്. ഐപിസി 153 എ പ്രകാരമാണ് രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പരിപാടിയിൽ കുട്ടിയെ പങ്കെടുപ്പിച്ച സംഘാടകർക്കെതിരെയും ഇതേ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സംഭവത്തിനെതിരെ വ്യാപകമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത്.
റാലിയില്‍ പങ്കെടുത്ത ഒരാളുടെ തോളത്തിരുന്ന് ചെറിയ കുട്ടി പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തില്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ മത വിഭാഗങ്ങളെ വെല്ലുവിളിക്കുന്ന മുദ്രാവാക്യമാണ് പത്തുവയസ്സു പോലും തോന്നിക്കാത്ത കുട്ടി വിളിച്ചത്. മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഈ സംഭവമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നത്.
കേന്ദ്ര ഏജന്‍സികളും സംഭവത്തില്‍ റിപ്പോര്‍ട്ടുകള്‍ തേടിയെന്നാണ് വിവരം. കുട്ടി റാലിയില്‍ പങ്കെടുത്തിരുന്നു എന്നും വിളിച്ചത് സംഘാടകര്‍ നല്കിയ മുദ്രാവാക്യമല്ലെന്നും പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ വ്യക്തമാക്കി. ആലപ്പുഴ കല്ലുപാലത്ത് നിന്ന് ബീച്ചിലേക്ക് നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെയായിരുന്നു കൊച്ചു കുട്ടിയുടെ പ്രകോപനപരമായ മുദ്രവാക്യം ഉയര്‍ന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ജനമഹാ സമ്മേളനം നടന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.