നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഐഷ സുൽത്താനയ്ക്ക് ഇന്ന് നിർണായക ദിനം; രാജ്യദ്രോഹ കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

  ഐഷ സുൽത്താനയ്ക്ക് ഇന്ന് നിർണായക ദിനം; രാജ്യദ്രോഹ കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

  തന്റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ  കലാപങ്ങൾക്ക് വഴിവെച്ചിട്ടില്ലെന്നുമാണ് ഐഷയുടെ നിലപാട്.

  ഐഷ സുൽത്താന

  ഐഷ സുൽത്താന

  • Share this:
  കൊച്ചി: രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതിയിൽ  ഇന്ന് നിർണ്ണായക ദിനം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തക  ഐഷ സുൽത്താന നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാരിനെതിരായ വിമർശനങ്ങളിൽ  രാജ്യദ്രോഹ കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണെന്നും  തന്റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ  കലാപങ്ങൾക്ക് വഴിവെച്ചിട്ടില്ലെന്നുമാണ് ഐഷയുടെ നിലപാട്.

  എന്നാൽ ഐഷക്കെതിരെ രാജ്യദ്രോഹക്കുറ്റം അടക്കമുള്ള രണ്ട് കുറ്റങ്ങളും നിലനിൽക്കുമെന്നും ഹർജി തള്ളണമെന്നുമാണ് ലക്ഷദ്വീപ് പോലീസ് കോടതിയെ അറിയിച്ചിട്ടുള്ളത്. ഐഷ സുൽത്താനക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് സത്യവാങ്മൂലത്തിൽ ഉള്ളത്. രാജ്യദ്രോഹക്കുറ്റം നിലനിൽക്കുമെന്നും ഇത് സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും ഹൈക്കോടതിയിൽ ലക്ഷദ്വീപ് പോലീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

  രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ  ഐഷ സുൽത്താന ചില വാട്സ്ആപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു. ബയോ വെപ്പൺ പരാമർശം നടത്തിയ ചാനൽ ചർച്ചക്കിടെ  ഇവർ മറ്റൊരാളുമായി ആശയവിനിമയം നടത്തി. ഐഷ സുൽത്താനയുടെ ഈ നടപടി ദുരൂഹമാണെന്നും അന്വേഷണ സംഘത്തിന് എതിരെ ഇവർ മോശം പരാമർശം നടത്തുന്നുവെന്നും പോലീസിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. ഐഷയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്നും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച്  ആവശ്യപ്പെട്ട രേഖകൾ കൈമാറിയിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.
  Also Read- പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷ്ദ്വീപിൽ; പ്രത്യേക വിമാന യാത്ര ഇത്തവണ ഒഴിവാക്കി

  പോലീസിൻറെ സത്യവാങ്മൂലത്തോടെ ഐഷ സുൽത്താന വീണ്ടും പ്രതിരോധത്തിലാവുകയാണ്. കേസ് സജീവമായി നിലനിൽക്കും എന്ന് തന്നെയാണ് ലക്ഷദ്വീപ് പോലീസ് അടിവരയിടുന്നത്. അതുകൊണ്ടു തന്നെ ഇനിയും ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങൾ ഉണ്ടാകും എന്ന് തീർച്ചയാണ്. അടുത്തിടെ ഫ്ലാറ്റ് റെയ്ഡ് ചെയ്ത് പിടിച്ചെടുത്ത ലാപ്ടോപ്പും കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും. ഐഷയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കൂടുതൽ അന്വേഷണം വേണമെന്ന നിലപാടിലാണ് ലക്ഷദ്വീപ് പോലീസ്.

  രാജ്യത്തിന് പുറത്തു നിന്ന് ഐഷയുടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. കേസുമായി ബന്ധപ്പെട്ട് വീണ്ടും ഐഷയെ ചോദ്യം ചെയ്യാൻ തന്നെയാണ് സാധ്യത. ചാനൽ ചർച്ചയിൽ പങ്കെടുത്ത മുഴുവൻ പേരുടെയും മൊഴികൾ ഇതിനകം ലക്ഷദ്വീപ് പോലീസ് രേഖപ്പെടുത്തി കഴിഞ്ഞു.
  Also Read- സഹോദരീഭര്‍ത്താവിന്റെ വീട്ടില്‍ കൊല ചെയ്യപ്പെട്ട നഴ്‌സ് ലൈംഗീക പീഡനത്തിന് ഇരയായെന്ന് റിപ്പോര്‍ട്ട്

  ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ബയോവെപ്പണ്‍ എന്ന്  പരാമര്‍ശിച്ചതിനെതിരെ  ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് നടപടി. രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ, 153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിയ്ക്കുന്നത്. ഒന്നാം കൊവിഡ് തരംഗത്തില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ടു ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനസ്‌ട്രേറ്ററുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനെ തുടർന്നാണ് കോവിഡ് പടര്‍ന്നു പിടിച്ചത്. അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ ജൈവായുധം പോലെ തനിക്ക് തോന്നുന്നുവെന്നായിരുന്നു ഐഷയുടെ  പരമാര്‍ശങ്ങള്‍.

  രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും അംഗീകരിയ്ക്കുന്നതില്‍ നിന്നും ജനങ്ങളെ തടയാനും കേന്ദ്ര സർക്കാരിനെതിരെ ലക്ഷദ്വീപിലെ ജനങ്ങളുടെ വികാരം ലക്ഷദ്വീപിലെ പ്രാദേശിക ജനസമൂഹത്തിലെ ജനങ്ങള്‍ക്കിടയില്‍ ഇളക്കിവിട്ടു. ലക്ഷദ്വീപിലെ ജനങ്ങള്‍ക്കുമേല്‍ കൊറോണ വൈറസിനെ ജൈവായുധമായി ഉപയോഗിച്ചു എന്ന് വ്യാജമായി പറഞ്ഞതിലൂടെ ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് രാജ്യത്തെ മറ്റിടങ്ങളിലെ ജനങ്ങളോട് അസഹിഷ്ണുതയും ശത്രുതാമനോഭാവവും ഉടലെടുക്കാന്‍ കാരണമായതായി എഫ്.ഐ.ആറില്‍ പറയുന്നു.
  Published by:Naseeba TC
  First published:
  )}