തിരുവനന്തപുരം: കേരളത്തിന് സ്വന്തമായി ഭക്ഷണ വിതരണ ആപ്പുമായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ. സ്വിഗ്ഗി, സോമാറ്റോ അടക്കമുള്ള ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികൾ ഉപഭോക്താക്കളെയും വ്യാപാരികളെയും ചൂഷണം ചെയ്യുന്നു എന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നിരന്തരമായി ആരോപിച്ചിരുന്നു.
ഉപഭോക്താക്കളിൽ നിന്നും വ്യാപാരികളിൽ നിന്നും അമിത തുക ഈടാക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം. ഇതിന് പിന്നാലെയാണ് പുതിയ സംരംഭവുമായി അസോസിയേഷൻ രംഗത്തെത്തിയത്. കേരളത്തിന്റെ സ്വന്തം ആപ്പ് നിർമ്മിക്കാനാണ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചത്.
ഉപഭോക്താക്കളിൽനിന്ന് ഹോട്ടലിലെ മെനു ചാർജും ഡെലിവറി ചാർജും മാത്രം ഈടാക്കി മിതമായ നിരക്കിൽ ഭക്ഷണം വീട്ടിൽ എത്തിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് ആപ്പ്. റെസോയ് എന്ന് പേരിട്ടിരിക്കുന്ന ആപ്പിനൊപ്പം കേരളത്തിലെ ഭൂരിഭാഗം ഹോട്ടലുകളും റസ്റ്റോറന്റ്കളും അണിനിരക്കും എന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
നിലവിൽ മറ്റ് ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകൾ വഴി തെരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളിൽ നിന്നു മാത്രമാണ് ഭക്ഷണം ഓർഡർ ചെയ്യാൻ സാധിക്കുക. എന്നാൽ റെസോയ് ആപ്പ് നിലവിൽ വരുന്നതോടെ ചെറിയ ഹോട്ടലുകളിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യാൻ സാധിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അവകാശപ്പെടുന്നു.
ആപ്പിന്റെ ലോഗോ മന്ത്രി ഇ പി ജയരാജൻ കഴിഞ്ഞദിവസം പ്രകാശനം ചെയ്തിരുന്നു. നിലവിൽ ട്രയൽ റൺ നടപടികൾ പുരോഗമിക്കുന്ന ആപ്പ് അടുത്തമാസം ഉപഭോക്താക്കളിലേക്ക് എത്തും.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.