തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണ്‍. രണ്ടാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഞായര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ രാത്രി കര്‍ഫ്യൂവും നിലവില്‍ വരും.
രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ ആറുമണി വരെയാണ് കര്‍ഫ്യൂ. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ ഇളവ് അനുവദിച്ചിട്ടുള്ളൂ. അടിയന്തര ചികിത്സ, മരണം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യാം. ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും രാത്രി യാത്ര അനുവദിച്ചിട്ടുണ്ട്.
ചരക്ക് വാഹനങ്ങളെയും അത്യാവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്ന ജീവനക്കാരെയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കി. ട്രെയിന്‍, വിമാന യാത്രികര്‍ക്ക് ടിക്കറ്റ് കയ്യില്‍ കരുതിയാല്‍ യാത്രചെയ്യാം. മറ്റെന്തെങ്കിലും അത്യാവശ്യത്തിനായി യാത്ര ചെയ്യണമെങ്കില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം.
രോഗബാധിത നിരക്ക് 7 രേഖപ്പെടുത്തുന്നയിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഇത് എട്ടിന് മുകളിലുള്ള സ്ഥലങ്ങളിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
മൂന്നാം തരംഗം ഉണ്ടായാൽ കുട്ടികൾക്ക് കൂടുതൽ രോഗബാധ ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം തരംഗം കണക്കിലെടുത്ത് മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്. 870 മെട്രിക് ടൺ ഓക്സിജൻ കരുതൽ ശേഖരം ഉണ്ട്. മെഡിക്കൽ കൊളേജിലെയും സ്വകാര്യ ആശുപത്രിയിലേയും വിദഗ്ധരെ പങ്കെടുപ്പിച്ച് സെപ്റ്റംബർ ഒന്നിന് യോഗം ചേരും.
Also Read-
കോവിഡിന് ശേഷമുള്ള ക്ഷീണവും ശ്വാസതടസവും ഒരു വർഷം വരെ നീണ്ടു നിൽക്കും എന്ന് പഠനംസെപ്ടംബർ 3 തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ചേരും. കോവിഡ് അവലോകനത്തിൽ ആരോഗ്യമന്ത്രിയ്ക്ക് പുറമെ റവന്യു മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരും പങ്കെടുക്കും. തദ്ദേശ സ്ഥാപന പ്രതിനിധികളുടെ കൈയ്യിൽ വാക്സിൻ കണക്ക് ഉണ്ടാകണം. എല്ലാ ജില്ലകളിലും അഡീഷണൽ എസ് പി മാർ എന്നിവരെ കോവിഡ് നോഡൽ ഓഫീസറാക്കും. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ കട ഉടമകളുടെ യോഗം ചേരും. കോവിഡ് ബാധിച്ചവർ പുറത്ത് ഇറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാൻ റസിഡൻസ് അസോസിയേഷൻ യോഗം ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, കേരളത്തില്‍ ഇന്നലെ 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680, കണ്ണൂര്‍ 1643, പത്തനംതിട്ട 1229, വയനാട് 1224, ഇടുക്കി 1171, കാസര്‍ഗോഡ് 521 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,11,23,643 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 70 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 353 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.