തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തിനെതിരേയുള്ള കോടതി വിധി മറികടന്ന് വിദ്യാർഥി യൂണിയൻ പ്രവർത്തനം നിയമവിധേയമാക്കാൻ ബിൽ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നു. നിയമസഭയിൽ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി കെ.ടി ജലീൽ അറിയിച്ചതാണ് ഇക്കാര്യം. വിദ്യാർഥികളുടെ അവകാശം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. യൂണിയൻ പ്രവർത്തനം നിയമവിധേയമാക്കുന്നത് സംബന്ധിച്ചുള്ള ബില്ലിനെക്കുറിച്ച് നിയമോപദേശം തേടി. ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും. വിദ്യാർഥി യൂണിയൻ പ്രവർത്തനം നിയമ വിധേയമാക്കാൻ കോടതി വിധി തടസ്സമല്ല. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും മന്ത്രി കെ.ടി. ജലീൽ പറഞ്ഞു.
വിദ്യാർഥി രാഷ്ട്രീയം നിയമവിധേയമാക്കുന്ന ബിൽ അന്തിമഘട്ടത്തിലാണ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ഉടൻ തന്നെ നിയമസഭയിൽ ഇത് അവതരിപ്പിക്കുമെന്നും കെ.ടി ജലീൽ പറഞ്ഞു. വിദ്യാർഥി രാഷ്ട്രീയം നിരോധിക്കുന്നതിന് സർക്കാർ അനുകൂലമല്ലെന്ന നിലപാട് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Read Also:
മന്ത്രിയെ അഭിനന്ദിക്കാൻ എൽഡിഎഫ് വിപ്പ് നൽകിയോയെന്ന് ചെന്നിത്തല: അസൂയ പാടില്ലെന്ന് എം എം മണി
സ്വാതന്ത്ര്യസമരകാലഘട്ടം മുതൽക്കേ, വിദ്യാർഥി പ്രക്ഷോഭങ്ങളുടെയും മുന്നേറ്റങ്ങളുടെയും നീണ്ട ചരിത്രമാണ് നമ്മുടെ രാജ്യത്ത് ഉള്ളത്. വിദ്യാർഥി രാഷ്ട്രീയം ദുർബലമായ കാംപസുകളിൽ വർഗീയ-തീവ്രസംഘടനകളുടെ സാന്നിദ്ധ്യം ശക്തമാണെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. വിദ്യാർഥി യൂണിയനുകളില്ലാത്ത കാംപസുകളിൽ ലഹരിമരുന്ന് മാഫിയകളും സജീവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വർഗീയ - അരാജക സംഘടനകളുടെ ക്യാംപസുകളിലേക്കുള്ള കടന്നുകയറ്റം തടയണമെന്ന് എം. സ്വരാജ് എം.എൽ.എ ആവശ്യപ്പെട്ടു. ബില്ലിൽ അതിനും വ്യവസ്ഥ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടിയായി നിയമ നിർമാണത്തിൽ അക്കാര്യവും പരിഗണിക്കുമെന്ന് മന്ത്രി ജലീൽ വ്യക്തമാക്കി.
നിയമം വേഗത്തിൽ കൊണ്ടു വരണമെന്ന് കോൺഗ്രസ് അംഗം വി.ടി. ബൽറാം എംഎൽഎ ആവശ്യപ്പെട്ടു.
കാംപസുകളിൽ വിദ്യാർഥി സമരങ്ങളും രാഷ്ട്രീയപ്രവർത്തനവും ഹൈക്കോടതി നിരോധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ബിൽ കൊണ്ടുവരാൻ സർക്കാർ ഒരുങ്ങുന്നത്. ചില സ്വകാര്യ മാനേജ്മെന്റുകളുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി വിദ്യാർഥി രാഷ്ട്രീയം നിരോധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.