ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ഉത്സവമായ വിഷുവിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. വിഷുനാളിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആഘോഷം പൊടിപൊടിക്കാൻ വിവിധ തരം ഉത്പന്നങ്ങൾ വിപണിയിലിറക്കി ആളുകളെ കടകളിലേക്ക് ആകർഷിക്കാൻ വ്യാപാരികളും ഒരുങ്ങി കഴിഞ്ഞു. വിഷുക്കണി ഒരുക്കുന്നതിൽ പ്രധാനമായ കൃഷ്ണ വിഗ്രഹങ്ങളുമായി ദിവസങ്ങൾക്ക് മുൻപേ വഴിയോരങ്ങളിൽ ആളുകൾ വിൽപന ആരംഭിച്ചിട്ടുണ്ട്.
കരകൗശല വിൽപന ശാലകളിൽ കണിയൊരുക്കുന്നതിനായുള്ള കൃഷ്ണവിഗ്രഹങ്ങൾ, കണിവെള്ളരിതുടങ്ങിയവയ്ക്കൊപ്പം ആപ്പിൾ, മുന്തിരി, കൈതച്ചക്ക ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിൽപനയും തകൃതിയായി നടക്കുന്നു. വസ്ത്രക്കടകളിൽ മുണ്ടും ഷർട്ടും കൂടാതെ ട്രെൻഡ് വസ്ത്രങ്ങൾക്കും വിൽപനയേറിയിട്ടുണ്ട്. കൃഷ്ണന്റെ ചിത്രങ്ങൾ ആലേഖനം ചെയ്ത വസ്ത്രങ്ങൾക്കും ആവശ്യക്കാരേറെയാണ്.
Also read- വിഷു: കൊച്ചിയിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം
പ്ളാസ്റ്റിക്ക് കണിക്കൊന്നകളും വിപണിയിൽ സജീവമാണ്. വിഷു ദിനത്തില്‍ പൂക്കള്‍ക്കുണ്ടാകുന്ന ക്ഷാമം മുതലെടുത്താണ് പ്ലാസ്റ്റിക്ക് പൂക്കള്‍ വിപണി കൈയ്യടക്കുന്നത്. വാഹനങ്ങളിലും മറ്റും തൂക്കിയിടുന്നതിനായി ഡ്രൈവർമാരും ഇത്തരം പൂക്കൾ വാങ്ങുന്നുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് പലയിടത്തും ഒരു മാസം മുന്‍പു തന്നെ കണിക്കൊന്നകള്‍ കാലംതെറ്റി പൂവിട്ടിരുന്നു.
അതേസമയം, വിഷു എത്തിയതോടെ നഗരത്തിലും ഗ്രാമങ്ങളിലും പടക്ക വിപണി സജീവമായി. കമ്പിത്തിരി, മത്താപ്പ്, കുടച്ചക്രം, പമ്പരം എന്നിവ ഇത്തവണ കൂടുതൽ പുതുമയോടെയാണു എത്തിയിരിക്കുന്നത്. കമ്പിത്തിരിക്ക് പുറമേ വിവിധ വർണങ്ങളിൽ തീപ്പൊരി ചിതറുന്നതും പലവിധ പൂക്കൾ വിരിയുന്ന കമ്പിത്തിരികൾ ആകർഷണങ്ങളാണ്. വിഷു ചന്തകളും സജീവമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.