HOME /NEWS /Kerala / 'സി.പിയെ ഓടിച്ചുവിട്ട നാടാണിത്'; ഗവർണർക്ക് മന്ത്രി ശിവൻകുട്ടിയുടെ താക്കീത്

'സി.പിയെ ഓടിച്ചുവിട്ട നാടാണിത്'; ഗവർണർക്ക് മന്ത്രി ശിവൻകുട്ടിയുടെ താക്കീത്

'പൊലീസ് സ്റ്റേഷനിൽ പോയി പ്രതിയെ ഇറക്കാൻ പിണറായി വിജയൻ ശ്രമിച്ചുവെന്ന പ്രസ്താവന സാദാ ആർഎസ്എസുകാരൻ നടത്തുന്നതുപോലെ തരംതാണതായിപ്പോയി'

  • Share this:

    തിരുവനന്തപുരം: ദിവാനായിരുന്നു സി പി രാമസ്വാമി അയ്യരെ ഓടിച്ചുവിട്ട നാടാണിതെന്ന് ഗവർണറെ ഓർമ്മിപ്പിച്ച് മന്ത്രി വി ശിവൻകുട്ടി. സാദാ ആർ.എസ്.എസുകാരന്റെ നിലവാരത്തിലേക്ക് ഗവർണർ തരംതാഴുന്നുവെന്ന് ശിവൻകുട്ടി ആരോപിച്ചു. 1947 ജൂലായ് 25ന് സംഗീത കോളജിന് മുന്നിൽ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർക്ക് സംഭവിച്ചതെന്താണെന്ന് ഓർക്കുന്നത് നന്നായിരിക്കും. അന്ന് അതുവഴി പോയതാണ് രാമസ്വാമി അയ്യർ. പിന്നെ കണ്ടിട്ടില്ല. ഒരുപാട് സമരപാരമ്പര്യമുള്ള സ്ഥലമാണ് കേരളമെന്നും ശിവൻകുട്ടി പറഞ്ഞു.

    കാലുമാറ്റവും കൂറുമാറ്റവും കൊണ്ടല്ല കേരളത്തിലെ മുഖ്യമന്ത്രിയും മന്ത്രിമാരും ആ പദവിയിലെത്തിയതെന്ന് ശിവൻകുട്ടി പറഞ്ഞു. ഏതെങ്കിലും സ്ഥാനം ലഭിക്കുമെന്ന് കരുതി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരല്ല തങ്ങൾ. അതുകൊണ്ട് സംസ്ഥാനം തിരിച്ചെടുക്കുമെന്ന ഭീഷണിയൊന്നും വിലപ്പൊവില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

    പിണറായി വിജയനെതിരായ പരിഹാസത്തിലും ഗവർണർക്ക് ശിവൻകുട്ടി മറുപടി നൽകി. പൊലീസ് സ്റ്റേഷനിൽ പോയി പ്രതിയെ ഇറക്കാൻ പിണറായി വിജയൻ ശ്രമിച്ചുവെന്ന പ്രസ്താവന സാദാ ആർഎസ്എസുകാരൻ നടത്തുന്നതുപോലെ തരംതാണതായിപ്പോയി. പിണറായി വിജയൻ അവസരവാദിയല്ല. പൊതുപ്രവർത്തനത്തിന്റെ ഭാഗമായുള്ള സ്ഥാനങ്ങൾ തിരിച്ചെടുത്തുകളയുമെന്ന ഗവർണറുടെ ഭീഷണി വിലപ്പോവില്ല. ഗവർണറുടെ മാദ്ധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

    Also Read- ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള ബിൽ; ഡിസംബറിൽ നിയമസഭാ സമ്മേളനം വിളിക്കും

    പി.എസ്.സി, റിക്രൂട്ട്മെന്റ് ബോർഡുകൾ വഴിയല്ലാത്ത ഇടക്കാല നിയമനങ്ങളെല്ലാം എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്നാണ് സർക്കാർ നയം. അല്ലാത്തവ ഉണ്ടെങ്കിൽ രേഖാമൂലം പരാതി ലഭിച്ചാൽ നടപടിയെടുക്കും. എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഉദ്യോഗാർത്ഥികൾ ഇല്ലാത്ത തൊഴിൽ മേഖലകളിലേക്ക് പരസ്യം നൽകി എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിവേണം നിയമിക്കാനെന്നും മന്ത്രി പറഞ്ഞു

    First published:

    Tags: Cm pinarayi vijayan, Governer Arif Mohammed Khan, V Sivankutty