നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാര്‍ഷിക സമൃദ്ധിയില്ലാത്ത കാലത്ത് എന്തിനാണ് ആചാരപരമായ ഓണം?

  കാര്‍ഷിക സമൃദ്ധിയില്ലാത്ത കാലത്ത് എന്തിനാണ് ആചാരപരമായ ഓണം?

  ഓണം കാർഷിക സമൃദ്ധിയുടെ ആഘോഷമല്ലാതായി മാറുന്ന സമകാലീനകാലത്ത് അത് കച്ചവടക്കാരുടെയും ഇടത്തട്ടുകാരന്‍റെയും മാത്രമായി മാറുന്നു. ഇതേക്കുറിച്ച് സമൂഹ നിരീക്ഷകനായ അശോക് കർത്ത എഴുതുന്നു...

  • Share this:
   മേടവും ചിങ്ങവും കാര്‍ഷിക സംബന്ധിയായ രണ്ട് സംക്രമകാലങ്ങളാണ്. മേടപ്പത്തിനു പുത്തന്‍ തൈകള്‍ വെക്കും. ചിങ്ങത്തില്‍ ധാന്യങ്ങളുടെയും ദീര്‍ഘകാല കൃഷിയുടെയും വിളവെടുപ്പാണ്. വര്‍ഷ ഋതു കഴിയുന്നതിന്റെ പ്രാധാന്യവും ചിങ്ങത്തിനുണ്ട്. തെളിഞ്ഞ വെയില്‍ കിട്ടിത്തുടങ്ങും. പുതുവത്സരം ചിട്ടയായി ക്രമപ്പെടുത്തേണ്ടതിന്റെ മുന്നോടിയാണ് അത്തപ്പത്ത്. കളികളും ആഘോഷങ്ങളും കഴിച്ച് വയറു നിറച്ചുണ്ട് തൃപ്തമായി അടുത്ത കാര്‍ഷിക കര്‍മ്മപദ്ധതിയിലേക്കിറങ്ങാം.

   മഴയ്ക്കിടയില്‍ കരുപ്പിടിപ്പിച്ചെടുത്ത ധാന്യം വിത്തായും അരിയായും സൂക്ഷിക്കണം. മറ്റ് വിത്തു മൂലികളും നോക്കണം. മഴകൊണ്ട് പ്രകൃതിക്കുണ്ടായ മാറ്റങ്ങള്‍ നിരീക്ഷിക്കണം. ഇതൊക്കെയാണ് ചിങ്ങം പുലരുമ്പോള്‍ മനുഷ്യരുടെ ആശങ്കകള്‍. പുരുഷന്റെ മാത്രമല്ല സ്ത്രീയുടെ കൂടെയാണ് അതെല്ലാം. അങ്ങനെ ലിംഗവിവേചനമില്ലാത്ത ഒരാഘോഷമാണ് ഓണം. പറമ്പും, പാടവും, വീടും, തൊഴുത്തുമെല്ലാം വൃത്തിയാക്കുന്നത് എല്ലാവരും ചേര്‍ന്നാണ്. പൂ പറിക്കാനും പൂക്കളമിടാനും ആണ്‍-പെണ്‍ വിവേചനമില്ല. നുറുക്കുപ്പേരി, പപ്പടം തൊട്ട് പായസംവരെ ഒരുക്കിയുണ്ണുന്നതിനും തടസവുമില്ല. പുത്തനുടുപ്പുകള്‍ ഒരാചാരമായിത്തന്നെ കിട്ടുമായിരുന്നു. വേണമെങ്കില്‍ വാങ്ങാം. അതിനുമില്ല നിരോധനം.

   അടമഴ ആരേയും ഒരു പരിധിയില്‍ കവിഞ്ഞ് ആകുലപ്പെടുത്തിയിരുന്നില്ല. ആയുസു തീര്‍ന്നവര്‍ കടന്നു പോകുന്ന കാലമാണെന്ന ഖേദമുണ്ട്. പക്ഷെ വെള്ളം കൊണ്ട് ഭൂമി നിറയുന്നതില്‍ ആനന്ദമാണ്. ഒഴുക്കു വെള്ളം എക്കല്‍ കൊണ്ടുവന്നു കൃഷിയിടങ്ങള്‍ ഫലഭൂയിഷ്ഠമാക്കും. പിന്നെ വേറെ വളപ്രയോഗങ്ങള്‍ വേണ്ട.   മഴ കഴിഞ്ഞുള്ള ചെടികളുടെ തളിര്‍പ്പും തുടിപ്പും ഒരു കാര്‍ഷിക പാഠപുസ്തകമാണ്. ചില പൂക്കള്‍ എത്ര തേടിയാലും ചിലപ്പോള്‍ കിട്ടില്ല. കദളി. ചില കാലങ്ങളില്‍ തുമ്പ കുറവായിരിക്കും. പൊട്ടിച്ചു കൊണ്ടുവന്നു കുത്തുന്ന മത്തന്‍റെ തേജസില്‍ നിന്നറിയാം വള്ളിച്ചെടികളുടെ രാശിയും ഫലസമൃദ്ധിയും. തോവാളയില്‍ നിന്നു പൂക്കളിറക്കി കളമിടുന്നവര്‍ക്കു കേരളത്തില്‍ ചെടികള്‍ പൂക്കുന്നില്ല എന്നതൊരാശങ്കയാകുന്നില്ല. തൊട്ടാവാടിയും കമ്മ്യൂണിസ്റ്റ് പച്ചയും വിരളമാകുന്നു എന്നതൊരു കാര്‍ഷിക ശാസ്ത്രജ്ഞനും ശ്രദ്ധിച്ചു കാണുന്നില്ല. മലയാള മണ്ണ് ഊഷരമാവുകയാണ്.

   കന്യാകുമാരിയിലെ ഓണം; ഒരു സംസ്‌കൃതിക്കൊപ്പം വിസ്മൃതിയിലാകുന്ന ഓണാഘോഷ പെരുമ

   വെള്ളം വരുന്നതിലല്ല പോകാതിരുന്നാലാണ് ആശങ്ക. ഒഴുക്കില്ല. അല്ലെങ്കില്‍ മണ്ണ് തറഞ്ഞ് വെള്ളം താഴില്ല. രണ്ടും കൃഷിയെ പ്രതികൂലമായി ബാധിക്കും. ഒഴുകിപ്പോകാന്‍ വഴിയില്ലെങ്കില്‍ വെള്ളമെങ്ങനെ കൊണ്ടുവന്നു കൃഷി ചെയ്യും? അക്കാദമിക് കൃഷിക്ക് വിത്തിടുന്നിടത്ത് നനച്ചു കൊടുത്താല്‍ മതിയാകും. പക്ഷെ ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളത്തിലെ കൃഷിയാണ് പ്രകൃതിയോട് ഇണങ്ങിയത്. നനയ്ക്കുന്നതില്‍ കുറേ വെള്ളം താഴും. ബാക്കി ചാലുകളിലൂടെ ഒഴുകും. ജലമങ്ങനെ ഒഴുകിയും പരന്നും നില്‍ക്കുമ്പോള്‍ വരള്‍ച്ചയുണ്ടാകുന്നില്ല.

   ഇന്നു മഴ കഴിയുമ്പോള്‍ വെള്ളക്കെട്ടുകളാണ് ബാക്കി. ഒഴുകിപ്പോകാന്‍ വഴിയില്ല. ഏറെ താമസിയാതെ വരള്‍ച്ചയുണ്ടാകും. ഇതിനിടയിലൊക്കെ ഓണത്തിന്ന് എന്തു പ്രസക്തി?

   ഓണം ഇന്ന് ഇടത്തട്ടുകാരന്റെയും കച്ചവടക്കാരുടേയും ഓണമാണ്. അളന്നു വില്‍ക്കുന്ന തുണി എത്ര മീറ്ററുണ്ട് എന്നതില്‍ നിന്നും എത്ര പീസുകള്‍ വിറ്റു എന്നതിലേക്ക് 'തുണിയോണം' വളര്‍ന്നു. എന്നും വാങ്ങുന്ന ഭക്ഷണത്തിലെ എല്ലാ ഐറ്റവും, പിന്നെയൊരു പായസവും ചേര്‍ത്ത് വാങ്ങുന്നതായി ഓണസദ്യ. ഒന്നിച്ചു കൂടുന്നതിനേക്കാള്‍ ഒറ്റയ്ക്ക് ദൂരേക്കു പോകുന്നതായി ഓണക്കാലം. ഒരു ബ്രാന്‍ഡഡ് ഇവന്റില്‍ക്കഴിഞ്ഞ് എന്ത് പ്രാധാന്യമാണ് ഇന്നു ഓണത്തിനുള്ളത്?

   tourism onam

   രണ്ടു മഴക്കാല പ്രകൃതിദുരന്തങ്ങളുടെ അനുഭവം മലയാളിയുടെ മുന്നിലുണ്ട്. വേര്‍പെട്ടു പോകുന്നതല്ല ഒന്നിച്ചിരിക്കുന്നതും പ്രകൃതിയോട് ഇണങ്ങിപ്പോകേണ്ടതുമാണ് ആവശ്യമെന്നു ആവര്‍ത്തിച്ചു സൂചന കിട്ടിയിട്ടും നാമതിനു വില കൊടുക്കുന്നുണ്ടോ? മാവേലിപ്പാട്ടിലെ 'മാനുഷരെല്ലാരുമൊന്നുപോലെ' എന്നത് ഒറ്റയായി ഒന്നൊന്നായി മാറി നില്‍ക്കുന്നു എന്ന് ഇനിയെടുക്കാം.

   ഓണമാഘോഷിക്കുന്ന ഓരോ മലയാളിയും ആദ്യം ചെയ്യേണ്ടത് അവനവന്റെ വീടിനു ചുറ്റും വെള്ളമൊഴുകിപ്പോകാനുള്ള ഒരോ ഓടയെടുക്കുക എന്നതാണ്. രണ്ടാമത്, സ്ഥലമുണ്ടെങ്കില്‍ ചുമ്മാ ചെടികള്‍ക്ക് വളരാന്‍ കുറച്ച് തുറസായ സ്ഥലം വിട്ടുകൊടുക്കുക. അവിടെ പ്രകൃതി പൂക്കളെങ്കിലും മുളപ്പിക്കുമോ എന്നു നോക്കാം.

   ഇതൊന്നുമില്ലെങ്കില്‍ മലയാളിയുടെ മറ്റൊരു കാപട്യമായി ഓണാഘോഷവും തുടരാം.
   First published: