• HOME
 • »
 • NEWS
 • »
 • kerala
 • »
 • നിയമസഭാ സമ്മേളനം നാളെ; അജയ്യരായ നാല് എം.എല്‍.മാര്‍ എം.പിമാരായി വിടവാങ്ങും

നിയമസഭാ സമ്മേളനം നാളെ; അജയ്യരായ നാല് എം.എല്‍.മാര്‍ എം.പിമാരായി വിടവാങ്ങും

കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, എ.എം ആരിഫ്, ഹൈബി ഈഡന്‍ എന്നീ നാലു എം.എല്‍.എമാര്‍ നാളെ നിയുക്ത എം.പിമാരായാണ് സഭയിലെത്തുന്നതെന്ന അപൂര്‍വതയുമുണ്ട്.

news18

news18

 • News18
 • Last Updated :
 • Share this:
  തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ പതിനഞ്ചാം സമ്മേളനം നാളെ തുടങ്ങും. ബജറ്റ് പാസാക്കുകയെന്നതാണ് മുഖ്യ അജണ്ടയെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളാകും പ്രധാന ചര്‍ച്ച. കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, എ.എം ആരിഫ്, ഹൈബി ഈഡന്‍ എന്നീ നാലു എം.എല്‍.എമാര്‍ നാളെ നിയുക്ത എം.പിമാരായാണ് സഭയിലെത്തുന്നതെന്ന അപൂര്‍വതയുമുണ്ട്. സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ നാലും പേരും സഭയിലെത്തും. ചട്ടപ്രകാരം എം.എല്‍.എ സ്ഥാനം രാജിവയ്ക്കാന്‍ ഇവര്‍ക്ക് രണ്ടാഴ്ചത്തെ സമയമുണ്ട്.

  ആദ്യദിനത്തില്‍ അന്തരിച്ച മുന്‍ മന്ത്രിമാരായ കെ.എം മാണിക്കും കടവൂര്‍ ശിവദാസനും ചരമോപചാരം അര്‍പ്പിച്ച് സഭ പിരിയും. ജൂലൈ അഞ്ചു വരെയാണ് സഭ സമ്മേളിക്കുന്നത്.

  സ്വന്തം മണ്ഡലങ്ങളില്‍ വന്‍ജനസ്വാധീനമുള്ളവരാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചെത്തുന്ന ഈ നാല് എം.എല്‍.എമാരും. ഇതില്‍ കെ. മുരളീധരന്‍ ഒഴികെ മറ്റു മൂന്നു പേരും ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടുമില്ല.

  വട്ടിയൂര്‍ക്കാവില്‍ നിന്നാണ് തുടര്‍ച്ചയായ രണ്ടാം തവണയും കെ. മുരളീധരന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എം.എല്‍.എ ആയി തുടരവെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തില്‍ കെ. മുരളീധരനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ മുരളീധരന്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കും. 1991ലും 1999 ലും കോഴിക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയ മുരളി കെ.പി.സി.സി അധ്യക്ഷനായും മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

  തുടര്‍ച്ചായ നാലാം തവണയാണ് അടൂര്‍ പ്രകാശ് കോന്നി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. എം.എല്‍.എ ആയിരിക്കെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2011-ലെ യു.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുള്ള അടൂര്‍ പ്രകാശ് ലോക്സഭയിൽ കന്നി അംഗമാണ്.

  തുടര്‍ച്ചയായ മൂന്നാം തവണയാണ് എ.എം ആരിഫ് അരൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയത്.  ആരൂര്‍ ഉള്‍പ്പെടുന്ന ആലപ്പുഴ മണ്ഡലത്തില്‍ നിന്നാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ തെരഞ്ഞെടുപ്പില്‍ കെ.ആര്‍ ഗൗരയമ്മയെ പരാജയപ്പെടുത്തിയാണ് ആരിഫ് നിയമസഭയിലെത്തിയത്. ഇക്കുറി 19 ഇടതു സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടപ്പോഴും വിജയിച്ചത് ആരിഫ് മാത്രമായിരുന്നു.

  എറണാകുളം മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഹൈബി ഈഡന്‍ നിയമസഭാംഗമായത്. എം.എല്‍.എയായിരിക്കെ എറണകുളത്തു നിന്നാണ് ഹൈബി ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടത്.

  Also Read സിറ്റിംഗ് എംഎല്‍എമാരുടെ മത്സരം: ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ‌ ചരിത്രം തിരുത്താൻ‌ 2019

  ഭരണകക്ഷിയായ ഇടതുപക്ഷത്തെ ഞെട്ടിച്ച തെരഞ്ഞെടുപ്പ് ഫലത്തിന്റെ ചൂടാറും മുമ്പേയാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തില്‍ ധനാഭ്യര്‍ത്ഥനാ ചര്‍ച്ചകളേക്കാള്‍ രാഷ്ട്രീയം തന്നെയാവും സഭാ ചര്‍ച്ചകളെ കൊഴുപ്പിക്കുക. കേരള ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഭരണപക്ഷം. വമ്പന്‍ വിജയത്തിന്റെ ആഹ്‌ളാദത്തിലും ആത്മവിശ്വാസത്തിലും പ്രതിപക്ഷം.

  അതേസമയം കഴിഞ്ഞ മൂന്നു വര്‍ഷവും പ്രതിപക്ഷ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിച്ച ഭരണപക്ഷ നിര ഇക്കുറി പ്രതിരോധത്തിലാണ്. ഇതുവരെ ഏകശില പോലെ നീങ്ങിയ ഭരണമുന്നണിയില്‍ ശബരിമല വിഷയത്തില്‍ വ്യത്യസ്ത സ്വരം ഉയര്‍ന്നു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയെ കുറിച്ചും പരോക്ഷ വിമര്‍ശനം ഉണ്ടായി. തിരഞ്ഞെടുപ്പ് പരാജയത്തിന് പുറമേ കിഫ്ബിയും മാസാല ബോണ്ടും മുതല്‍ മുഖ്യമന്ത്രിയുടെ വിദേശയാത്ര വരെ ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം. പെരിയ ഇരട്ട കൊലപാതകം അടക്കമുളള വിഷയങ്ങള്‍ വേറെയും.

  Also Read മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; കൂട്ടപ്രാര്‍ഥനയും ദുഃഖാചരണവും പ്രഖ്യാപിച്ച് ജമാഅത്ത് കൗണ്‍സില്‍

  First published: