• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗവർണർക്ക് പ്രതിപക്ഷത്തിന്റെ 'ഗോ ബാക്ക്' വിളി; പ്രതിഷേധം; സഭ സാക്ഷ്യം വഹിച്ചത് അസാധാരണ സംഭവങ്ങൾക്ക്

ഗവർണർക്ക് പ്രതിപക്ഷത്തിന്റെ 'ഗോ ബാക്ക്' വിളി; പ്രതിഷേധം; സഭ സാക്ഷ്യം വഹിച്ചത് അസാധാരണ സംഭവങ്ങൾക്ക്

ആദ്യം അസാധാരണ നീക്കവുമായി എത്തിയത് പ്രതിപക്ഷം. അടുത്തത് ഗവർണറുടെ ഊഴം. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം വിയോജിപ്പുണ്ടെങ്കിലും പൗരത്വ നിയമഭേദഗതിക്കെതിരായ ഭാഗം വായിക്കുകയാണെന്ന് ഗവർണർ.

News18 Malayalam

News18 Malayalam

  • Share this:
തിരുവനന്തപുരം: ഇതുവരെ കണ്ടിട്ടില്ലാത്ത അസാധാരണ സംഭവങ്ങള്‍ക്ക് സാക്ഷിയായി കേരള നിയമസഭ. നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനായി എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ചേര്‍ന്ന് നിയമസഭയിലേക്ക് ആനയിച്ച ഗവര്‍ണറെ കവാടത്തിന് സമീപത്ത് വെച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞ് നിര്‍ത്തിയത്. 'ഗോ ബാക്ക്' വിളിച്ചും ഗവര്‍ണറെ തിരികെ വിളിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡും, ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകളുമായിട്ടാണ് എംഎല്‍എമാര്‍ പ്രതിഷേധിച്ചത്.

Also Read- പൗരത്വ നിയമഭേഗതി ഭരണഘടനാവിരുദ്ധമെന്ന് ഗവർണറെകൊണ്ട് വായിപ്പിച്ച് സർക്കാർ

അഞ്ച് മിനിറ്റോളം ഗവര്‍ണറെ തടഞ്ഞു നിര്‍ത്തി. പ്രതിഷേധക്കാരെ പിടിച്ചുമാറ്റുന്നതിനായി എത്തിയ വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അന്‍വര്‍ സാദത്ത് എംഎല്‍എ നിലത്ത് കിടന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് കൂടുതല്‍ വാച്ച് ആന്‍ഡ് വാര്‍ഡുകളെത്തി പ്രതിപക്ഷ അംഗങ്ങളെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. പിന്നീട് ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയപ്പോള്‍ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപോകുകയും പുറത്ത് പ്രതിഷേധം തുടരുകയും ചെയ്തു.

അടുത്ത അപ്രതീക്ഷിത നീക്കം ഗവർണറുടെ ഭാഗത്ത് നിന്നാണ്. പൗരത്വ ഭേദഗതി നിയമത്തെ വിമർശിക്കുന്ന പ്രസംഗത്തിലെ 18ാം ഖണ്ഡിക വായിക്കില്ലെന്നാണ് ഗവർണർ കഴിഞ്ഞ ദിവസം രാത്രിയും സർക്കാരിനെ അറിയിച്ചിരുന്നത്. എന്നാൽ സഭയിൽ താൻ വിവാദ ഭാഗങ്ങൾ വായിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രി അഭ്യർത്ഥിച്ചതിനാൽ പ്രസംഗത്തിലെ മുഴുവൻ ഭാഗവും വായിക്കുന്നുവെന്ന് ഗവർണർ ആരിഫ് ഖാൻ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം രാജ്യത്ത് വിഘടനവാദത്തിന് വഴിയൊരുക്കുമെന്ന് നയപ്രഖ്യാപനം പറയുന്നു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് എതിരായ പൗരത്വ ഭേദഗതി വിവേചനപരമെന്നും നയപ്രഖ്യാപനത്തിൽ ഗവർണ്ണർ പറഞ്ഞു. പ്രസംഗം പൂർണ്ണമായി വായിക്കാനുള്ള ഗവർണറുടെ തീരുമാനത്തെ ഭരണപക്ഷ എംഎൽഎമാർ ഡെസ്കിൽ അടിച്ച് സ്വാഗതം ചെയ്തു. നയപ്രഖ്യാപനത്തിനായി സഭയിലെത്തിയ ഗവർണറെ പ്രതിപക്ഷം വഴി തടഞ്ഞു. വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ച് പ്രതിപക്ഷാംഗങ്ങളെ ബലം പ്രയോഗിച്ചു നീക്കിയ ശേഷമാണു നയപ്രഖ്യാപനം ആരംഭിച്ചത്.

നയപ്രഖ്യാപനം ബഹിഷ്‌കരിച്ചു സഭാ കവാടം ഉപരോധിച്ച പ്രതിപക്ഷം സർക്കാരിനും ഗവർണർക്കും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ലാവലിൻ കേസിൽ നിന്ന് രക്ഷപ്പെടാൻ പിണറായി വിജയൻ ബിജെപിയുമായി ധാരണയുണ്ടാക്കിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഗവർണർ സഭയിൽ പരസ്യമായി വിയോജിച്ചത് സഭാ രേഖകളിൽ ഉൾപ്പെടുത്തണമോയെന്ന കാര്യം സ്പീക്കർ തീരുമാനിക്കും. കേരള ചരിത്രത്തിലെ അസാധാരണ രംഗങ്ങൾക്കാണ് ഇന്ന് സഭ സാക്ഷ്യം വഹിച്ചത്.നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് നടന്നത്....

ചൊവ്വ രാത്രി 7.00- നയപ്രഖ്യാപനത്തിൽ പൗരത്വ നിയയമത്തെ വിമർശിക്കുന്ന പതിനെട്ടാം പാരഗ്രാഫ് വായിക്കില്ലെന്ന ഗവർണറുടെ കത്ത് മുഖ്യമന്ത്രിക്ക്

ഇന്ന് രാവിലെ 7.30- അതീവ രഹസ്യമെന്ന് രേഖപ്പെടുത്തിയ മുഖ്യമന്ത്രിയുടെ മറുപടിയുമായി സർക്കാർ ദൂതൻ രാജ്ഭവനിൽ. നയപ്രഖ്യാപനം പൂർണ്ണമായി വായിക്കണമെന്ന് ആവശ്യം.

8.45- നയപ്രഖ്യാപനത്തിനായി ഗവർണർ നിയമസഭയിലേക്ക്

8.50- സഭാ കവാടത്തിൽ ഗാർഡ് ഓഫ് ഓണറോടെ ഗവർണർക്ക് സ്വീകരണം

8.52- ഗവർണറെ മുഖ്യമന്ത്രിയും സ്‌പീക്കറും ചേർന്ന് സ്വീകരിച്ചു

8.57- സഭയ്ക്കുള്ളിൽ പ്രതിപക്ഷം ഗവർണറെ തടഞ്ഞു

8.59- വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ച് പ്രതിപക്ഷാംഗങ്ങളെ നീക്കി

9.01- നയപ്രഖ്യാപനം തുടങ്ങി

9.10- ബഹിഷ്‌കരിച്ചിറങ്ങിയ പ്രതിപക്ഷം സഭാകവാടം ഉപരോധിച്ചു

9.28- വിവാദഭാഗങ്ങൾ തനിക്ക് യോജിപ്പില്ലെങ്കിലും വായിക്കുകയാണെന്ന് ഗവർണർ

9.35- സർക്കാരിനും ഗവർണർക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം
Published by:Rajesh V
First published: