നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Local Body Elections 2020 | ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ; അഞ്ച് ജില്ലകൾ പോളിങ് ബൂത്തിലേക്ക്

    Local Body Elections 2020 | ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ; അഞ്ച് ജില്ലകൾ പോളിങ് ബൂത്തിലേക്ക്

    ഡിസംബര്‍ 7 വൈകിട്ട് മൂന്നിന് ശേഷം കോവിഡ് സ്ഥിരീകരിച്ചവര്‍ക്കും ക്വാറന്‍റൈനിലുള്ളവര്‍ക്കും നേരിട്ടെത്തി വോട്ടു ചെയ്യാം

    News 18

    News 18

    • Share this:
      തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിന് ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് തുടക്കമാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്.

      അഞ്ചു ജില്ലകളിലെ 395 തദ്ദേശസ്ഥാപനങ്ങളില്‍ 6910 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 41,58,395 പുരുഷന്‍മാരും 46,68,267 സ്ത്രീകളും 61 ട്രാന്‍സ്‌ജെന്റേഴ്‌സും അടക്കം 88,26,873 വോട്ടര്‍മാരാണ് ഒന്നാം ഘട്ടത്തിലുള്ളത്. ഇതില്‍ 150 പ്രവാസി ഭാരതീയരും 42530 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 320 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

      ഡിസംബര്‍ 7 വൈകിട്ട് മൂന്നിന് ശേഷം കോവിഡ് സ്ഥിരീകരിച്ചവര്‍ക്കും ക്വാറന്‍റൈനിലുള്ളവര്‍ക്കും നേരിട്ടെത്തി വോട്ടു ചെയ്യാം. ഇത്തരത്തിലുള്ള വോട്ടര്‍മാര്‍ ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ ഫോറം 19 സി യില്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണം. ഇവര്‍ വൈകിട്ട് ആറിന് മുമ്പ് പോളിംഗ് സ്‌റ്റേഷനില്‍ എത്തണം. എന്നാല്‍ ആറിന് ക്യൂവിലുള്ള മുഴുവന്‍ സാധാരണ വോട്ടര്‍മാരും വോട്ടുചെയ്തതിനുശേഷം മാത്രമേ ഇവരെ വോട്ടു ചെയ്യാന്‍ അനുവദിക്കൂ. സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ പോളിംഗ് സ്‌റ്റേഷനില്‍ കയറുന്നതിന് മുമ്പ് പോളിംഗ് ഉദ്യോഗസ്ഥരും ഏജന്റ്മാരും നിര്‍ബന്ധമായും പിപിഇ കിറ്റ് ധരിച്ചിരിക്കണം. തിരിച്ചറിയലിനും മഷി പുരട്ടുന്നതിനും സാധാരണ വോട്ടര്‍മാര്‍ക്കുള്ള എല്ലാ നടപടി ക്രമങ്ങളും സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് ബാധകമാണ്.

      എന്നാല്‍ കയ്യുറ ധരിക്കാതെ വോട്ടിംഗ് മെഷീനില്‍ സ്പര്‍ശിക്കാന്‍ പാടില്ല. പ്രത്യേകം പേന ഉപയോഗിച്ച് വേണം വോട്ടര്‍ രജിസ്റ്ററില്‍ ഒപ്പ് രേഖപ്പെടുത്തേണ്ടത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ ആരോഗ്യവകുപ്പ് പോളിംഗ് സ്‌റ്റേഷനില്‍ എത്തിക്കും. സര്‍ക്കാര്‍ നിയന്ത്രിതമല്ലാത്ത സ്ഥാപനങ്ങളിലോ വീടുകളിലോ കഴിയുന്ന സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ സ്വന്തം ചെലവില്‍ പിപിഇ കിറ്റ് ധരിച്ച് എത്തണം. പോളിംഗ് സ്‌റ്റേഷനിലേക്ക് വരുന്നതിനിടയില്‍ പുറത്തിറങ്ങാന്‍ പാടില്ല. ഇവരെ കൊണ്ട് വരുന്ന ഡ്രൈവര്‍മാരും പിപിഇ കിറ്റ് ധരിച്ചിരിക്കണം. കോവിഡ് മാനദണ്ഡം പാലിക്കുന്നതിനായി വോട്ടര്‍മാര്‍ ബൂത്തിന് പുറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം. ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും പോളിംഗ് അസിസ്റ്റന്റുമാരാണ് സാനിറ്റൈസ് ചെയ്യുക. പോളിംഗ് ഉദ്യോഗസ്ഥര്‍ ഫെയ്‌സ് ഷീല്‍ഡ്, മാസ്‌ക്, കയ്യുറ എന്നിവ ധരിക്കും.

      ബൂത്തിന് മുന്‍പില്‍ വോട്ടര്‍മാര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് ക്യൂ നില്‍ക്കുന്നതിന് നിശ്ചിത അകലത്തില്‍ പ്രത്യേകം മാര്‍ക്ക് ചെയ്തിട്ടുണ്ടാകും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ക്യൂ ഉണ്ടാകും. ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാം.ബൂത്തിനകത്ത് ഓരേ സമയം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രമാണ്പ്രവേശനം. ബൂത്തില്‍ പ്രവേശിക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖ കാണിച്ച് ബോധ്യപ്പെടുത്തണം.വോട്ടര്‍മാര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. തിരിച്ചറിയല്‍ വേളയില്‍ മാത്രം ആവശ്യമെങ്കില്‍ മാസ്‌ക് മാറ്റണം. രജിസ്റ്ററില്‍ ഒപ്പും വിരലടയാളവും പതിക്കണം.
      Published by:Anuraj GR
      First published:
      )}