എംഎൽഎ ക്വാട്ടേഴിസ് പുനഃരുദ്ധരിക്കുന്നു. 15 എംഎഎൽ മാരുടെ കിടപ്പിടം മാറി. പഴക്കം ചെന്ന പമ്പ ബ്ലോക്ക് പൊളിച്ചു പണിയുന്നതിന്റെ ഭാഗമായാണു മാറ്റം. നിർമാണത്തിനു വർഷങ്ങളെടുക്കുമെന്നതിനാൽ ഈ നിയമസഭാ കാലത്തു നിളയിലെ ഒറ്റമുറി സൗകര്യത്തിൽ ഇവർ കഴിഞ്ഞുകൂടേണ്ടിവരും.
തിരുവനന്തപുരത്തെ ഓഫിസും കിടപ്പുമുറിയും സ്റ്റാഫ് മുറിയും എല്ലാമായി ഈ ഒറ്റമുറി മാറും. സിപിഎമ്മിലെ എം.എസ്.അരുൺകുമാർ, പി.വി.ശ്രീനിജൻ, എ.രാജ, പി.പി.സുമോദ്, ജി.സ്റ്റീഫൻ, ഡോ.സുജിത് വിജയൻപിള്ള,
സിപിഐയിലെ സി.സി.മുകുന്ദൻ, കോൺഗ്രസിലെ സജീവ് ജോസഫ്, ടി.സിദ്ദീഖ്, സി.ആർ.മഹേഷ്, സനീഷ് കുമാർ ജോസഫ്, ലീഗിലെ യു.എ.ലത്തീഫ്, കുറുക്കോളി മൊയ്തീൻ, നജീബ് കാന്തപുരം, എം.കെ.എം.അഷ്റഫ്,
എൻസിപിയിലെ തോമസ് കെ.തോമസ് എന്നിവരാണൊഴിഞ്ഞത്.
തോമസ് കെ.തോമസ് ഓഫിസിനായി മാത്രമാണു ക്വാർട്ടേഴ്സ് ഉപയോഗിച്ചിരുന്നത്. താമസം പുറത്തു ഹോട്ടലിലാണ്. പുതിയതായി എത്തിയ ഉമ തോമസിനും നിളയുടെ മുകൾ നിലയിലെ ഒറ്റമുറിയാണ്.
പമ്പയിലെ താമസക്കാരെ കിള്ളിപ്പാലത്തെ സ്വകാര്യ ഫ്ലാറ്റിലേക്കു മാറ്റാൻ കഴിഞ്ഞ മാർച്ചിലാണു തീരുമാനിച്ചത്. ഫ്ലാറ്റിൽ മുറി അനുവദിച്ചെന്നും പമ്പ ഒഴിയണമെന്നും സ്പീക്കറുടെ ഓഫിസ് അറിയിക്കുകയും ചെയ്തു.
ഫ്ലാറ്റിനു വാടകയായി വർഷം ആകെ 48 ലക്ഷം രൂപയാണു നിയമസഭാ സെക്രട്ടേറിയറ്റ് നൽകേണ്ടിയിരുന്നത്. സ്വകാര്യ ഫ്ലാറ്റിൽ കഴിയുന്നതിന്റെ അനൗചിത്യവും, സുരക്ഷാ പ്രശ്നവും, സർക്കാരിനുണ്ടാകുന്ന അധിക ചെലവും ചൂണ്ടിക്കാട്ടി
എംഎൽഎമാരെല്ലാം എതിർത്തു. ഹോസ്റ്റൽ മാറ്റവും പൊളിക്കലും അനിശ്ചിതത്വത്തിലായി.
ഒത്തുതീർപ്പെന്ന നിലയിലാണു നിളയിലേക്കു മാറാമെന്ന് എംഎൽഎമാർ സമ്മതിച്ചത്. പമ്പ പഴയ ബ്ലോക്കായതിനാൽ ഇവിടെ ക്വാർട്ടേഴ്സുള്ള എല്ലാവർക്കും നിള ബ്ലോക്കിൽ ഒരു മുറി വീതം നേരത്തേ അനുവദിച്ചിരുന്നു.
പമ്പയ്ക്കു പകരം 60 ഫ്ലാറ്റുകളുള്ള പുതിയ ബ്ലോക്കാണു നിർമിക്കുക. രൂപകൽപനയും എസ്റ്റിമേറ്റും അന്തിമമായിട്ടില്ല. പൊളിക്കാൻ ടെൻഡർ വിളിച്ചിട്ടുണ്ട്. പണ്ടത്തെ ‘ന്യൂ ബ്ലോക്ക്’ആണ് പിന്നീട് ‘പമ്പ’ ആയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala assembly, Kerala mla, Renovation