• HOME
 • »
 • NEWS
 • »
 • kerala
 • »
 • World Economic Forum Davos 2022 | കേരളം പങ്കെടുത്തില്ല; ദാവോസില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങള്‍ കോടികളുടെ നിക്ഷേപം നേടി

World Economic Forum Davos 2022 | കേരളം പങ്കെടുത്തില്ല; ദാവോസില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങള്‍ കോടികളുടെ നിക്ഷേപം നേടി

കേരളം ഏറെ പ്രതീക്ഷവെച്ചുപുലർത്തുന്നു എന്ന് കരുതുന്ന ലൈഫ് സയൻസ്-ഫാർമസ്യൂട്ടിക്കൽസ് രംഗത്താണ് തെലങ്കാന നിക്ഷേപം ആകർഷിച്ചത്.

 • Share this:
  സ്വകാര്യ-സര്‍ക്കാര്‍ പങ്കാളിത്തത്തിന് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സ്വിറ്റ്സര്‍ലാന്‍ഡിലെ(Switzerland) ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ (World Economic Forum Davos 2022) കര്‍ണാടക, ആന്ധ്രാ, തെലങ്കാന, മഹാരാഷ്ട്ര (Karnataka, Andhra Pradesh, Telangana, Maharashtra) സംസ്ഥാനങ്ങള്‍ കോടികളുടെ നിക്ഷേപം നേടിയെടുത്തു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് (Thrikkakara By-Election) ചൂടിൽ സംസ്ഥാനം തിളച്ച മേയ് 23 മുതൽ 26 വരെ നടന്ന ഫോറത്തിൽ കേരളം പങ്കെടുത്തില്ല.

  കർണാടകം 60,000 കോടിയുടെ നിക്ഷേപത്തിന് കരാർ ഒപ്പുവെച്ചപ്പോൾ തെലങ്കാന 4200 കോടിയുടെയും മഹാരാഷ്ട്ര 30,000 കോടിയുടെയും ആന്ധ്രാപ്രദേശ് 1600 കോടി രൂപയുടെയും നിക്ഷേപങ്ങൾ സ്വന്തമാക്കി. കേരളം ഏറെ പ്രതീക്ഷവെച്ചുപുലർത്തുന്നു എന്ന് കരുതുന്ന ലൈഫ് സയൻസ്-ഫാർമസ്യൂട്ടിക്കൽസ് രംഗത്താണ് തെലങ്കാന നിക്ഷേപം ആകർഷിച്ചത്.

  കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി എന്നിവർ ദാവോസിൽ നേരിട്ടു പങ്കെടുത്താണ് സംസ്ഥാനത്തിനുവേണ്ടി വാദിച്ചത്. തമിഴ്‌നാട്, മധ്യപ്രദേശ് സംസ്ഥാനങ്ങളും World Economic Forum Davos 2022 ൽ ഇന്ത്യയെ പ്രതിനിധികരിച്ച് പങ്കെടുത്തു.

  മഹാരാഷ്ട്രയുടെ പ്രതിനിധിയായി Tourism  മന്ത്രിയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യതാക്കറെയും തമിഴ്‌നാട് സംഘത്തെ വ്യവസായമന്ത്രി തങ്കം തെന്നരശുമാണ് നയിച്ചത്. തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവുവും പരിപാടിയില്‍ പങ്കെടുത്തു.

  Also Read- മുന്‍ എംപിമാർ മറ്റ് പദവികളിലിരുന്ന് പെന്‍ഷന്‍ വാങ്ങുന്നതിന് വിലക്ക്

  കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, മൻസുഖ് മാണ്ഡവ്യ, ഹർദീപ് സിങ് പുരി എന്നിവരും വ്യവസായരംഗത്തെ നൂറോളം സ്ഥാപനമേധാവികളും പങ്കെടുത്തു.

  കോവിഡ് മഹാമാരി മൂലം രണ്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് World Economic Forum സംഘടിപ്പിച്ചത്. മേയ് 23 മുതൽ 26 വരെയായിരുന്നു സമ്മേളനം. ചൈന, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങൾ വിട്ടുനിന്ന സമ്മേളനത്തിൽ ഇന്ത്യയ്ക്ക് നിർണായക ശ്രദ്ധനേടാൻ സാധിച്ചതായി സാമ്പത്തികവിദഗ്‌ധർ അഭിപ്രായപ്പെട്ടു.

  ഹിറ്റാച്ചി, ആർസലർ മിത്തൽ, സീെമൻസ്, ഡസോ സിസ്റ്റംസ്, നെസ്‌ലേ ജൂബിലിയന്റ്‌ ഗ്രൂപ്പ് തുടങ്ങിയ വ്യവസായ കമ്പനികളാണ് കർണാടക സർക്കാരുമായി കരാര്‍ ഒപ്പിട്ടത്.  സർക്കാരിന്റെ അഭിമാനപദ്ധതിയായി തെലങ്കാന ഉയര്‍ത്തി കാട്ടുന്ന ഹൈദരാബാദ് ഫാർമ സിറ്റിയിലേക്ക് ഒട്ടേറെ പ്രമുഖസ്ഥാപനങ്ങൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

  ഹൈടെക്‌ മേഖലയിൽ നിക്ഷേപത്തിനാണ് തമിഴ്‌നാട് ശ്രദ്ധകേന്ദ്രീകരിച്ചത്. സ്‌നൈഡർ ഇലക്‌ട്രിക, ഫ്ലക്‌സ് തുടങ്ങിയ സ്ഥാപനമേധാവികളുമായി പ്രത്യേക പാനൽ ചർച്ചകൾ തമിഴ്നാട് നടത്തിയിരുന്നു. 23 ധാരണാപത്രങ്ങളാണ് മഹാരാഷ്ട്ര ഒപ്പുവെച്ചത്. യു.എസ്.,സിങ്കപ്പൂർ, ജപ്പാൻ, ഇൻഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിദേശനിക്ഷേപങ്ങളാണ് ഇതില്‍ ഭൂരിഭാഗവും. അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് പല സംസ്ഥാനങ്ങളുമായി കരാറിലേർപ്പെട്ടിട്ടുണ്ട്.

  2006-ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേരളം ദാവോസ് സമ്മേളനത്തില്‍ മുന്‍പ് പങ്കെടുത്തിട്ടുള്ളത്, ഇന്ത്യയിലെ ഒരു സംസ്ഥാനത്തുനിന്ന് പങ്കെടുക്കുന്ന ആദ്യത്തെ പ്രതിനിധിസംഘമായിരുന്നു അത്. സ്വകാര്യ-സർക്കാർ പങ്കാളിത്തത്തിന് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം എല്ലാ വർഷവും നടത്തുന്നത്. പങ്കെടുക്കാൻ താത്പര്യമുള്ള സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെ സമീപിച്ച് രാജ്യത്തെ പ്രതിനിധാനംചെയ്താണ് പങ്കെടുക്കേണ്ടത്. ലോകത്തെ 300-ഓളം പ്രമുഖസ്ഥാപനമേധാവികൾ ഇത്തവണ പങ്കെടുത്തിരുന്നു.
  Published by:Arun krishna
  First published: