തിരുവനന്തപുരം: വൻകിട ടൂറിസ്റ്റ് ബസുകൾക്ക് പെർമിറ്റ് ഇല്ലാതെ എവിടെയും സർവീസ് നടത്താൻ അനുവദിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനം നടപ്പാക്കില്ലെന്ന് കേരളം. സംസ്ഥാനത്ത് നിയമം അടിച്ചേൽപിക്കാൻ നോക്കേണ്ടെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പ്രതികരിച്ചു. ഈ വിഷയത്തിൽ തുടർ നടപടി തീരുമാനിക്കാൻ വെള്ളിയാഴ്ച ഗതാഗത വകുപ്പ് ഉന്നതതലയോഗം ചേരും. സംസ്ഥാനത്തെ മോട്ടോർ വാഹന മേഖലയെ തകർക്കുന്നതാണ് തീരുമാനമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
വൻകിട ടൂറിസ്റ്റ് ബസുകൾക്ക് അഗ്രഗേറ്റർ ലൈസൻസ് എടുത്താൽ ചെർമിറ്റ് ഇല്ലാതെ എവിടെയും ഇനി മുതൽ സർവീസ് നടത്താമെന്നതാണ് കേന്ദ്ര നിർദേശം. ഓൺലൈൻ ടാക്സികളെ നിയന്ത്രിക്കാനുള്ള മാർഗനിർദേശം ഇറക്കിയതിനൊപ്പമാണ് കേന്ദ്രത്തിന്റെ പുതിയ നിർദേശം. മറ്റു സംസ്ഥാനങ്ങൾ ഈ സംവിധാനം നടപ്പാക്കിയാൽ അതു കേരളത്തെ ബാധിക്കുമോയെന്നും സർക്കാർ വിലയിരുത്തുന്നുണ്ട്. സംസ്ഥാനത്ത് ഇത് നടപ്പാക്കിയാൽ കെഎസ്ആർടിസിയും പെർമിറ്റോടെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളും പ്രതിസന്ധിയിലാകും. ടൂറിസ്റ്റ് ബസുകൾ തോന്നിയ നിരക്ക് ഈടാക്കുന്നതിനാൽ യാത്രാ ചെലവ് കൂടും. അംഗ പരിമിതിയുള്ളവർക്ക് ഉൾപ്പടെ ഇപ്പോഴുള്ള യാത്രാ സൗജന്യങ്ങൾ ഇല്ലാതാകുമെന്നും ആശങ്കയുണ്ട്.
എന്നാൽ കേന്ദ്രത്തിന്റേത് മാർഗനിർദേശം മാത്രമാണന്നും നടപ്പാക്കണമെന്ന് നിർബന്ധമില്ലെന്നും അഭിപ്രായമുണ്ട്. എന്നാൽ കേന്ദ്ര നിർദേശം ചൂണ്ടിക്കാട്ടി ഏതെങ്കിലും വൻകിട കമ്പനികൾ കേരളത്തിൽ സർവീസ് നടത്താൻ വന്നാൽ അവരെ തടയാനും കഴിയില്ല. ഈ സാഹചര്യങ്ങളെല്ലാം വിശദമായി ചർച്ച ചെയ്യനാണ് ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരിക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ഓരോ പോയിന്റിൽ നിന്നും യാത്രക്കാരെ കയറ്റി കൊണ്ടുപോകാൻ സ്റ്റേജ് ക്യാരേജ് പെർമിറ്റും ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഒരു കുട്ടം യാത്രക്കാരെ കൊണ്ടു പോകാൻ കോൺട്രാക്ട് കാര്യേജ് പെർമിറ്റും നിർബന്ധമാണ്. എന്നാൽ പുതിയ നിർദേശം അനുസരിച്ച് ടൂറിസ്റ്റ് ബസുകൾക്ക് ഇതൊന്നും ബാധകമല്ല.
അതേസമയം, കേന്ദ്ര തീരുമാനം സ്വാഗതം ചെയ്യുന്നതായി ബസ് ആൻഡ് കാർ ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യ - ദക്ഷിണേന്ത്യ ചെയർമാൻ മനോജ് പടിക്കൽ പറഞ്ഞു. ചെറിയ ഓപ്പറേറ്റർമാരുടെ ആശങ്കകൾ കൂടി പരിഗണിച്ചുവേണം തീരുമാനമെടുക്കാനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.