കലോത്സവ ഭക്ഷണ വിവാദത്തില്‍ പഴയിടം മോഹനന് നമ്പൂതിരിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കലോത്സവത്തിന്റെ ഭക്ഷണക്രമം മാറ്റുന്നതില്‍ പഴയിടത്തെ എന്തിനാണ് അപമാനിക്കുന്നത്. പേരിന്റെ അറ്റത്ത് നമ്പൂതിരി എന്നുള്ളതുകൊണ്ടുള്ള വിമര്‍ശനം നല്ലതല്ലെന്നും വി.ഡി സതീശന് പറഞ്ഞു. വിവാദങ്ങള്‍ ഉണ്ടാക്കുന്നവരുടെ ലക്ഷ്യം വിഭാഗീയതും വര്‍ഗീയതയും വളര്‍ത്തുക എന്നതാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
ഭൂരിപക്ഷ വര്‍ഗീയതയോ ന്യൂനപക്ഷ വര്‍ഗീയതയോ അംഗീകരിക്കാനാവില്ല. ഇതൊന്നും നല്ല ട്രെന്‍ഡല്ല, ഇത് കേരളത്തിന് യോജിച്ചതല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോണ്‍ഗ്രസിന് പുറമെ മുസ്ലീം ലീഗും പഴയിടത്തിന് പിന്തുണയുമായി രംഗത്തെത്തി. കലോത്സവത്തിന് മാംസാഹാരം വേണ്ടെന്ന് ലീഗ് നേതാവ് കെപിഎ മജീദ് ഫേസ്ബുക്കില്‍ കുറിച്ചു.
വെജിറ്റേറിയൻ വിഭവങ്ങൾ എല്ലാവർക്കും കഴിക്കാവുന്നതാണ്. അതേസമയം നോൺ വെജിറ്റേറിയൻ താൽപര്യമില്ലാത്തവർ ഉണ്ടാകും. ഇക്കാര്യം കണക്കിലെടുത്താണ് കലോത്സവത്തിന് കാലങ്ങളായി ഒരു ഊട്ടുപുര മാത്രമുള്ളത്. ഈ ഊട്ടുപുരയെ രണ്ടായി തിരിക്കേണ്ട ഒരു സാഹചര്യവും ഇപ്പോൾ ഇല്ല. ഇത് അപ്രായോഗികവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പഴയിടം വെജിറ്റേറിയന്‍ ഭക്ഷണം ഉണ്ടാക്കുന്നതില്‍ പേര് കേട്ടയാളാണ് പത്ത് ദിവസം വെജ് കഴിച്ചാൽ ഒന്നും സംഭവിക്കില്ലെന്ന് കെ.എം ഷാജി പറഞ്ഞു. ഈ ചർച്ച തുടങ്ങിയത് അശോകൻ ചരുവിൽ എന്ന സിപിഐഎം സാംസ്കാരിക നേതാവാണ്. കലോത്സവത്തിലെ യഥാർത്ഥ വിഷയങ്ങളെ ഇല്ലായ്മ ചെയ്യാൻ ഇത്തരം ചർച്ച കാരണമാകും. നിരോധിച്ച സംഘടനയിലെ സൈലന്റ് പ്രൊഫൈലുകൾ ആണ് ഈ വിഷയം വെറുതെ പെരുപ്പിക്കുന്നതതെന്നും ഷാജി പറഞ്ഞു.
അതിനിടെ വിവാദത്തിന് തുടക്കമിട്ടത് താനല്ലെന്ന് അശോകന് ചെരുവില്‍ വിശദീകരിച്ചു. തന്റെ വാക്കുകളെ ചിലര്‍ ദുരുദ്ദേശ്യത്തോടെ വളച്ചൊടിച്ചതാണെന്നും ജാതിവ്യവസ്ഥ വിധിച്ച തൊഴിലുകളില്‍ നിന്ന് മനുഷ്യന് പുറത്ത് കടക്കുന്നതിനെ അഭിനന്ദിക്കാനാണ് ഫേസ്ബുക്കിലൂടെ താന്‍ ശ്രമിച്ചതെന്നും അശോകന് ചെരുവില്‍ വിശദീകരിച്ചു.
എന്നാല്‍ വിവാദത്തില്‍ പിന്തുണയേറമ്പോഴും കലോത്സവങ്ങള്‍ക്ക് ഭക്ഷണം തയാറാക്കാന്‍ ഇനി ഉണ്ടാവില്ലെന്ന തീരുമാനത്തില്‍ പഴയിടം മോഹനന് നമ്പൂതിരി ഉറച്ചുനില്‍ക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.