നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala @64 | മലയാളിപ്പെരുമയ്ക്ക് 64 വയസ്; ഇന്ന് കേരള പിറവി

  Kerala @64 | മലയാളിപ്പെരുമയ്ക്ക് 64 വയസ്; ഇന്ന് കേരള പിറവി

  ആറര പതിറ്റാണ്ടോളം നീണ്ട കാലത്തിനിടയിൽ രാജ്യത്ത്  മാതൃകയായി കേരളം മാറി. വിദ്യാഭ്യാസം, ആരോഗ്യം, പൊതുഭരണം തുടങ്ങിയ മേഖലകളിലൊക്കെ ലോകത്തിന് തന്നെ കേരളം മാതൃകയായി

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ കൂട്ടിച്ചേർത്ത് ഒരു സംസ്ഥാനം, അങ്ങനെയാണ് കേരളത്തിന്‍റെ പിറവി. 1956 നവംബർ ഒന്നിനാണ് കേരള സംസ്ഥാന രൂപീകരണം നടന്നത്. രാജ്യത്തിന് സ്വാതന്ത്യം ലഭിച്ച് ഒമ്പത് വർഷത്തിനുശേഷമാണ് ഭാഷാടിസ്ഥാനത്തിൽ കേരളം രൂപീകരിച്ചത്. തിരുവിാതംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി വിഭജിച്ചുകിടന്ന പ്രദേശങ്ങളെ ഒരുമിപ്പിച്ചാണ് കേരളം സംസ്ഥാനം രൂപീകരിച്ചത്.

   ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന ആവശ്യം സ്വാതന്ത്യാനന്തര ഇന്ത്യയിൽ ശക്തമായിരുന്നു. ഇതിന്‍റെ പേരിൽ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ നിരവധി പോരാട്ടങ്ങളും നടന്നു. ഇതിന്‍റെ ഫലമാണ് കേരള സംസ്ഥാന രൂപീകരണം യാഥാർഥ്യമായത്. 1953ൽ ഫസൽ അലി അധ്യക്ഷനായും സർദാർ കെ.എം പണിക്കർ അംഗമായുള്ള സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ രൂപീകരിച്ചു. കമ്മീഷൻ റിപ്പോർട്ട് 1955ൽ കേന്ദ്ര സർക്കാരിന് നൽകി. ഈ റിപ്പോർട്ടിൽ കേരള സംസ്ഥാനം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച രൂപരേഖ ഉണ്ടായിരുന്നു. സംസ്ഥാന പുന:സംഘടനാ റിപ്പോർട്ട്‌ പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ്‌ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്‌.

   കേരളം രൂപീകരിക്കുമ്പോൾ രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുതായിരുന്നു ഈ മലയാളനാട്. തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കൽക്കുളം, വിളവങ്കോട്‌ എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേർപെടുത്തി മദ്രാസ് സംസ്ഥാനത്തോടു ചേർത്തു. ശേഷിച്ച തിരുവിതാം കൂർ - കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കാനറാ ജില്ലയിലെ കാസർകോടു താലൂക്കും ചേർക്കപ്പെട്ടു. ഫലത്തിൽ കന്യാകുമാരി ജില്ല കേരളത്തിനു നഷ്‌ടപ്പെടുകയും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോടു ചേർക്കപ്പെടുകയും ചെയ്‌തു. സംസ്ഥാന രൂപീകരണഘട്ടത്തിൽ അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്.

   നവംബർ ഒന്നിനു ചിത്തിരതിരുനാൾ മഹാരാജാവ്‌ തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്‌ണറാവു ആദ്യ ഗവർണറായി തിരുവിതാംകൂർ- കൊച്ചിയിൽ പ്രസിഡന്റ്‌ഭരണം നിലവിലിരിക്കുമ്പോഴാണ്‌ സംസ്ഥാന പുന:സംഘടന നടന്നത്‌. സംസ്ഥാനത്തെ ആദ്യ ചീഫ്‌ ജസ്റ്റിസ്‌ കെ.ടി കോശിയായിരുന്നു ആദ്യ ചീഫ്‌ സെക്രട്ടറി എൻ.ഇ.എസ്‌. രാഘവാചാരി. ആദ്യ പോലീസ്‌ ഐ ജി എൻ. ചന്ദ്രശേഖരൻനായർ. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്‌ 1957 ഫെബ്രുവരി 28-നു നടന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രിയായുള്ള സർക്കാർ അധികാരത്തിൽ വന്നു.

   തുടക്കത്തിൽ അഞ്ചു ജില്ലകളാണ് ഉണ്ടായിരുന്നതെങ്കിൽ പിന്നീട് അത് 14 ആയി. നിലവിൽ 20 ലോക്സഭാ മണ്ഡലങ്ങളും 140 നിയോജകമണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് കേരളം. നഗരവത്കരണത്തിലും കേരളം വലിയ മുന്നേറ്റം നടത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, തൃശൂർ, കണ്ണൂർ എന്നിങ്ങനെ ആറു കോർപറേഷനുകളാണ് കേരളത്തിലുള്ളത്.

   ആറര പതിറ്റാണ്ടോളം നീണ്ട കാലത്തിനിടയിൽ രാജ്യത്ത്  മാതൃകയായി കേരളം മാറി. വിദ്യാഭ്യാസം, ആരോഗ്യം, പൊതുഭരണം തുടങ്ങിയ മേഖലകളിലൊക്കെ ലോകത്തിന് തന്നെ കേരളം മാതൃകയായി. സാമൂഹ്യ പുരോഗതിയിലും കലാ-കായിക-സാംസ്കാരിക മേഖലകളിലും കേരളം മുൻനിരയിൽ നിൽക്കുന്നു. ഹരിതാഭമാർന്ന കേരളത്തിന്‍റെ പ്രകൃതിഭംഗി ലോകത്തെ ഇവിടേക്കു ആകർഷിച്ചുകൊണ്ടു ടൂറിസം മേഖലയിലും കേരളം ഒന്നാമതാണ്.
   Published by:Anuraj GR
   First published: