HOME » NEWS » Kerala » KERALA POLICE FACEBOOK POST ABOUT POLICE WRITER VINCENT

അവധിക്ക് ശേഷം തിരികെ പോകാൻ മടിച്ചുനിന്ന യുവ സൈനികന്റെ മനസുമാറ്റിയ റൈറ്റർ; കുറിപ്പുമായി കേരള പൊലീസ്

തൃശൂർ കുന്ദംകുളം പൊലീസ് സ്റ്റേഷനിലെ റൈറ്റർ വിൻസെന്റാണ് ഈ കുറിപ്പിലെ ഹീറോ

News18 Malayalam | news18-malayalam
Updated: June 17, 2021, 3:32 PM IST
അവധിക്ക് ശേഷം തിരികെ പോകാൻ മടിച്ചുനിന്ന യുവ സൈനികന്റെ മനസുമാറ്റിയ റൈറ്റർ; കുറിപ്പുമായി കേരള പൊലീസ്
News18 Malayalam
  • Share this:
തൃശൂര്‍: രാജ്യത്തെ സേവിക്കുന്ന സൈനികനാവുക എന്നത് എത്രയോ യുവാക്കളുടെ സ്വപ്നമാണ്. തൊഴില്‍ എന്നതിലുപരി പിറന്ന രാജ്യത്തോടുള്ള സ്‌നേഹവും ആദരവുമൊക്കെയാണ് പ്രഥമ പരിഗണന. എന്നാൽ സൈനിക ക്യാമ്പുകളിലെ കഠിനമായ പരിശീലനവും മാനസിക സമ്മർദവും എല്ലാവർക്കും താങ്ങാനാവണമെന്നുമില്ല. ഇത്തരത്തിൽ സൈന്യത്തില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ ശേഷം തിരികെ പോകാൻ തയാറാകാത്ത ഒരു യുവ സൈനികനെ കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്. ഈ യുവാവിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി സൈന്യത്തിലേക്ക് തിരിച്ചയച്ച ഒരു പൊലീസുകാരനെ കുറിച്ചാണ് ഈ കുറിപ്പ്. തൃശൂർ കുന്ദംകുളം പൊലീസ് സ്റ്റേഷനിലെ റൈറ്റർ വിൻസെന്റാണ് ഈ കുറിപ്പിലെ ഹീറോ.

കുറിപ്പ് ഇങ്ങനെ

ഇക്കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് ഓഫീസിൽ തപാൽ മാർഗം ഒരു കത്ത് അയച്ചു കിട്ടിയിരുന്നു. ഉള്ളടക്കം പരിശോധിച്ചപ്പോൾ അത് കരസേനയുടെ ഒരു ഓഫീസിൽ നിന്നുമുള്ളതാണെന്ന് മനസ്സിലായി. ആ കത്തിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ ഇതാണ്.
കരസേനയുടെ ആർട്ടിലറി വിഭാഗത്തിൽ ജോലിചെയ്യുന്ന കുന്ദംകുളം സ്വദേശിയായ സൈനികൻ 2021 മാർച്ച് മാസത്തിൽ അവധിയിൽ പോയതിനുശേഷം തിരിച്ച് ജോലിയിൽ പ്രവേശിച്ചിട്ടില്ല. സൈനികനെ കണ്ടെത്തി, റിപ്പോർട്ട് നൽകണം. ഇതായിരുന്നു ആ കത്തിലെ പരാമർശങ്ങൾ. ജില്ലാ പൊലീസ് ഓഫീസിൽ നിന്നും ഈ കത്ത് കുന്ദംകുളം പൊലീസ് ഇൻസ്പെക്ടർക്ക് കൈമാറി. കുന്ദംകുളം പോലീസ് സ്റ്റേഷനിൽ നിന്നും നടത്തിയ അന്വേഷണത്തിൽ, കുന്ദംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ 20 വയസ്സുകാരൻ സൈനികനെ കണ്ടെത്തുകയുണ്ടായി.

എന്നാൽ പൊലീസ് അന്വേഷിച്ചു ചെന്നപ്പോൾ കണ്ട സൈനികന്റെ മാനസികാവസ്ഥ അത്രകണ്ട് സുഖകരമായിരുന്നില്ല. കരസേനയിലെ ഡ്യൂട്ടി ഭാരവും, അച്ചടക്ക ശിക്ഷാ നടപടികളും, മേലുദ്യോഗസ്ഥരിൽ നിന്നുള്ള കർശന നിയന്ത്രണങ്ങളും അയാളുടെ മാനസിക നിലയിൽ മാറ്റം വരുത്തിയിരുന്നു. “ഇനി കരസേനയിലേക്ക് തിരിച്ചു പോകുന്നില്ല”. അന്വേഷിച്ചു ചെന്ന പൊലീസുദ്യോഗസ്ഥരോട് അയാൾ തീർത്തു പറഞ്ഞു. സംസാരത്തിനിടയിൽ പൊലീസുദ്യോഗസ്ഥർ അയാളെ നല്ലപോലെ മനസ്സിലാക്കി. അയാളോട് പിറ്റേന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുവാൻ നിർദ്ദേശിച്ച് തിരിച്ചു പോന്നു.

Also Read- പൂനെ ടിസിഎസിലെ കിടിലൻ ജോലി കളഞ്ഞ് വിത്തും കൈക്കോട്ടുമായി മണ്ണിലേക്കിറങ്ങിയ ടെക്കി

പിറ്റേന്ന് രാവിലെ തന്റെ പിതാവുമൊന്നിച്ച് സൈനികൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഇൻസ്പെക്ടർ എൻ എ അനൂപ് കുറേ നേരം അയാളോട് സംസാരിച്ചു. അയാളുടെ മാനസിക വിഷമവും, സൈനിക ജോലിയോടുള്ള താൽപ്പര്യക്കുറവും ആ സംസാരത്തിൽ നിന്നും പൊലീസുദ്യോഗസ്ഥർ മനസ്സിലാക്കി. പൊലീസ് സ്റ്റേഷൻ റൈറ്റർ വിൻസെന്റ് അയാളുടെ മൊബൈൽ നമ്പർ കുറിച്ചെടുത്തു. എന്നിട്ട് അയാളെ പറഞ്ഞയച്ചു.

സൈനികന്റെ മനസ്സിനേറ്റ മുറിവിന്റെ ആഴം പൊലീസ് സ്റ്റേഷൻ റൈറ്റർ വിൻസെന്റിനെ വല്ലാതെ വിഷമിപ്പിച്ചു. അയാൾ ഇപ്പോൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും വിഷമവും അതിജീവിക്കാനായാൽ അയാൾക്ക് സൈന്യത്തിൽ തിരിച്ചു ചേരാനാകും. അയാളെന്ന വ്യക്തിയിലെ സൈനികനേയും യോദ്ധാവിനേയും നമുക്ക് തിരിച്ചെടുക്കാൻ സാധിക്കും. പക്ഷേ, അതിനുവേണ്ടി അയാളുടെ മനസ്സിനെ തിരിച്ചുകൊണ്ടുവരണം. അയാളുടെ മാനസികാവസ്ഥയിലേക്ക് വിൻസെന്റും ഇറങ്ങിച്ചെന്നു. ഡ്യൂട്ടി സമയത്തും അല്ലാതെയും സൈനികനേയും അയാളുടെ മാനസിക വിഷമാവസ്ഥയേയും കുറിച്ച് അയാൾ ചിന്തിച്ചു.

സാധാരണ നിലയിൽ സൈനികനായ ഉദ്യോഗസ്ഥൻ ജോലിക്ക് ഹാജരാകാൻ താൽപ്പര്യപ്പെടുന്നില്ലെങ്കിൽ അക്കാര്യം പറഞ്ഞ് മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി ഫയൽ ക്ലോസ് ചെയ്യാം. എന്നാൽ വിൻസെന്റ് അതു ചെയ്തില്ല. കാലതാമസം വന്നാലും സാരമില്ല, ആ ഫയൽ വിൻസെന്റിന്റെ മേശപ്പുറത്തു തന്നെ ഇരുന്നു. രണ്ടു മൂന്നു ദിവസം കഴിഞ്ഞ് വിൻസെന്റ് അയാളെ ഫോണിൽ വിളിച്ചു. അയാളോട് പോലീസ് സ്റ്റേഷനിൽ വരുവാൻ നിർദ്ദേശിച്ചു. അൽപ്പസമയത്തിനകം തന്നെ അയാൾ പൊലീസ് സ്റ്റേഷനിൽ എത്തി. വിൻസെന്റ് അയാളെ പോലീസ് സ്റ്റേഷന്റെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി. കുറേ നേരം വീട്ടു വർത്തമാനങ്ങൾ പറഞ്ഞു. അങ്ങോട്ടുമിങ്ങോട്ടും കാര്യങ്ങൾ പങ്കിട്ടു.

കുറേ നേരം സംസാരിച്ചതോടെ സൈനികൻ വിൻസെന്റിന്റെ ഒരു സുഹൃത്തായി മാറി. തുടർച്ചയായി രണ്ടുമൂന്നു ദിവസം വിൻസെന്റ് ഇതു തന്നെ ആവർത്തിച്ചു. സൈനികനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും, ഒപ്പമിരുന്ന് ചായ കുടിച്ചും, ഭക്ഷണം കഴിച്ചും അവനെ കൂടെ നിർത്തി. പലദിവസങ്ങളിലുള്ള സംസാരത്തിനിടയിൽ സൈനികൻ തന്റെ മനപ്രയാസങ്ങൾ ഓരോന്നായി വിൻസെന്റിനോട് തുറന്നു പറഞ്ഞു. തന്റെ പരിശീലന കാലഘട്ടം, സൈനിക ക്യാമ്പുകളിലെ ഭക്ഷണം, ജീവിതരീതി, സൈനികർ അനുഭവിക്കുന്ന ക്ലേശങ്ങൾ, മാനസിക സമ്മർദ്ദങ്ങൾ തുടങ്ങി എല്ലാം അയാൾ വിൻസെന്റിനോട് തുറന്നു പറഞ്ഞു. ചിലപ്പോഴൊക്കെ അയാളുടെ കണ്ണുകൾ നിറഞ്ഞു, ആരും കാണാതെ അയാൾ വിങ്ങിപ്പൊട്ടി.

Also Read- ഇന്ന് ലോക വയോജന ദുരുപയോഗ ബോധവൽക്കരണ ദിനം; ഈ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

വിൻസെന്റിന് അയാളുടെ മനസ്സിലേക്ക് കയറിച്ചെല്ലാൻ കഴിഞ്ഞു. ഒരു ഇന്ത്യൻ സൈനികന് സമൂഹത്തിൽ നിന്നും ലഭിക്കുന്ന ബഹുമാനവും ആദരവും, അവൻ എങ്ങിനെയാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നതെന്നും വിൻസെന്റ് അയാളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. പതിയെപ്പതിയെ അവന്റെ മനസ്സ് വിൻസെന്റിനോട് അടുത്തു. ഒരു പൊലീസുദ്യോഗസ്ഥന്റേയും സൈനികന്റേയും ഡ്യൂട്ടികൾ എങ്ങിനെ പൊരുത്തപ്പെടുന്നുവെന്ന് സൗഹൃദത്തിലൂടെ അവർ പരസ്പരം മനസ്സിലാക്കി. വെറുത്തുപോയ സൈനിക സേവനത്തിലേക്ക് അവൻ പതിയെ തിരിച്ചു നടക്കാൻ തുടങ്ങി.

അയാൾക്ക് ഒരേ സമയം സുഹൃത്തും, വഴികാട്ടിയും, ബന്ധുവും, പ്രചോദകനും ഒക്കെയായി വിൻസെന്റ്. അങ്ങിനെ അവൻ സൈനിക ഡ്യൂട്ടിയിൽ തിരികെ പ്രവേശിക്കുവാൻ തീരുമാനിച്ചു. എന്നാൽ ഒരു ആശങ്ക കൂടി ബാക്കിയുണ്ട്. സാധാരണ നിലയിൽ അവധിയിൽ പോന്ന സൈനികൻ നിശ്ചിത സമയത്ത് തിരികെ പ്രവേശിച്ചില്ലെങ്കിൽ, പിന്നീട് പ്രവേശിക്കപ്പെടുമ്പോൾ കർശനമായ ശിക്ഷാ നടപടികളായിരിക്കും അനുഭവിക്കേണ്ടി വരിക. ഇനിയുമൊരു ശിക്ഷാനടപടി അനുഭവിക്കാനുള്ള ശേഷി അവന് ഇല്ല.
വിൻസെന്റ് ഇക്കാര്യം സ്റ്റേഷൻ ഇൻസ്പെക്ടർ എൻ എ അനൂപിനെ ധരിപ്പിച്ചു. ഉടൻ തന്നെ, പൊലീസ് സ്റ്റേഷനിൽ നിന്നും സൈനികന്റെ മേലുദ്യോഗസ്ഥരായ ഓഫീസർമാരെ ടെലിഫോണിൽ ബന്ധപ്പെട്ട് ഇതിനും പരിഹാരമുണ്ടാക്കി.

പിറ്റേന്നു തന്നെ, സൈനികൻ വിമാനമാർഗ്ഗം തന്റെ സൈനികാസ്ഥാനത്ത് എത്തി, ഡ്യൂട്ടിയിൽ പ്രവേശിച്ചു. തന്റെ വഴികാട്ടിയും, ആത്മസുഹൃത്തുമായ പോലീസുദ്യോഗസ്ഥൻ വിൻസെന്റിനെ അയാൾ മറന്നില്ല. ഡ്യൂട്ടിയിൽ പ്രവേശിച്ച വിവരം അയാൾ വാട്സ് ആപ്പിലൂടെ വിൻസെന്റിനെ അറിയിച്ചു.

“സർ, ഞാൻ ഇന്ന് ഡ്യൂട്ടിയിൽ പ്രവേശിച്ചു. ലഡാക്കിലേക്കാണ് ഞാൻ പോകുന്നത്. ഇനി ആറു മാസക്കാലം അവിടെയാണ് പോസ്റ്റിങ്ങ്. ചിലപ്പോൾ അവിടെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ കഴിയില്ല. എല്ലാത്തിനും വളരെ നന്ദിയുണ്ട്......”
കൂടെ യൂണിഫോം ധരിച്ച ഒരു ഫോട്ടോയും.

ഈ വാട്സ് ആപ്പ് സന്ദേശത്തിന് വിൻസെന്റ് നൽകിയ മറുപടി ഇങ്ങനെ: “ഇന്ത്യയുടെ സൈനികൻ എന്നതിനേക്കാൾ അഭിമാനം നിനക്ക് വേറെ എവിടെ നിന്നും കിട്ടുമെടാ...? ” ചാരിതാർത്ഥ്യമായ മനസ്സോടെ വിൻസെന്റ് തന്റെ മേശപ്പുറത്തുള്ള മറ്റ് ഫയലുകളിലേക്ക് മുഴുകി.പൊലീസ് സ്റ്റേഷനുകളിലെ ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണ്, ആ ജീവിതങ്ങളിലൂടെയാണ് ഓരോ പൊലീസുദ്യോഗസ്ഥന്റേയും ദൈനംദിന ഡ്യൂട്ടികൾ കടന്നുപോകുന്നത്.

പ്രിയപ്പെട്ട വിൻസെന്റ്,
മാതൃകാപരമായ ഡ്യൂട്ടി നിർവ്വഹിച്ച താങ്കൾക്ക് ഞങ്ങളുടെ അഭിനന്ദനങ്ങൾ.
Published by: Rajesh V
First published: June 17, 2021, 3:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories