• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Police | മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി പിടി വീഴും; പൊലീസ് പരിശോധന പുനരാരംഭിക്കുന്നു

Kerala Police | മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി പിടി വീഴും; പൊലീസ് പരിശോധന പുനരാരംഭിക്കുന്നു

കോവിഡ് വ്യാപന സാഹചര്യത്തിലാണ് ആല്‍ക്കോമീറ്റര്‍ ഉപയോ​ഗിച്ചുള്ള ഊതിക്കൽ പരിശോധന രണ്ട് വര്‍ഷമായി നിര്‍ത്തിവച്ചത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന കേരള പൊലീസ് (Kerala Police) പുനരാരംഭിക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് തീരുമാനം. നേരത്തെ കോവിഡ് (Covid 19) വ്യാപനം രൂക്ഷമായതോടെയാണ് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ പൊലീസ് നിർത്തിവെച്ചത്. പരിശോധന പുനരാരംഭിക്കാന്‍ ഡിജിപിയാണ് (Kerala DGP) നിര്‍ദ്ദേശം നല്‍കിയത്. എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഇന്നാണ് ഡിജിപി നല്‍കിയത്.

    കോവിഡ് വ്യാപന സാഹചര്യത്തിലാണ് ആല്‍ക്കോമീറ്റര്‍ ഉപയോ​ഗിച്ചുള്ള ഊതിക്കൽ പരിശോധന രണ്ട് വര്‍ഷമായി നിര്‍ത്തിവച്ചത്. നേരിട്ടുള്ള പരിശോധനകളില്‍ നിന്നു പൊലീസ് വിട്ടുനില്‍ക്കുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങളിൽ സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഇളവ് വരുത്തിയതോടെയാണ് പരിശോധന പുനരാരംഭിക്കുന്നത്. രാത്രികാല വാഹന പരിശോധനയും കര്‍ശനമാക്കും.

    രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹന അപകടങ്ങള്‍ കൂടുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. എത്രയും വേഗം പരിശോധന പുനരാരംഭിക്കാനാണ് ഡിജിപിയുടെ നിർദേശം. അതുകൊണ്ടുതന്നെ ഇന്ന് രാത്രി മുതൽ തന്നെ സംസ്ഥാനത്ത് പൊലീസ് പരിശോധന പുനരാരംഭിച്ചേക്കും. ആല്‍ക്കോമീറ്റര്‍ പരിശോധനയ്ക്ക് വിധേയരാകാന്‍ തയ്യാറാത്തവരുണ്ടെങ്കില്‍ അവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ഡിജിപി നല്‍കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. ഇതുകൂടാതെ വെള്ളിയാഴ്ചകളിലെ പരേഡും പുനരാരംഭിക്കാൻ ഡിജിപി നിർദേശിച്ചിട്ടുണ്ട്.

    കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാസ്കും സാമൂഹിക അകലവും തുടര്‍ന്ന് കൂടുതല്‍ ഇളവുകള്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

    ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിച്ചു; നാലംഗ സംഘം കഞ്ചാവുമായി പിടിയിൽ

    തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാരെ ബസ് തടഞ്ഞുനിർത്തി നാലംഗ സംഘം ആക്രമിച്ചു. തിരുവനന്തപുരം വെള്ളനാടിന് സമീപമാണ് സംഭവം. രണ്ടു ബൈക്കുകളിലായി എത്തിയ സംഘമാണ് ബസ് തടഞ്ഞുനിർത്തി ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. കെ എസ് ആർ ടി സി ജീവനക്കാരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ പക്കൽനിന്ന് കഞ്ചാവ് പിടികൂടിയിട്ടുണ്ട്. കഞ്ചാവ് ലഹരിയിലാണ് ഇവർ കെ എസ് ആർ ടി സി ജീവനക്കാരെ മർദ്ദിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

    Also Read- Kerala Police | 'ഇനി അറിഞ്ഞില്ലെന്ന് പറയരുത്'; വിവിധ പാതകളിലെ വേഗപരിധി ഓര്‍മ്മിപ്പിച്ച് പൊലീസ്

    വെള്ളിയാഴ്ച വൈകിട്ട് 4.45ഓടെ വെളളനാടിന് അടുത്ത് വെച്ചാണ് രണ്ട് ബൈക്കുകളിലായി നാലംഗ സംഘം ഈ ബസിന് പിന്നാലെ ഹോൺ മുഴക്കി എത്തിയത്. ബസിന് മുന്നിൽ ബൈക്ക് കുറുകെ നിർത്തിയശേഷം യുവാക്കൾ ബസ് ജീവനക്കാരെ അസഭ്യം പറഞ്ഞു. ഇതോടെ ഡ്രൈവറും കണ്ടക്ടറും ബസിൽനിന്ന് പുറത്തേക്ക് ഇറങ്ങി വന്നു. എന്നാൽ യുവാക്കൾ ബസ് ജീവക്കാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

    മർദ്ദനത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ ശ്രീജിത്തും കണ്ടക്ടർ ഹരിയും നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബസ് ജീവനക്കാരെ മർദ്ദിച്ച നാലുപേരെയും വിളപ്പിൽശാല പൊലീസ് പിന്നീട് കസ്റ്റഡിയിൽ എടുത്തു. ഇവരെ പിടികൂടിയ സമയം യുവാക്കളുടെ കൈയിൽനിന്ന് 20 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കഞ്ചാവ് ലഹരിയിലാണ് ഇവർ ബസ് ജീവനക്കാരെ മർദ്ദിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ഇവർ ലഹരി ഉപയോഗിക്കുന്നവരാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാക്കൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.
    Published by:Anuraj GR
    First published: