തിരുവനന്തപുരം: ട്രാഫിക് നിയമം ലംഘിക്കുന്നവരെ ഇനി പിന്നാലെ വന്നും ഒളിച്ചിരുന്നും പൊലീസ് പിടികൂടില്ല. പകരം അത്തരക്കാർക്കെതിരെ മൊബൈൽ ആപ്പിലൂടെയാകും നിയമ നടപടി. നിയമലംഘനത്തിന‍്റെ ചിത്രം പകർത്തി പിഴയീടാക്കാനായി ‘ടോട്ടൽ ഡിജിറ്റൽ ട്രാഫിക് എൻഫോഴ്‌സമെന്റ്’ സംവിധാനം അടുത്തമാസത്തോടെ നിലവിൽ വരും. കേരള പൊലീസിനു വേണ്ടി നാഷണൽ ഇൻഫൊമാറ്റിക്‌സ് (എൻ.ഐ.സി.) ആണ് ആപ്പ് തയാറാക്കുന്നത്.
ആപ്പിനെ പൊലീസിന്റെയും മോട്ടോർവാഹന വകുപ്പിന്റെയും പക്കലുള്ള ഡാറ്റാബേസമായി ബന്ധപ്പെടുത്തിയാണ് നിയമലംഘകരെ കണ്ടുപിടിക്കുന്നത്. നിയമലംഘനം ആവർത്തിക്കുകയാണെങ്കിൽ അക്കാര്യവും ആപ്പിൽ രേഖപ്പെടുത്തും. നിയമലംഘനം നടന്ന തീയതി, സമയം, സ്ഥലം എന്നിവ ഉൾപ്പടെ രേഖപ്പെടുത്തി ചിത്രം ഡിജിറ്റൽ ട്രാഫിക് കൺട്രോൾ സംവിധാനത്തിന് കൈമാറും. ഇവിടെ വച്ച് ഈ ചിത്രം വിശകലനം ചെയ്ത് ഏതുതരം നിയമ ലംഘനമാണെന്ന് കണ്ടെത്തി ഉടമയ്ക്ക് പിഴ അടയ്ക്കാൻ നോട്ടീസ് നൽകും.
ആപ്പ് പൊലീസുകാരുടെ സ്മാർട്ട്‌ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്താണ് നിയമലംഘനം കണ്ടെത്തുന്നത്. ആപ്പിലൂടെയല്ലാതെ പകർത്തുന്ന ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനാകില്ല. അതേസമയം മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പഴയതുപോലെ പൊലീസ് റോഡരുകിൽ കാത്തു നിൽക്കും.
ആപ്പിനു പുറമെ അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്ത് നിയമ ലംഘനം കണ്ടെത്താനുള്ള കാമറകളും നഗരത്തിൽ സ്ഥാപിക്കും. ഇതുവഴിയും നിയമലംഘകർക്ക് പിഴയടയ്ക്കാനുള്ള നോട്ടീസെത്തും. പിഴയടയ്ക്കാൻ ഓൺലൈൻ സംവിധാനങ്ങളും ഒരുക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.