തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ രണ്ടു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 32 ആയി. ഇന്നു മാത്രം 22 പേർ മരിച്ചു. നിലമ്പൂരിലെ ഭൂദാനത്ത് വൻ ഉരുൾ പൊട്ടലിൽ നിരവധി വീടുകൾ മണ്ണിനടിയിലായി. ഇവിടെ നിരവധി പേരെ കാണാതായതായി റിപ്പോർട്ടുണ്ട്.
വയനാട്ടിലെ മേപ്പടിയിൽ ഉരുൾ പൊട്ടലിൽ മരിച്ച ഏഴു പേരുടെ മൃതദേഹം കിട്ടി. മലപ്പുറം എടവണ്ണ ഒതായിയിൽ വീട് തകർന്ന് നാലു പേർ മരിച്ചു. വടകര വിലങ്ങാട് മലയോരത്ത് ഉരുള്‍പൊട്ടലില്‍ നാല് പേർ മരിച്ചു. ഇരിട്ടി, വേങ്ങേരി, കൊയിലാണ്ടി എന്നിവിടങ്ങളിൽ വെള്ളക്കെട്ടിൽ വീണ് ഓരോരുത്തരും മരിച്ചു. ചിന്നാർ മങ്കുവയിൽ ഒഴുക്കിൽപ്പെട്ട് 67കാരനും തൃശൂർ വടക്കേക്കാട് തോണി മറിഞ്ഞ് ഒരാളും മരിച്ചു. കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപെട്ട് രണ്ടു പേർ മരിച്ചു.
INFO|എറണാകുളം-ആലപ്പുഴ-കായംകുളം പാതയിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു
ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതൽ സംഘം കേരളത്തിൽ എത്തി. 14 ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മഴ തുടരുമെന്നും ഓഗസ്റ്റ് പതിനഞ്ചിനു വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് ഏഴായിരത്തിലധികം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.
റൺവെയിൽ വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചിട്ടു. വിമാനത്താവളത്തിന്റെ 60 ശതമാനവും വെള്ളത്തിലാണ്. ഷാർജയിലേക്ക് പോകേണ്ടിയിരുന്ന എഴുപതോളം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. ഇവരിൽ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു.
മരം വീണും വെള്ളം കയറിയും സംസ്ഥാനത്തെ റെയിൽ ഗതാഗതം നിശ്ചലമായി. എറണാകുളം-ആലപ്പുഴ-കായംകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. ഇതുവഴിയുള്ള ദീർഘദൂര ട്രെയിനുകൾ കോട്ടയം വഴി തിരിച്ചുവിട്ടു. ഈ പാതയിലൂടെയുള്ള പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.