തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ വ്യാപകനാശം. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഇതുവരെ 21 ആയി. ഇന്ന് മാത്രം 11 പേരാണ് മരിച്ചത്. വയനാട് മേപ്പാടി പുത്തുമലയിൽ ഉരുൾപൊട്ടലിൽ കാണാതായവരിൽ നാലുപേരുടെ മൃതദേഹം കണ്ടെടുത്തു. ഇവിടെ നാൽപ്പതോളം പേർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപെടുത്താനുള്ള ശ്രമം തുടരുന്നു. മലപ്പുറം എടവണ്ണയിൽ വീട് തകർന്ന് നാലുപേരും കുറ്റ്യാടിയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേരും ഇരിട്ടിയിൽ വെള്ളക്കെട്ടിൽ വീണ് ഒരാളും മരിച്ചു.
സംസ്ഥാനത്ത് ആകെ 315 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. ഇവിടെ 5936 കുടുംബങ്ങളിലെ 22165 പേരുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കും. സ്ഥിതിഗതികൾ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. 'ആശങ്ക വേണ്ട. മഴ കൂടിയാലും ആവശ്യമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. ജനങ്ങളുടെ സഹകരമാണ് ഇപ്പോൾ വേണ്ടത്'- മന്ത്രി പറഞ്ഞു
RAIN LIVE: പ്രളയഭീതിയിൽ കേരളം; മരണസംഖ്യ 21 ആയി; മേപ്പാടിയിൽ 40 പേർ കുടുങ്ങിക്കിടക്കുന്നു
മഴ കനത്തതോടെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ റോഡ്-റെയിൽ-വ്യോമ ഗതാഗതം തടസപ്പെട്ട അവസ്ഥയിലാണ്. നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം ഞായറാഴ്ച ഉച്ചവരെ നിർത്തിവെച്ചു. റെയിൽവേ ട്രാക്കിൽ മരം വീണ് എറണാകുളം-ആലപ്പുഴ റൂട്ടിലും കോട്ടയം-ഏറ്റുമാനൂർ റൂട്ടിലും ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുകയാണ്. മലയോരമേഖലകളിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഗതാഗതവും പലസ്ഥലങ്ങളിൽ തടസപ്പെട്ട നിലയിലാണ്. താമരശേരി ചുരത്തിലും ഗതാഗത നിയന്ത്രണമുണ്ട്.
മഴ രൂക്ഷമയാതോടെ 14 ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ കഴിഞ്ഞദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മഴ ശക്തമായതോടെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഇന്ന് അവധി പ്രഖ്യാപിക്കുകയായിരുന്നു. കേരളത്തിലെ വിവിധ സർവ്വകലാശാലകൾ പരീക്ഷകൾ മാറ്റിവെച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.