തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഒരു മരണം കൂടി. കൊല്ലം ഇത്തിക്കരയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയത്തിൽ സ്വദേശി നൗഫലിലാണ് മരിച്ചത്. ഇതോടെ മരണസംഖ്യ പതിന്നാലായി. ഇന്ന് മഴയ്ക്ക് നേരിയ കുറവുള്ളതിനാൽ ഏഴ് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു.
നേരത്തേ ഇന്ന് പത്ത് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. നിലവിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് റെഡ് അലർട്ടുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മാത്രമാണ് ഇന്ന് റെഡ് അലർട്ട്. ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ അലർട്ടാണ് പിൻവലിച്ചത്. നാളെ കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുണ്ട്.
തൃശൂർ ചേറ്റുവയിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കനത്തമഴയിൽ മൂവാറ്റുപുഴ പാലത്തിന്റെ അപ്രോച്ച് റോഡിൽ ഗർത്തം രൂപപ്പെട്ടു. പാലത്തിലൂടെയുള്ള ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Also Read-
മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിന്റെ അപ്രോച് റോഡില്‍ വന്‍ഗര്‍ത്തം; എംസി റോഡില്‍ ഗതാഗത നിയന്ത്രണം
കിഴക്കൻ മേഖലയിൽ നിന്ന് വെള്ളം എത്തിയതോടെ കോട്ടയം ജില്ലയിലെ അയ്മനം, കുമരകം, വൈക്കം തിരുവാർപ്പ്, തുടങ്ങിയ മേഖലകളിലെ വീടുകളിൽ വെള്ളം കയറി. കണ്ണൂരിൽ നിന്ന് വയനാട്ടിലേക്കുള്ള നെടുംപൊയിൽ ചുരം റോഡിൽ ഗതാഗത തടസം തുടരുകയാണ്.
അതേസമയം പെരിയാറിലും ചാലിയാറിലും ചാലക്കുടി പുഴയിലും ജലനിരപ്പ് കുറഞ്ഞു.
12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, ഒഴികെയുള്ള ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. വയനാട്ടിൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.