തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിതീവ്ര മഴയ്ക്ക് സാധ്യത ഉള്ളതിനാൽ പത്തു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ , ലോവർ പെരിയാർ, മൂഴിയാർ, കുണ്ടള, പെരിങ്ങൽക്കുത്ത് ഡാമുകളിലും റെഡ് അലർട്ട് തുടരുന്നു.
തൃശൂർ ,കോഴിക്കോട് ,എറണാകുളം ,കണ്ണൂർ ഇടവിട്ടാണ് മഴ പെയ്യുന്നത്. തൃശൂർ ചാവക്കാടും കൊല്ലം ഇത്തിക്കരയാറ്റിലും കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. കിഴക്കൻ മേഖലയിൽ നിന്ന് വെള്ളം എത്തിയതോടെ കോട്ടയം ജില്ലയിലെ അയ്മനം, കുമരകം, വൈക്കം തിരുവാർപ്പ്, തുടങ്ങിയ മേഖലകളിലെ വീടുകളിൽ വെള്ളം കയറി.
കനത്ത മഴയിൽ മൂവാറ്റുപുഴ പാലത്തിന്റെ അപ്രോച്ച് റോഡിൽ ഗർത്തം രൂപപ്പെട്ടു. പാലത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കണ്ണൂരിൽ നിന്ന് വയനാട്ടിലേക്കുള്ള നെടുംപൊയിൽ ചുരം റോഡിൽ ഗതാഗത തടസം തുടരുകയാണ്. അതേസമയം പെരിയാറിലും ചാലിയാറിലും ചാലക്കുടി പുഴയിലും ജലനിരപ്പ് കുറഞ്ഞു.
Also Read-
ശബരിമല യാത്രയ്ക്ക് തടസ്സമില്ല; തീര്‍ത്ഥാടകര്‍ പമ്പയില്‍ ഇറങ്ങരുത്, ജാഗ്രതാ നിര്‍ദേശം
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, ഒഴികെയുള്ള ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. വയനാട്ടിൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
Also Read-
സ്കേറ്റിങ് ബോർഡിൽ കാശ്മീരിലേക്ക് പുറപ്പെട്ട മലയാളി അനസ് ഹജാസ് ട്രക്കിടിച്ചു മരിച്ചു
പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. പാലക്കാട്, ഇടുക്കി, മലപ്പുറം, തൃശൂർ, ജില്ലകളിലും യൂണിവേഴ്സിറ്റി പരീക്ഷകളും ഇന്റർവ്യൂകളും മുൻ നിശ്ചയിച്ച പ്രകാരം നടക്കും. എംജി, കേരള, കാലിക്കറ്റ് സർവ്വകലാശാലകൾ ഇന്ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.
നാളെ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.