നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Rains | വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    Kerala Rains | വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി പ്രഖ്യാപിച്ചു

    • Share this:
      തിരുവനന്തപുരം: കേരളത്തില്‍ (Kerala) ഇന്നും കനത്ത മഴയുണ്ടായേക്കാണെന്ന് (HEAVY RAIN) മുന്നറിയിപ്പ്. സംസ്ഥാനത്തെ മധ്യ, വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

      സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് (ORANGE ALERT) പ്രഖ്യാപിച്ചിട്ടുണ്ട്.

      ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍
      എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്.

      സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കേരളത്തില്‍ ഉടനീളം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും തുടര്‍ച്ചയായ അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ടിന് സമാനമായ ജാഗ്രത എല്ലാ ജില്ലകളിലും തുടരണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്.

      തെക്ക് കിഴക്കന്‍ അറബിക്കടലിലെ ചക്രവാതച്ചുഴി മൂലം പടിഞ്ഞാറന്‍ കാറ്റ് കേരളാ തീരത്ത് ശക്തമായതാണ് മഴ തുടരാന്‍ കാരണം. രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരാനാണ് സാധ്യത. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

      പരീക്ഷകള്‍ മാറ്റിവച്ചു
      സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സര്‍വകലാശാല പരീക്ഷകകള്‍ ഉള്‍പ്പെടെ മാറ്റിവച്ചു. കേരള സര്‍വകലാശാലയും മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയും സാങ്കേതിക സര്‍വകലാശാലയും ആരോഗ്യ സര്‍വകലാശാലയും ഇന്നത്തെ (15/11/2021) പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചിട്ടുണ്ട്

      കേരള സര്‍വകലാശാലയുടെ അറിയിപ്പ്

      കേരള സര്‍വകലാശാല ഇന്ന് (15/11/2021) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല.

      എം ജി സര്‍വകലാശാലയുടെ അറിയിപ്പ്

      മഹാത്മാ ഗാന്ധി സര്‍വകലാശാല തിങ്കളാഴ്ച (നവമ്പര്‍ 15) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

      സാങ്കേതിക സര്‍വകലാശാല അറിയിപ്പ്

      സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി ഉടന്‍ പ്രസിദ്ധീകരിക്കും.

      ആരോഗ്യ ശാസ്ത്ര സര്‍വകലാശാല അറിയിപ്പ്

      സംസ്ഥാനത്ത് മഴ കെടുതി തുടരുന്ന സാഹചര്യത്തില്‍ കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല 2021 നവംബര്‍ 15 ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചതായി അറിയിക്കുന്നു. പുതുക്കിയ തിയതി സര്‍വകലാശാല വെബ് സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.

      Also Read - കനത്ത മഴ: ഇടുക്കിയിൽ മലയോരമേഖലയിൽ രാത്രിയാത്ര നിരോധിച്ചു

      വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

      സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കാസർകോട്, കൊല്ലം ജില്ലകളിലും തിരുവനന്തപുരം ജില്ലയിലെ രണ്ട് താലൂക്കുകളിലുമാണ് നിലവിൽ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

      എറണാകുളം ജില്ലയിൽ തിങ്കളാഴ്ച ഓൺലൈൻ ക്ലാസുകൾ മാത്രമാണ് ഉണ്ടാകുകയെന്ന് കളക്ടർ അറിയിച്ചു. സിബിഎസ്ഇ ഉൾപ്പടെ വിദ്യാർഥികൾ ആരും സ്കൂളുകളിൽ എത്തേണ്ടതില്ലെന്നും കളക്ടർ അറിയിച്ചു.

      ഇടുക്കി ജില്ലയിൽ അവധി

      ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ  അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ് .ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (തിങ്കൾ ) അവധി ആയിരിക്കുമെന്നും ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് തടസ്സമുണ്ടായിരിക്കില്ലെന്നും  ജില്ലാ കളക്ടർ ഷീബാ ജോർജ് അറിയിച്ചു.

      തൃശൂരിൽ അവധി

      തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു

      ആലപ്പുഴയിൽ അവധി

      ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.

      കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

      കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (2021 നവംബർ 15) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തിയിട്ടുള്ള അധ്യാപക-അനധ്യാപക ജീവനക്കാരുടെ സേവനം അതതിടങ്ങളിൽ ലഭ്യമാകണമെന്നും ഉത്തരവിൽ പറയുന്നു.

      കൊല്ലത്ത് അവധി

      കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

      പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

      രണ്ടുദിവസമായി കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 15 തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേതാണെന്ന് ഉത്തരവില്‍ പറയുന്നു.

      കാസർകോട് ജില്ലയിൽ അവധി

      കാസർകോട് ജില്ലയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്നതിനാൽ കാലാവസ്ഥ വകുപ്പ് കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും തിങ്കളാഴ്ച ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധി പ്രഖ്യാപിച്ചു. എന്നാൽ കാസർകോട് ജില്ലയിലെ കോളേജുകൾക്ക് അവധി ബാധകമല്ല.

      എറണാകുളം ജില്ലയിൽ തിങ്കളാഴ്ച ഓൺലൈൻ ക്ലാസുകൾ മാത്രം

      എറണാകുളം ജില്ലയിൽ നാളെ (15/11/21) ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ളാസുകൾ മാത്രമാണ് നാളെ ഉണ്ടാവുക. വിദ്യാർത്ഥികൾ സ്ഥാപനങ്ങളിൽ എത്തേണ്ടതില്ല. നേരത്തേ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല

      നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച അവധി

      ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകൾ ഉൾപ്പെടുന്ന നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച (നവംബർ 15)അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമില്ലെന്നും ഉത്തരവിൽ പറയുന്നു.
      Published by:Karthika M
      First published:
      )}