നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Rains| കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍: മരണം നാലായി, മരിച്ചവരില്‍ അമ്മയും മകളും

    Kerala Rains| കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍: മരണം നാലായി, മരിച്ചവരില്‍ അമ്മയും മകളും

    ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ക്ലാരമ്മ ജോസഫ് (65), സിനി, സിനിയുടെ മകള്‍ സോന എന്നിവരാണ് മരിച്ചതെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.

    kottayam koottikkal

    kottayam koottikkal

    • Share this:
      കോട്ടയം: കൂട്ടിക്കല്‍ ഉണ്ടായ (Koottikkal)  ഉരുള്‍പൊട്ടലില്‍ (landslide) നാല് മരണം സ്ഥിരീകരിച്ചു. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ക്ലാരമ്മ ജോസഫ് (65), സിനി, സിനിയുടെ മകള്‍ സോന എന്നിവരാണ് മരിച്ചതെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. അതേസമയം നാലാമത്തെ ആളുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല. ഒമ്പത് പേരെ കാണാതായിട്ടുണ്ട്. ഇതില്‍ ആറു പേര്‍ ഒരു വീട്ടിലെ അംഗങ്ങളാണ്.

      കൂട്ടിക്കല്‍ കവലയില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെന്നും ഫയര്‍ ഫോഴ്‌സ് ഉരുള്‍ പൊട്ടലുണ്ടായ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു വിഭാഗം അല്‍പ സമയത്തിനുള്ളില്‍ കൂട്ടിക്കല്‍ എത്തുമെന്നും മന്ത്രി അറിയിച്ചു.

      കൂട്ടിക്കല്‍ പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാര്‍ഗം പ്രദേശത്ത് എത്താന്‍ നിലവില്‍ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നില്‍ക്കുകയാണെന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

      പൂഞ്ഞാര്‍ ബസ്സ്‌റ്റോപ് നിലവില്‍ പൂര്‍ണ്ണമായും വെള്ളത്തിലാണെന്നാണ് വിവരം. ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഏന്തയാറും മുക്കളവും തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയ പാലം തകര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള പാലമായിരുന്നു ഇത്.



      ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടലിൽ എട്ടുപേരെ കാണാതായി

      ഇടുക്കി കൊക്കയാറിൽ (Idukki Kokkayar) ഉരുൾപൊട്ടലിൽ (Landslide) എട്ടുപേരെ കാണാതായതായി റിപ്പോർട്ട്. കൊക്കയാര്‍ വില്ലേജില്‍ മാകോചി, പൂവഞ്ചി എന്നിവിടങ്ങളിലായി നാല് വീടുകള്‍ ഒലിച്ചു പോയതായാണ് വിവരം. രണ്ടു വീടുകളിലായി എട്ട് പേരെ കാണാതായി. 5 കുട്ടികളെയും 2 പുരുഷന്‍മാരെയും ഒരു സ്ത്രിയെയുമാണ് കാണാതായതെന്നാണ് പ്രാഥമിക വിവരം.

      കോട്ടയം -ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമാണ്. വീടുകൾ സ്ഥിതി ചെയ്തിരുന്നത് ഇടുക്കി ജില്ലയിലാണ്. കുത്തൊഴുക്കിൽ വീടുകൾ താഴെയുള്ള പുല്ലനയാറിലേക്ക് ഒലിച്ചു പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംഭവസ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘം പുറപ്പെട്ടിട്ടുണ്ട്.

      പതിനേഴോളം പേരെ ഇവിടെ നിന്ന് രക്ഷപ്പെടുത്തിയതായാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. കനത്ത മഴ ഉണ്ടായിരുന്നില്ലെങ്കിലും മൂന്നിടത്ത് ഉരുള്‍ പൊട്ടലുണ്ടായതായാണ് സൂചനകള്‍.

      ഇടുക്കി, കോട്ടയം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന സ്ഥലമാണ് കൊക്കയാര്‍. ഉറുമ്പിക്കര ഈസ്റ്റ് കോളനി, പൂവഞ്ചി വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. എത്ര പേര്‍ ദുരന്തത്തിലകപ്പെട്ടുവെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

      റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ ഈ മേഖല പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. മഴയും ഇരുട്ടും വൈദ്യുതിസംവിധാനങ്ങള്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നുണ്ടെന്നാണ് വിവരം.

      Also Read- Kerala Rains Live Update| സംസ്ഥാനത്ത് 6 മരണം; കൂട്ടിക്കലിൽ  കണ്ടെത്താനുള്ളത്  9 പേരെ; ഇടുക്കിയിലും ഉരുൾപൊട്ടൽ
      Published by:Rajesh V
      First published:
      )}