നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പെരിയാറിൽ ആശങ്ക ഒഴിയുന്നു; ഒരാഴ്ച തീവ്രമഴ പെയ്താലും പെരിയാർ കര കവിയില്ലെന്ന് ജലസേചന വകുപ്പ്

  പെരിയാറിൽ ആശങ്ക ഒഴിയുന്നു; ഒരാഴ്ച തീവ്രമഴ പെയ്താലും പെരിയാർ കര കവിയില്ലെന്ന് ജലസേചന വകുപ്പ്

  മഴ കുറഞ്ഞു നിന്നതും കൃത്യമായ ആസൂത്രണവുമാണ്  പെരിയാർ കരകവിയാതിരിക്കാനുള്ള കാരണങ്ങളെന്ന് ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ ബാജി ചന്ദ്രൻ ആർ പറഞ്ഞു.

  News18

  News18

  • Share this:
  കൊച്ചി. ജലസേചന വകുപ്പിന്റെ കണക്കുകൾക്കുള്ളിൽ പെരിയാറിനെ തിരിച്ചുവിട്ടപ്പോൾ ആശങ്കയും ഒഴുകി തീർന്നു. ജലസംഭരണികളിൽ സുരക്ഷിത ജലനിരപ്പായി. ഇടമലയാറിൽ ജലനിരപ്പ് ബ്ലൂ അലർട്ടിനും താഴെയെത്തി. ഇനി ഒരാഴ്ച തീവ്രമഴ പെയ്താലും പെരിയാർ കരകവിയുമെന്ന ആശങ്ക വേണ്ടെന്ന് ജലസേചന വകുപ്പ്.

  കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ ഇടമലയാർ ഡാമും ഇടുക്കി ഡാമും ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കിയപ്പോൾ പെരിയാർ കരകവിഞ്ഞൊഴുകാതിരിക്കാനുള്ള ദൗത്യം ഏറ്റെടുത്തത് ജലസേചന വകുപ്പാണ്. വകുപ്പിലെ ജീവനക്കാർ ചെറുതോണി മുതൽ വടുതല , പറവൂർ വരെ നിരീക്ഷണവുമായി ഒപ്പം നിന്നു. വെള്ളത്തിന്റെ ഒഴുക്ക് കണക്കുകളാക്കി കൈമാറിയപ്പോൾ പൊതു ജനത്തിനത് ആശ്വാസത്തിന്റെ മഴയായി.

  ഓരോ മണിക്കൂറിലും ജലനിരപ്പ് വകുപ്പിന്റെ നേതൃത്വത്തിൽ പുറത്തു വിട്ടിരുന്നു. മഴ കുറഞ്ഞു നിന്നതും കൃത്യമായ ആസൂത്രണവുമാണ്  പെരിയാർ കരകവിയാതിരിക്കാനുള്ള കാരണങ്ങളെന്ന് ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ ബാജി ചന്ദ്രൻ ആർ പറഞ്ഞു. പുഴയിലേക്കൊഴുക്കിയ വെള്ളത്തിന്റെ അളവും കുറവായിരുന്നു. അതുകൊണ്ടു തന്നെ വെള്ളത്തിന്റെ പ്രവേഗവും കുറഞ്ഞു നിന്നു. പുഴ കായലുമായി ചേരുന്ന ഭാഗങ്ങളിലെ തടസങ്ങൾ നീക്കി ഒഴുക്ക് കൂട്ടിയതും തുണയായി. ഇനി മഴ പെയ്താലും ഇടമലയാർ ഡാമിൽ സംഭരിക്കാനുള്ള ഇടമുണ്ട്. ഇടമലയാർ ഡാമിലെ ഷട്ടറുകൾ താഴ്ത്തി പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കാം. അസാധാരണ അന്തരീക്ഷം വന്നാൽ മാത്രം ആശങ്കമതി. പെരിയാറിൽ വെള്ളപ്പൊക്കമുണ്ടാകേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ബാജി പറഞ്ഞു.

  രണ്ട് ഡാമുകളിലെയും വെള്ളം ഒരുമിച്ച് പെരിയാറിൽ എത്താതിരിക്കാനുള്ള നടപടികളാണ് വകുപ്പ് കൈ കൊണ്ടത്. ഇതിനായി ആദ്യം ഇടമലയാർ ഡാമിലെ ഷട്ടറുകൾ ഉയർത്തി. ഇടമലയാറിലെ വെള്ളം കായലിൽ എത്തിയതിനു ശേഷം മാത്രം ഇടുക്കിയിലെ വെള്ളം ഭൂതത്താൻകെട്ടിൽ എത്താവൂ എന്നായിരുന്നു കണക്കു കൂട്ടൽ. ഇടമലയാറിലെ വെള്ളം നാല് മണിക്കൂറിനുള്ളിൽ ഭൂതത്താൻ കെട്ടിലെത്തിയപ്പോൾ പുഴയിലെ ജലനിരപ്പ് ഉയർന്നത് ഒരു സെന്റിമീറ്റർ മാത്രമാണ്. പിന്നീട് ജലനിരപ്പിൽ വ്യതിയാനം കാണിച്ചില്ല. വൈകീട്ട് ആറു മണിയോടെ വെള്ളം വേമ്പനാട്ടു കായലിൽ ചേർന്നു.

  ഇടുക്കി ഡാമിലെ വെള്ളത്തിന്റെ വ്യതിയാനം മനസിലാക്കാൻ ചെറുതോണി മുതൽ ഓരോ പോയിന്റിലും ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഇത് പെരിയാർ കായലിനോടു ചേരുന്ന വടുതല യിലും പറവൂരും വരെ നീണ്ടു. ഓരോ അര മണിക്കൂറും ഇടവിട്ടാണ് ജലനിരപ്പ് കണക്കാക്കിയത്.

  ഇടുക്കി ഡാമിലെ വെള്ളം കരിമണൽ ഭാഗത്തെത്തിയപ്പോൾ 1.2 മീറ്റർ ജലനിരപ്പ് ഉയർന്നു. ഇടുക്കി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലായിരുന്നു ഇവിടെ നിരീക്ഷണം. ലോവർ പെരിയാറിൽ എത്തിയ വെള്ളം പവർ ജനറേഷന്റെ അകത്തേക്ക് കൊണ്ടുവന്നതിനു ശേഷമാണ് പുറത്തേക്ക് വിട്ടത്. പിന്നീട് വെള്ളം നേര്യമംഗലം പാലത്തിലെത്തുമ്പോൾ 30 സെന്റി മീറ്റർ മാത്രമാണ് ജലനിരപ്പുയർത്തിയത്. ഭൂതത്താൻകെട്ട് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിൽ ഇവിടെ ജലനിരപ്പ് നിജപ്പെടുത്തി.

  ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ നേര്യമംഗലം പാലം കടന്നു വെള്ളം പടിഞ്ഞാറോട്ടൊഴുകി. വൈകീട്ട് 7.40 നാണ് വെള്ളം ഭൂതത്താൻ കെട്ടിലെത്തുന്നത്. അപ്പോൾ രേഖപ്പെടുത്തിയത് ജല നിരപ്പിൽ 20 സെന്റിമീറ്റർ വർധനവാണ്. നിലവിൽ ഭൂതത്താൻ കെട്ടിൽ നിന്നും 850 ക്യുമെക്സ് വെള്ളം പുറത്തേക്കു പോകുന്നുണ്ടായിരുന്നു. ഇടുക്കിയിലെ വെള്ളവും ചേർന്നപ്പോൾ 865 ക്യുമെക്സ്‌ വെള്ളമായി ഉയർന്നു. ഇത് പെരിയാറിലെ ജല നിരപ്പിൽ വ്യതിയാനമൊന്നും വരുത്തുന്നതായിരുന്നില്ല. രാത്രിയിൽ വെള്ളം ആലുവയും കടന്നുപോയി ചലനങ്ങൾ സൃഷ്ടിക്കാതെ.

  ഭൂതത്താൻ കെട്ട് മുതൽ കാലടി വരെ ഇടമലയാർ ഇറിഗേഷൻ പ്രൊജക്ട് അങ്കമാലിയിലെ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലും കാലടി മുതൽ ആലുവ വരെ പെരിയാർ വാലി ഇറിഗേഷൻ വകുപ്പ് ആലുവ ഡിവിഷന്റെ ജീവനക്കാരുടെ നേതൃത്വത്തിലും വെള്ളത്തിന്റെ ഒഴുക്ക് നിരീക്ഷിച്ചു. ആലുവ മുതൽ വടുതല വരെ മേജർ ഇറിഗേഷന്റെ നേതൃത്വത്തിലും ആലുവ മുതൽ പറവൂർ വരെ മൈനർ ഇറിഗേഷന്റെ നേതൃത്വത്തിലുമായിരുന്നു നിരീക്ഷണം.
  Published by:Sarath Mohanan
  First published:
  )}