• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Rains | ഇടുക്കിയിലും മുല്ലപ്പെരിയാറിലും ആശങ്കയുടെ സാഹചര്യമില്ല: മന്ത്രി റോഷി അഗസ്റ്റിന്‍

Kerala Rains | ഇടുക്കിയിലും മുല്ലപ്പെരിയാറിലും ആശങ്കയുടെ സാഹചര്യമില്ല: മന്ത്രി റോഷി അഗസ്റ്റിന്‍

ഒറ്റ ദിവസം തന്നെ ജലനിരപ്പ് 2-3 അടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി പറഞ്ഞു.

  • Last Updated :
  • Share this:
    തിരുവനന്തപുരം: തീവ്രമഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി- മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറില്‍ ജലവിഭവ വകുപ്പ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവില്‍ 134.75 അടി ജലമാണുള്ളത്. ഓഗസ്റ്റ് 10 വരെയുള്ള റൂള്‍ കര്‍വ് 137.1 അടിയാണ്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ജലനിരപ്പ് പരിശോധിക്കുന്നുണ്ട്. ഒറ്റ ദിവസം തന്നെ ജലനിരപ്പ് 2-3 അടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. പെരിയാറിന്റെ തീരപ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

    ഇടുക്കിയില്‍ 2374.52 അടി ജലമാണ് ഇന്ന് വൈകിട്ട് 4 വരെയുള്ളത്. അണക്കെട്ടിന്റെ ആകെ സംഭരണ ശേഷിയുടെ 75 ശതമാനം മാത്രമാണ് ഇപ്പോള്‍ വെള്ളം ഉള്ളത്. വൃഷ്ടി പ്രദേശത്ത് കാര്യമായ മഴയില്ല. എങ്കിലും കൃത്യമായ അവലോകം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലവിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജലനിരപ്പ് കൃത്യമായ ഇടവേളകളില്‍ നിരീക്ഷിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ തീവ്രമാകുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ ആവശ്യമെങ്കില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) കൂടുതല്‍ സംഘങ്ങളെ ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

    സംസ്ഥാനത്ത് ഓഗസ്റ്റ് അഞ്ച് വരെ കനത്ത മഴ തുടരും; നാളെ 10 ജില്ലകളിൽ റെഡ് അലർട്ട്

    സംസ്ഥാനത്ത് ഓഗസ്റ്റ് അഞ്ച് വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതുപ്രകാരം ബുധനാഴ്ച 10 ജില്ലകളിലും, വ്യാഴാഴ്ച ഒമ്പത് ജില്ലകളിലും റെഡ് അലർട്ട് ആയിരിക്കും. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലുമാണ് റെഡ് അലർട്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ റെഡ് അലർട്ടാണ്.

    അതേസമയം തെക്കൻ കേരളത്തിൽ നാളെ മുതൽ അതിതീവ്ര മഴയ്ക്ക് കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ് പറയുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

    ഓഗസ്റ്റ് അഞ്ചിന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓഗസ്റ്റ് ആറിന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.

    രണ്ടു ദിവസത്തെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. പത്തനംതിട്ട നാലു പേരും കണ്ണൂർ ,കോട്ടയം, തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിൽ ഓരോരുത്തരുമാണ് മരിച്ചത്. പത്തനംതിട്ടയിൽ ഒരാളെ കാണാതായി.അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡാം മാനേജ്മന്‍റ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍റെ അനുമതിയോടെ റൂള്‍ കര്‍വ് അനുസരിച്ച് ചെറിയ അണക്കെട്ടുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്കൊഴുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
    Published by:Arun krishna
    First published: