• HOME
 • »
 • NEWS
 • »
 • kerala
 • »
 • ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി BSF ജവാൻ അനീഷ് ജോസഫിന് ജന്മനാട് വിടചൊല്ലി

ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി BSF ജവാൻ അനീഷ് ജോസഫിന് ജന്മനാട് വിടചൊല്ലി

ഔദ്യോഗിക ബഹുമതികളോടെ കൊച്ചു കാമാക്ഷി സ്നേഹഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിലാണ് ഭൗതികശരീരം സംസ്കരിച്ചത്.

 • Last Updated :
 • Share this:
  ഇടുക്കി: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ വീരമൃത്യു വരിച്ച ബിഎസ്എഫ് (BSF) ജവാൻ അനീഷ് ജോസഫിന്റെ ഭൗതികശരീരം ജന്മനാട്ടിൽ സംസ്കരിച്ചു. ഇടുക്കി കൊച്ചു കാമാക്ഷിയിലെ സ്വന്തം ഭവനത്തിലെത്തിച്ച് ബന്ധുക്കളും നാട്ടുകാരും അന്ത്യോപചാരമർപ്പിച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെയാണ് ജവാന്റെ സ്വന്തം ദേവാലയമായ കൊച്ചു കാമാക്ഷി സ്നേഹഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചത്. സൈനിക മേധാവികളും മന്ത്രി റോഷി അഗസ്റ്റിൻ, മുൻ മന്ത്രി എം എം മണി, കളക്ടർ ഷീബാ ജോർജ് ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ ജവാന് അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

  രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ജവാന്റെ മൃതദേഹം ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ ഏറ്റുവാങ്ങി. തുടർന്ന് നിരവധി വാഹങ്ങളുടെ അകമ്പടിയോടെയാണ് ജവാന്റെ മൃതദേഹം കൊച്ചു കാമാക്ഷിയിലെ സ്വന്തം ഭവനത്തിൽ എത്തിച്ചത്. ഇടുക്കി ഡി വൈസ് എസ് പി ഇമ്മാനുവേൽ പോൾ, പീരുമേട് ഡി വൈ എസ് പി. സനൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ജവാൻ അനീഷ് ജോസഫിന്റെ ഭൗതികശരീരം കൊച്ചു കാമാക്ഷിയിലെ വടുതലക്കുന്നേൽ വീട്ടിലെത്തിച്ചത്. തുടർന്ന് സൈനിക ഉദ്യോഗസ്ഥരും ബന്ധുക്കളും നാട്ടുകാരും ജവാന് അന്ത്യോപചാരമർപ്പിച്ചു.

  3.30 തോടെ കൊച്ചു കാമാക്ഷി സ്നേഹഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജോയി അഴിമുഖത്തിന്റ കാർമ്മികത്വത്തിൽ ജവാന്റെ വസതിയിലും ഇടുക്കി രൂപതാ മെത്രാൻ മാർ . ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ പള്ളിയിലും അന്ത്യ കർമ്മങ്ങൾ നടന്നു. മന്ത്രി റോഷി അഗസ്റ്റിൻ, മുൻ മന്ത്രി എം എം മണി, കളക്ടർ ഷീബാ ജോർജ്, ഇടുക്കി പീരുമേട് ഡി.വൈ.എസ്.പി. മാർ , മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ ആയിരക്കണക്കിന് പേർ വസതിയിലും പള്ളിയിലുമെത്തി ജവാൻ അനീഷ് ജോസഫിന് അന്ത്യോപചാരമർപ്പിച്ചു. ചടങ്ങുകൾക്ക് ഒടുവിൽ പള്ളിയങ്കണത്തിൽ ജവാന് സൈനികരും പോലീസും ഗാർഡ് ഓഫ് ഓണർ നൽകിയ ശേഷം 5 മണിയോടെ മൃതദേഹം സംസ്ക്കരിച്ചു.

  Also Read- CDS chopper crash|ഹെലികോപ്റ്റർ അപകടത്തിൽ ചികിത്സയിലായിരുന്ന ക്യാപ്റ്റൻ വരുൺ സിംഗും മരണത്തിന് കീഴടങ്ങി

  തിങ്കളാഴ്ച അര്‍ധരാത്രി ബാരാമുള്ള ഭാഗത്ത് ക്യാമ്പിലെ ടെന്റില്‍ കാവല്‍ നില്ക്കുമ്പോഴാണ് അപകടം. ടെന്റില്‍ ചൂട് നിലനിര്‍ത്തുവാനുപയോഗിക്കുന്ന മണ്ണെണ്ണ ഹീറ്റര്‍ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നു എന്നാണ് വിവരം. തീയില്‍നിന്ന് രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയ അനീഷ് 15 അടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു.

  തൊട്ടടുത്ത ടെന്റുകളിലെ പട്ടാളക്കാരാണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വീഴ്ചയില്‍ തലയ്‌ക്കേറ്റ പരിക്കാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റ് ആക്രമണസാധ്യതകള്‍ സൈനികതലത്തില്‍ അന്വേഷിക്കും. ഈ മാസം അവസാനത്തോടെ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കവേയാണ് ദാരുണ സംഭവം. ചെറുപ്പംമുതല്‍ കായികമത്സരങ്ങളില്‍ മികവു പുലര്‍ത്തിയിരുന്ന അനീഷ് കബഡി താരമായിരുന്നു. പട്ടാളത്തില്‍ ചേരണമെന്നായിരുന്നു കുട്ടിക്കാലം തൊട്ടുള്ള ആഗ്രഹം. 27ാം വയസ്സിലാണ് ആ ആഗ്രഹം സഫലമാകുന്നത്. അത്യന്തം അപകടം പിടിച്ച പ്രദേശങ്ങളില്‍ അനീഷ് ജോസഫ് രാജ്യത്തിനായി സന്തോഷത്തോടെ പ്രവര്‍ത്തിച്ചു.

  നാട്ടിലെത്തുന്നതിന് മുന്നോടിയായി കൊച്ചുകാമാക്ഷിയിലെ വീടെല്ലാം മോടി പിടിപ്പിച്ചിരുന്നു. രണ്ടാംനില പണിതുകൊണ്ടിരിക്കുകയായിരുന്നു. ഒക്ടോബറില്‍ നാട്ടിലെത്തിയിരുന്ന അനീഷ് വീടുപണിക്ക് നേരിട്ട് മേല്‍നോട്ടം നല്‍കിയിട്ടാണ് തിരികെ പോയത്.
  Published by:Rajesh V
  First published: