ആവിഷ്‌കാര സ്വാതന്ത്ര്യവാദികളും പിന്തുണച്ചില്ല; 'കിത്താബ്' പിന്‍വലിച്ച് സ്‌കൂള്‍

News18 Malayalam
Updated: December 2, 2018, 3:25 PM IST
ആവിഷ്‌കാര സ്വാതന്ത്ര്യവാദികളും പിന്തുണച്ചില്ല; 'കിത്താബ്' പിന്‍വലിച്ച്  സ്‌കൂള്‍
  • Share this:
കോഴിക്കോട്: മുസ്ലീം സംഘടകളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ 'കിത്താബ്' നാടകത്തില്‍ നിന്നും പിന്‍മാറി മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ഏതെങ്കിലും ഒരു വിഭാഗത്തിന് പോറലേല്‍പ്പിച്ചുകൊണ്ട് നാടകം തുടര്‍ന്നും അവതരിപ്പിക്കേണ്ടെന്നു തീരുമാനിക്കുകയായിരുന്നെന്ന് സ്‌കൂള്‍ അധികൃതര്‍ പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

ഉണ്ണി ആര്‍ എഴുതിയ 'വാങ്ക് ' എന്ന കഥയെ അധികരിച്ചാണ് നാടകം അവതരിപ്പിച്ചതെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ വിശദീകരിച്ചിരുന്നത്. എന്നാല്‍ തന്റെ കഥയുമായി നാടകത്തിന് ബന്ധമില്ലെന്നു വ്യക്തമാക്കി ഉണ്ണി ആര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ മുസ്ലീം സംഘടനകളും പ്രതിഷേധം ശക്തമാക്കി. ഈ സാഹചര്യത്തിലാണ് നാടകം ഇനി അവതരിപ്പിക്കേണ്ടെന്ന തീരുമാനത്തിലെത്താന്‍ സ്‌കൂള്‍ അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്.

കോഴിക്കോട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തിലാണ് മേമുണ്ട സ്‌കൂളിലെ കുട്ടികള്‍ 'കിത്താബ്' അവതരിപ്പിച്ചത്. മുസ്ലിം സ്ത്രീകളെ എന്തുകൊണ്ട് പള്ളിയില്‍ വാങ്ക് നല്‍കാന്‍ അനുവദിക്കുന്നില്ലെന്ന ചോദ്യമുയര്‍ത്തിയുള്ളതായിരുന്നു നാടകത്തിന്റെ പ്രമേയം
പുരുഷന്മാര്‍ക്ക് സ്വര്‍ഗത്തില്‍ ഹൂറികള്‍ ഉള്ളപ്പോള്‍ സ്ത്രീകള്‍ക്ക് ഹൂറന്മാര്‍ ഇല്ലാത്തതെന്തെന്നും നാടകത്തിലെ ഒരു സ്ത്രീ കഥാപാത്രം ചോദിക്കുന്നുണ്ട്. പുരുഷന്മാരുടെ പകുതി ബുദ്ധിയേ സ്ത്രീകള്‍ക്കുള്ളൂ എങ്കില്‍ പുരുഷന്മാരുടെ പകുതി വസ്ത്രം സ്ത്രീകള്‍ ധരിച്ചാല്‍ പോരേ എന്നും ചോദിക്കുന്നു. പള്ളിയില്‍ സ്ത്രീകള്‍ വാങ്ക് കൊടുക്കുന്നതാണ് നാടകത്തിന്റെ അവസാന രംഗം.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും നാടകം അവതരിപ്പിക്കാനിരിക്കെയാണ് പ്രതിഷേധവുമായി എസ്.ഡി.പി.ഐ, സുന്നി വിഭാഗത്തിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫ്, സമസ്ത എന്നീ സംഘടനകള്‍ രംഗത്തെത്തിയത്.

റഫീക്ക് മംഗലശേരിയാണ് നടക രചയിതാവ്. എസി.ഡി.പി.ഐയും എസ്.കെ.എസ്.എസ്.എഫും പോലുള്ള സംഘടനകള്‍ എക്കാലത്തും നവോഥാന മുന്നേറ്റങ്ങള്‍ക്ക് എതിരാണെന്ന് റഫീക്ക് ന്യൂസ് 18 നോട് പ്രതികരിച്ചു. രാഷട്രീയ മുതലെടുപ്പിന്റെ ഭാഗമായാണ് ഇത്തരം സംഘടനകള്‍ നാടകത്തിനെതിരെ പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഹരീഷിന്റെ 'മീശ' നോവലിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ ആവിഷ്‌ക്കാര സ്വാതന്ത്രത്തിനു വേണ്ടി വാദിച്ചവരാരും 'കിത്താബ്' നാടകത്തിനു വേണ്ടി രംഗത്തെത്താത്തതും ശ്രദ്ധേയമാണ്. ആരെ പിന്തുണ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് നാടകം പിന്‍വലിക്കാനുള്ള തീരുമാനത്തിലെത്താന്‍ സ്‌കൂള്‍ അധികൃതരെ പ്രേരിപ്പിച്ചത്.

First published: November 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading