കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കോഴിക്കോട് ഒരുങ്ങി കഴിഞ്ഞു. 24 വേദികളിലായാണ് ഇക്കുറി മത്സരങ്ങൾ നടക്കുക. ഓരോ വേദികൾക്കും വ്യത്യസ്തമായ പേരുകളാണ് ഇത്തവണ നൽകിയിരിക്കുന്നത്. പ്രധാനവേദിയായ വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റന്‍ വിക്രം മൈതാനത്തിന് നല്‍കിയിരിക്കുന്ന പേര് അതിരാണിപ്പാടം എന്നാണ്. ഒരു ദേശത്തിന്റെ കഥയിലൂടെ പ്രശസ്തമായ നാടാണ് അതിരാണിപ്പാടം.
മാധവിക്കുട്ടിയുടെ പുന്നയൂര്‍ക്കുളവും എം.ടി. വാസുദേവന്‍ നായരുടെ കൂടല്ലൂരും യു.എ. ഖാദറിന്റെ തൃക്കോട്ടൂരും ഒ.വി. വിജയന്റെ തസ്രാക്കും യു.കെ. കുമാരന്റെ തക്ഷന്കുന്നുമെല്ലാം കലോത്സവത്തിന്റെ വേദികളാണ്. ഭൂമി, ബേപ്പൂര്‍, പാണ്ഡവപുരം, തൃക്കോട്ടൂര്‍, തിക്കോടി, പാലേരി, മൂപ്പിലശ്ശേരി, ഉജ്ജയിനി, തിരുനെല്ലി, മയ്യഴി, അവിടനെല്ലൂര്‍, ഊരാളിക്കുടി, കക്കട്ടില്‍,ശ്രാവസ്തി, ഖജുരാഹോ, തച്ചനക്കര, ലന്തന്‍ബത്തേരി, മാവേലിമന്റം തുടങ്ങിയ പേരുകളിലാണ് മറ്റ് വേദികള്‍ അറിയപ്പെടുക.
Also read- ബഫർ സോണ്‍; സർവ്വേ നമ്പർ ചേർത്ത പുതിയ ഭൂപടം പ്രസിദ്ധീകരിച്ച് സർക്കാർ
എട്ട് ഏക്കർ വിസ്തൃതി തന്നെയാണ് വിക്രം മൈതാനിയെ കലോൽസവത്തിന്റെ പ്രധാന വേദിയാക്കി മാറ്റയത്. ശാസ്ത്രീയ നൃത്തങ്ങളടക്കം നിറപ്പകിട്ടാർന്ന ഇനങ്ങൾ പ്രധാന വേദികളിൽ നടക്കുമ്പോൾ നാടകങ്ങളുടെ വേദി നഗരത്തിലെ സാമൂതിരി സ്കൂൾ മുറ്റത്താണ്. മീഞ്ചന്ത മുതൽ വെസ്റ്റ്ഹിൽ വരെ വിവിധ വേദികളും അക്കോമഡേഷൻ കേന്ദ്രങ്ങളും പ്രവർത്തിക്കും. മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലാണ് ഊട്ടുപുര തയ്യാറാവുന്നത്. പഴയിടം മോഹനൻ നമ്പൂതിരി തന്നെയാണ് ഇക്കുറിയും ഭക്ഷണം ഒരുക്കുന്നത്.
ജനുവരി മൂന്നിനാണ് കലോത്സവം ആരംഭിക്കുന്നത്. രാവിലെ 8.30 ന് പൊതു വിദ്യാഭ്യാസ ഡയർക്ടർ പതാക ഉയർത്തും. രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആദ്യ ദിനം 23 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ആദ്യ ദിവസം എല്ലാ വേദികളിലും രാവിലെ 11 നും മറ്റുള്ള ദിവസങ്ങളിൽ രാവിലെ ഒൻപത് മണിക്കുമായിരിക്കും മത്സരങ്ങൾ ആരംഭിക്കുക. കോവിഡിൽ രണ്ടു വർഷം മുങ്ങിപ്പോയ കലോത്സവം ഇക്കുറി കൂടുതൽ പൊലിമയോടെ ആഘോഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കോഴിക്കോട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.