തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ 'ആക്സസ് കണ്ട്രോള് സിസ്റ്റം' ഏര്‍പ്പെടുത്തുന്നതിനെതിരെ ജീവനക്കാര്‍ രംഗത്ത്. ഇടത് അനുകൂല ജീവനക്കാരുടെ സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് അടക്കമുള്ള സംഘടനകളാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായെത്തിയത്. നിലവിലുള്ള പഞ്ചിങ്ങ് അറ്റന്‍ഡന്‍സിന് പുറമെയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
എന്താണ് 'ആക്സസ് കണ്ട്രോള് സിസ്റ്റം' കൊച്ചി മെട്രോയിലേത് പോലെ കൈവശം നല്കിരിക്കുന്ന ആക്സസ് കാര്‍ഡ് ഉപയോഗിച്ചാണ് ജീവനക്കാർ സെൻസർ അധിഷ്ഠിത വാതിലൂടെ ഓഫീസിലേക്ക് പ്രവേശിക്കുക. മുറിയിലേക്ക് കടക്കുമ്പോൾ തന്നെ ഹാജർ രേഖപ്പെടുത്തുന്നതാണ് പുതിയ സംവിധാനം. ഓഫീസിൽ നിന്ന് പുറത്ത് പോകുകയും തിരികെ വരുന്ന സമയവും രേഖപ്പെടുത്തും. നിശ്ചയിച്ച സമയത്തിലധികം മാറി നിന്നാൽ അവധി രേഖപ്പെടുത്തും. ജീവനക്കാരുടെ ശമ്പളം അടക്കമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന 'സ്പാര്ക്' വെബ്സൈറ്റിലേക്കാണ് ഈ വിവരങ്ങള്‍ കൈമാറുക. ജീവനക്കാരുടെ ശമ്പളം കണക്ക് കൂട്ടുന്നതിലടക്കം 'ആക്സസ് കണ്ട്രോള് സിസ്റ്റം' ഇടപെടുമെന്ന് ഉറപ്പാണ്.
ഓരോ മാസത്തെയും അറ്റന്‍ഡന്‍സ് പരിശോധിച്ചാണ് തൊട്ടടുത്ത മാസത്തെ ശമ്പളം അനുവദിക്കുന്നത്. അവധി, അദര്‍ ഡ്യൂട്ടി, കോമ്പന്‍സേഷന്‍ ഓഫ് മുതലായവയെല്ലാം സ്പാര്‍ക്ക് മുഖാന്തിരം ക്രമീകരിച്ചാല്‍ മാത്രമേ ശമ്പളം വിതരണം ചെയ്യുകയുമുള്ളൂ.
സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം പോലും പുതിയ നിലയിലാക്കുന്ന ഈ സംവിധാനത്തെ കുറിച്ച് ഉപകരണങ്ങള്‍ എത്തിയ ശേഷമാണ് പല ജീവനക്കാരും അറിയുന്നത്. സംവിധാനത്തിന്റെ ഫയലുകള്‍ കൈകാര്യം ചെയ്ത പൊതുഭരണ വകുപ്പിലെ ജീവനക്കാര്‍ മാത്രമാണ് ഈ വിവരം അറിഞ്ഞതെങ്കിലും മറ്റ് വകുപ്പുകളിലേക്ക് വിവരം ചോര്‍ന്നില്ല എന്നതും ശ്രദ്ധേയമാണ്. 1.97 കോടി രൂപ മുടക്കിയാണ് ഉപകരണങ്ങള്‍ വാങ്ങുന്നത്. ആദ്യ ഗഡുവായ 56 ലക്ഷം രൂപ കെല്‍ട്രോണിന് കൈമാറി. ആദ്യ ഘട്ട ഉപകരണങ്ങള്‍ സെക്രട്ടേറിയറ്റില്‍ എത്തിക്കഴിഞ്ഞു. ഇതിനിടെയാണ് ജീവനക്കാര്‍ പ്രതിഷേധവുമായെത്തിയത്.
ഔദ്യോഗിക യോഗങ്ങള്‍ക്കുപോയാലും അവധി മാര്‍ക്കു ചെയ്യുമെന്നാണ് ആരോപണം. എന്നാല്‍ ഇങ്ങനെയുള്ള ജീവനക്കാര്‍ക്കു പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നാണു സര്‍ക്കാര്‍ മറുപടി.
സെക്രട്ടറിയേറ്റില്‍ ഏര്‍പ്പെടുത്തുന്ന പുതിയ അക്സസ് സിസ്റ്റം രണ്ടാംഘട്ടമായി എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലുമെത്തും. കിലോമീറ്ററുകള്‍ താണ്ടി സാധാരണക്കാരെത്തുമ്പോള്‍ ജീവനക്കാര്‍ സീറ്റിലില്ലെന്ന ആക്ഷേപത്തിനു അവസാനം വരുത്തുകയാണു സര്‍ക്കാര്‍ ലക്ഷ്യം.
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ പ്രസ്താവനജീവനക്കാരെ ബന്ധികളാക്കാനുള്ള നീക്കം ഉപേക്ഷിക്കുക
ഗവണ്മെന്റ് സെക്രട്ടേറിയറ്റില്‍ അക്സസ് കണ്ട്രോള് സിസ്റ്റം സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണല്ലോ. സംസ്ഥാനത്ത് അറ്റന്‍ഡന്‍സ് മാനേജ്മെന്റ് സിസ്റ്റം ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസ് ഗവ. സെക്രട്ടേറിയറ്റാണ്. ഓരോ മാസത്തെയും അറ്റന്‍ഡന്‍സ് പരിശോധിച്ചാണ് തൊട്ടടുത്ത മാസത്തെ ശമ്പളം അനുവദിക്കുന്നത്. അവധി, അദര്‍ ഡ്യൂട്ടി, കോമ്പന്‍സേഷന്‍ ഓഫ് മുതലായവയെല്ലാം സ്പാര്‍ക്ക് മുഖാന്തിരം ക്രമീകരിച്ചാല്‍ മാത്രമേ ശമ്പളം വിതരണം ചെയ്യുകയുമുള്ളൂ.
സംസ്ഥാനത്തെ മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലൊന്നും തന്നെ ഇത്രയും കര്‍ശനമായ അറ്റന്‍ഡന്‍സ് മാനേജ്മെന്റ് സിസ്റ്റം ഏര്പ്പെടുത്തിയിട്ടില്ലാത്തതും, സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതുമാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന പഞ്ചിംഗ് സംവിധാനം പുനരാരംഭിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അത് എത്രയും പെട്ടെന്ന് കാര്യക്ഷമമായി നടപ്പാക്കിയത് ഗവ. സെക്രട്ടേറിയറ്റില്‍ മാത്രമാണ്. മറ്റ് പല ഓഫീസുകളിലും നിര്‍ത്തിവെച്ച പഞ്ചിംഗ് ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ലായെന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്.
ഓഫീസിലെ ഹാജര്‍ രേഖപ്പെടുത്തല്‍ കര്‍ശനമാക്കുന്നതിനും, ക്ലിപ്തമായ ഓഫീസ് സമയം മുഴുവനും ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എല്ലാ ക്രമീകരണങ്ങളെയും സര്‍വാത്മനാ സ്വാഗതം ചെയ്ത പ്രസ്ഥാനമാണ് കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്. എന്നാല്‍ പുതുതായി ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്ന അക്സസ് കണ്ട്രോള് സിസ്റ്റം സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ സെക്രട്ടേറിയറ്റ് ജീവനക്കാരെ പൊതുസമൂഹത്തില്‍ വളരെയധികം അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ്.
ഒരു ഫാക്ടറിയില്‍ പോലും ഇല്ലാത്ത തരത്തിലുള്ള നിയന്ത്രണങ്ങളും അടച്ചിടലുകളും കൊണ്ടുവരുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അസോസിയേഷന് മനസിലാക്കുന്നു. ഫയലുകള്‍ തയ്യാറാക്കുന്നതും, അപേക്ഷകള്‍ പരിശോധിക്കുന്നതും, തീരുമാനമെടുക്കുന്നതും കേവലം യാന്ത്രികമായ പ്രക്രിയയല്ല, ജീവനക്കാരെ ക്യുബിക്കുകളില് അടച്ചിട്ടാല്‍ Output കൂടുമെന്ന തരത്തിലുള്ള വാദഗതികള്‍ നിരര്‍ത്ഥകമാണ്.
സെക്ഷനുകളിലും ഓഫീസുകളിലും ഇരുന്നുള്ള ജോലിക്ക് പുറമെ നിരവധിയായ ചര്‍ച്ചകള്‍ക്കും, യോഗങ്ങള്‍ക്കും, വിവിധ കമ്മീഷനുകളിലെ വിചാരണകള്‍ക്കും ഹിയറിംഗുകള്‍ക്കും, നിയമസഭാ സമ്മേളനം നടക്കുന്ന വേളയിലും സമിതി യോഗങ്ങള്‍ക്കും ഓഫീസ് സമയത്തു തന്നെ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്ക് പങ്കെടുക്കേണ്ടി വരുന്നുണ്ട്. കൂടാതെ സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍, ഓഫീസ് സമയത്താണ് ഇടപാടുകള്‍ നടത്തുന്നത്.
സൊസൈറ്റികളുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരാണ്. ഔദ്യോഗിക ജോലിക്ക് വിഘാതം വരാതെ പ്രവൃത്തി സമയത്തുതന്നെയാണ് ഈ സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും. ഇത്തരത്തില്‍ അക്സസ് കണ്ട്രോള് സിസ്റ്റം കൊണ്ടുവരുന്നപക്ഷം ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും അവതാളത്തിലാവുന്നതാണ്. അതുകൊണ്ട് തന്നെ തികച്ചും യാന്ത്രികമായ തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെ അസോസിയേഷന് ശക്തിയുക്തം എതിര്‍ക്കുന്നു.
ഹാജര്‍ ഉറപ്പുവരുത്തുന്നതിനും, ജോലികള്‍ യഥാസമയം നിര്‍വ്വഹിക്കപ്പെടുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതിനും ഇപ്പോള്‍ തന്നെ സെക്രട്ടേറിയറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അറ്റന്‍ഡന്‍സ് മാനേജ്മെന്റ് സംവിധാനവും, ഇ-ഓഫീസ് സംവിധാനവും പര്യാപ്തമാണ്. പുതുതായി ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്ന അക്സസ് കണ്ട്രോള് സിസ്റ്റം സെക്രട്ടേറിയറ്റിന്റെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള നിയന്തരണങ്ങള്ക്കായി പരിമിതപ്പെടുത്തണമെന്നും ജീവനക്കാരെ സെക്ഷനുകളില്‍ തളച്ചിടുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്നും അസോസിയേഷന് ആവശ്യപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.