നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് ലൈംഗിക വിദ്യാഭ്യാസം വേണം; വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി

  സംസ്ഥാനത്ത് ലൈംഗിക വിദ്യാഭ്യാസം വേണം; വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി

  ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ലിംഗനീതിയടക്കമുള്ള വിഷയങ്ങളില്‍ മികച്ച ബോധവത്ക്കരണ പരിപാടികള്‍ കലാലയങ്ങളില്‍ സംഘടിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് പദ്ധതികള്‍ നടപ്പാക്കണണം

  • Share this:
   കോട്ടയം:സംസ്ഥാനത്ത് പ്രണയം നിരസിക്കുന്ന പെണ്‍കുട്ടികള്‍ക്കെതിരെ ശക്തമായ ആക്രമണങ്ങള്‍ ആണ് കഴിഞ്ഞ കുറെ കാലമായി ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നത്. വിവിധയിടങ്ങളില്‍ പെട്രോളൊഴിച്ച് പെണ്‍കുട്ടികളെ കത്തിച്ചു കളയുന്ന ക്രൂരമായ സംഭവങ്ങള്‍ ആണ് കേരളം ഞെട്ടലോടെ കേട്ടിരുന്നത്. സംഭവം തുടര്‍ക്കഥയാകുമ്പോഴും ഇതിനു തടയിടാന്‍ കാര്യമായി ഒന്നും ചെയ്യാന്‍ ഭരണകൂടങ്ങള്‍ക്കൊ നിയമ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. പ്രശ്നം ഗുരുതരമായി സമൂഹത്തില്‍ നിലനില്‍ക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം പാലാ സെന്റ് തോമസ് കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി നിതിനാ മോളെ കഴുത്തറുത്തു കൊന്നത്.

   ക്രൂരമായി കൊലചെയ്യപ്പെട്ട നിതിനാ മോളുടെ തലയോലപ്പറമ്പിലെ വീട്ടിലെത്തി അമ്മയെ ആശ്വസിപ്പിക്കാനാണ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി എത്തിയത്. ഇതിനുശേഷം പുറത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് സതീദേവി നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്തെ കൗമാര പ്രായക്കാര്‍ക്കിടയില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു. ലൈംഗിക വിദ്യാഭ്യാസം എന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും നെറ്റി ചുളിയും എന്ന അവസ്ഥയാണ് കാലങ്ങളായി ഉണ്ടാകാറുള്ളത്. അതിനെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. എന്നാല്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കിയാല്‍ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് സതീദേവി അഭിപ്രായപ്പെട്ടു.

   വിദ്യാസമ്പന്നരായ ചെറുപ്പക്കാരില്‍ ഇത്തരത്തിലുള്ള ഹീനമായ ക്രൂരകൃത്യം ചെയ്യാനുള്ള മാനസികാവസ്ഥ രൂപപ്പെടുന്നതെങ്ങനെയെന്ന് ഗൗരവമേറിയ പഠനം വേണം. സഹപാഠിയോട് ഹീനമായ ക്രൂരകൃത്യം ചെയ്യാനുള്ള മാനസികാവസ്ഥയുണ്ടായി. 10- 12 വയസുള്ള കുട്ടികള്‍ പോലും പ്രണയത്തിലകപ്പെടുകയാണ്. സാമൂഹിക മാധ്യമങ്ങളിലടക്കം ഇടപെടുന്ന കൗമാരക്കാരില്‍ പല അബദ്ധധാരണകളുണ്ട്. പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് നല്ല ബോധവത്കരണം അനിവാര്യമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ലിംഗനീതിയടക്കമുള്ള വിഷയങ്ങളില്‍ മികച്ച ബോധവത്ക്കരണ പരിപാടികള്‍ കലാലയങ്ങളില്‍ സംഘടിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് പദ്ധതികള്‍ നടപ്പാക്കണമെന്നും അഡ്വ. പി. സതീദേവി പറഞ്ഞു.

   എന്തുകൊണ്ടാണ് ചെറുപ്പക്കാരില്‍ കൊലപാതക കൂടിവരുന്നതെന്ന് പരിശോധിക്കണം എന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങളില്‍ വനിതാ കമ്മീഷന്‍ സര്‍ക്കാറിനോട് വൈകാതെ ആശയവിനിമയം നടത്തുമെന്നും പി സതീദേവി പറഞ്ഞു.ക്യാമ്പസുകളില്‍ സാമുഹ്യ പ്രതിബദ്ധതയോടെ ഉള്ള പ്രവര്‍ത്തനങ്ങള്‍ ഇല്ലാതായി. കോവിഡ് പശ്ചാത്തലത്തില്‍ ആണ് ഇങ്ങനെ സംഭവിച്ചത്. കുട്ടികള്‍ പരസ്പരം നേരിട്ട് ഇടപഴകുന്ന സാഹചര്യമുണ്ടായാല്‍ പ്രശ്നങ്ങള്‍ ഏറെ പരിഹരിക്കാനാകും എന്നും അവര്‍ അഭിപ്രായപ്പെട്ടു.

   കൊലപാതകങ്ങള്‍ കൂടി വരുന്നു എന്ന ഗൗരവമേറിയ സാഹചര്യമാണ് കേരളത്തില്‍ ഉള്ളത് എന്നും പി സതീദേവി പറഞ്ഞു. മാധ്യമങ്ങള്‍ ക്രൈം റേറ്റ് കുറയ്ക്കാന്‍ സംവാദങ്ങള്‍ സംഘടിപ്പിക്കണം. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്കും വലിയ ഉത്തരവാദിത്തമുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടു. എന്തുകൊണ്ടാണ് ഇത്രയും ശക്തമായ പക പാലായിലെ പ്രതിയായ അഭിഷേകിന് ഉണ്ടായത് എന്നത് പ്രത്യേകം പരിശോധിക്കപ്പെടണം. പാലായില്‍ കൊലചെയ്യപ്പെട്ട നിതിനാ മോളുടെ അമ്മയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പോലീസ് പഴുതടച്ചുള്ള അന്വേഷണം നടത്തണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു. വൈകാതെ ഇക്കാര്യങ്ങളെല്ലാം സര്‍ക്കാരുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്നാണ് വനിതാ കമ്മീഷന്‍ പറഞ്ഞു. വനിതാ കമ്മീഷന്‍ അംഗം ഇഎം രാധയും അധ്യക്ഷക്കൊപ്പം തലയോലപ്പറമ്പിലെ വീട്ടിലെത്തി നിതിനാ മോളുെട അമ്മ ബിന്ദുവിനെ സന്ദര്‍ശിച്ചു.
   Published by:Jayashankar AV
   First published: