നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സൈബർ പാർക്കിൽ നിന്ന് തദ്ദേശീയ സംരഭകരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം; നടപടി ബ്രിട്ടീഷ് കമ്പനിയ്ക്ക് വേണ്ടി

  സൈബർ പാർക്കിൽ നിന്ന് തദ്ദേശീയ സംരഭകരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം; നടപടി ബ്രിട്ടീഷ് കമ്പനിയ്ക്ക് വേണ്ടി

  സര്‍വീസ് കാറ്റഗറിയിലെ 16 കമ്പനികളെ രണ്ടാം ഘട്ടത്തില്‍ ഒഴിപ്പിക്കാനാണ് നീക്കം.

  News18 Malayalam

  News18 Malayalam

  • Share this:
  കോഴിക്കോട്: സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിലെ 17 സ്റ്റാര്‍ട്ട്അപ്പ് കമ്പനികളെ ഒഴിപ്പിക്കാന്‍ നീക്കാൻ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ നടപടി തുടങ്ങി. ഇത് സംബന്ധിച്ച് സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് നോട്ടീസയച്ചു. കോവിഡ് കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംരഭകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് പുതിയ നടപടി.

  പ്രൊഡക്ഷന്‍, സര്‍വീസ് കാറ്റഗറികളില്‍ 33 സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ പാര്‍ക്കിലെ കെട്ടിടത്തില്‍ നിന്ന് ഒഴിഞ്ഞുപോകാനാണ് നിര്‍ദേശം. ആദ്യഘട്ടത്തില്‍ പ്രൊഡക്ഷന്‍ വിഭാഗത്തിലെ 17 കമ്പനികളോട് ഒഴിഞ്ഞുതരണമെന്നാവശ്യപ്പെട്ടാണ് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ നോട്ടീസ് നല്‍കിയത്.

  സര്‍വീസ് കാറ്റഗറിയിലെ 16 കമ്പനികളെ രണ്ടാം ഘട്ടത്തില്‍ ഒഴിപ്പിക്കാനാണ് നീക്കം. ചെറുകിട സംരഭകരുടെ കൂട്ടായ്മകള്‍ തുടങ്ങിയ സ്റ്റാര്‍ട്ട്അപ്പ് കമ്പനികളെ ഒഴിപ്പിച്ച് ഐടി ഹബ് ബ്രിട്ടീഷ് ഐടി കമ്പനിക്ക് കൈമാറാനാണ് നീക്കമെന്ന് ആരോപണമുണ്ട്. മൊബൈല്‍ ടെന്‍ എക്‌സില്‍ നിന്ന് ഇന്‍കുബേഷന്‍ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനികളെയാണ് ഒഴിപ്പിക്കുന്നത്.

  പ്രതിസന്ധികാലത്ത് ഒഴിഞ്ഞു പോകാനാവാത്ത അവസ്ഥയിലാണ് തങ്ങളെന്ന്  അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് യൂണിറ്റ് സെക്രട്ടറി(സിഐടിയു) എം ജുനൈസ് പറഞ്ഞു. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ഒരു വര്‍ഷത്തിലധികമായി സ്റ്റാര്‍ട്ട്അപ്പ് കമ്പനികളില്‍ നിന്ന് സൈബര്‍ പാര്‍ക്ക് അധികൃതര്‍ വാടക വാങ്ങാറില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിനിടെയാണ് സ്റ്റാര്‍ട്ട് അപ്പ് കമ്പനികളെ ഒഴിപ്പിക്കാന്‍ നീക്കം.

  ഇപ്പോള്‍ ഒഴിപ്പിക്കുന്ന 17 കമ്പനികള്‍ക്ക് ആവശ്യമെങ്കില്‍ യുഎല്‍സിസി സൈബര്‍ പാര്‍ക്കില്‍ സൗകര്യമൊരുക്കാമെന്ന് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ ജനറല്‍ മാനേജര്‍ അശോക് പറഞ്ഞു. യുഎല്‍സിസി സൈബര്‍ പാര്‍ക്ക് സ്വകാര്യ സ്ഥാപനമാണ്. സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കില്‍ നിന്ന് ഒഴിഞ്ഞുപോയാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പലതും സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് ലഭിക്കില്ലെന്ന് സംരഭകര്‍ പറയുന്നു. ഒപ്പം തന്നെ നിലവിലെ ഇക്കോ സിസ്റ്റത്തില്‍ പ്രശ്‌നമുണ്ടാകുമെന്ന് ജീവനക്കാര്‍ പറയുന്നു. ഒഴിപ്പിക്കുന്നതല്ലാതെ മറ്റെന്ത് ചര്‍ച്ചയ്ക്കും തയ്യാറാണെന്ന് സംരഭകര്‍ വ്യക്തമാക്കി.

  Also Read-'കള്ളനാണയങ്ങളെ തിരിച്ചറിയണം'; മോൻസന്റെ പൊലീസ് ബന്ധം പരോക്ഷമായി പരാമർശിച്ച് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രമേയം

  2017-18 ല്‍ ആറ് കമ്പനികളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ 2020-21 ആകുമ്പോള്‍ അത് 57 കമ്പനികളായി ഉയര്‍ന്നു. ആപ്‌മൊബൈല്‍ 10 എക്‌സിന്റെ മികവിന്റെ കേന്ദ്രത്തിലേത് കൂടി കണക്കാക്കുമ്പോള്‍ 113 കമ്പനികളാണ് സൈബര്‍പാര്‍ക്ക് കാമ്പസില്‍ പ്രവര്‍ത്തിക്കുന്നത്. 2017-18 ല്‍ 107 പേര്‍ക്കാണ് സൈബര്‍പാര്‍ക്കിലെ കമ്പനികളിലൂടെ തൊഴില്‍ ലഭിച്ചിരുന്നതെങ്കില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അത് 850 ന് മേലാണ്.

  നാല് വര്‍ഷം മുമ്പ് 3,01,71390 കോടി രൂപയുടെ സോഫ്റ്റ് വെയര്‍ കയറ്റുമതിയാണ് നടന്നിരുന്നതെങ്കില്‍ 2019-20 ല്‍ അത് 14,76,10, 856 കോടി രൂപയാണ്. ബേസ്‌മെന്റിലെ 50, 000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലം സ്മാര്‍ട്ട് ബിസിനസ് സെന്ററാക്കി മാറ്റി. 500 മുതല്‍ 2500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള യൂണിറ്റുകളാക്കി ഇതിനെ തിരിച്ചു.

  കേരളത്തില്‍ നിന്നുള്ള ഉത്പന്നാധിഷ്ഠിത ഐടി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാരിന്റെ സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സാമ്പത്തിക സഹായവും ലഭിക്കുമെന്ന് വാഗ്ദാനം നല്‍കി ഇവിടെയെത്തിച്ച തദേശീയ സംരഭകരെയാണിപ്പോള്‍ ഒഴിപ്പിക്കാന്‍ നീക്കം നടക്കുന്നത്.
  Published by:Naseeba TC
  First published:
  )}