തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി രാഷ്ട്രീയപ്രേരിതമല്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്ന രഹസ്യമൊഴി നൽകിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നാണ് ഇഡിയുടെ സത്യവാങ് മൂലത്തില്‍ പറയുന്നത്. സ്വർണക്കടത്തിലെ വിചാരണ മാറ്റണമെന്ന ഹർജിയിലാണ് ഇ ഡി എതിർ സത്യവാങ്മൂലം നൽകിയത്. കേരളത്തില്‍ നീതിയുക്തമായ വിചാരണ നടക്കില്ലെന്ന് ഇഡി പറയുന്നു.
പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പങ്ക് വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ഇഡി സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നു. ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്തെ ഡെപ്യുട്ടി ഡയറക്ടര്‍ ദേവ് രഞ്ചന്‍ മിശ്രയാണ് മറുപടി സത്യവാങ്മൂലം ഫയല്‍ചെയ്തത്.
ക്രിമിനൽ നടപടി ചട്ടം 164 പ്രകാരം സ്വതന്ത്ര ജൂഡീഷ്യൽ ഫോറത്തിന് മുമ്പാകെയാണ് രഹസ്യമൊഴി നൽകിയത്. എം. ശിവശങ്കര്‍ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അന്വേഷണം അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും വിവിധ ശ്രമങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായും ഇ.ഡി ആരോപിക്കുന്നു.
ഹർജിയിൽ കക്ഷി ചേർന്ന സംസ്ഥാന സർക്കാർ ഇ ഡിയുടെ ആവശ്യം സാങ്കൽപിക ആശങ്കയാണെന്നും സംസ്ഥാനത്തെ ജൂഡീഷ്യറിയെ കളങ്കപ്പെടുത്താനുള്ള നീക്കമാണെന്നും വാദിച്ചിരുന്നു. കേസിൽ പ്രതിയായ എം ശിവശങ്കറും കോടതിയിൽ തടസ ഹർജി നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Enforcement Directorate, Gold Smuggling Case, Swapna suresh