തിരുവനന്തപുരം: അന്തര്‍ സംസ്ഥാന നദീജല തര്‍ക്കങ്ങളുമായി (Inter-State Water Dispute) ബന്ധപ്പെട്ട വിഷയങ്ങളില്‍ വേഗത്തിലും കൃത്യമായും തീരുമാനങ്ങള്‍ എടുക്കുന്നതിന് സര്‍ക്കാരിന് ആവശ്യമായ അഭിപ്രായങ്ങളും ഉപദേശങ്ങളും ലഭ്യമാക്കുന്നതിന് ത്രിതല സമിതി (three tier committee) രൂപീകരിക്കാന്‍ തീരുമാനിച്ചു. അന്തര്‍ സംസ്ഥാന നദീജല സ്ട്രാറ്റജിക് കൗണ്‍സില്‍, അന്തര്‍ സംസ്ഥാന നദീജല മോണിറ്ററിംഗ് കമ്മിറ്റി, അന്തര്‍ സംസ്ഥാന നദീജല നിയമ സാങ്കേതിക സെല്‍ എന്നിങ്ങനെയാണ് ഇത്. നിലവിലുള്ള അന്തര്‍ സംസ്ഥാന ജല ഉപദേശക സമിതിക്ക് പകരമാണിത്.
അന്തര്‍ സംസ്ഥാന നദീജല സ്ട്രാറ്റജിക് കൗണ്‍സിലില്‍ മുഖ്യമന്ത്രി ചെയര്‍മാനും ജലവിഭവ വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായിരിക്കും. വനം വകുപ്പ്, ഊര്‍ജ്ജ വകുപ്പ് മന്ത്രിമാര്‍ അംഗങ്ങളാണ്. നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശവുമായി ബന്ധപ്പെട്ട നാല് എംഎല്‍എമാരും രണ്ട് എംപിമാരും അംഗങ്ങളായിരിക്കും. ഇവരെകൂടാതെ ചീഫ് സെക്രട്ടറി, ജലവിഭവ വകുപ്പ് സെക്രട്ടറി എന്നിവരും മെമ്പര്‍മാരാകും.
അന്തര്‍ സംസ്ഥാന നദീജല വിഷയങ്ങളില്‍ കേരളത്തിന്റെ പൊതുതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് നയപരമായ തീരുമാനങ്ങള്‍ കൗണ്‍സില്‍ എടുക്കും. സുപ്രീംകോടതിയില്‍ അല്ലെങ്കില്‍ അന്തര്‍ സംസ്ഥാന നദീജല ട്രൈബ്യൂണലില്‍ വരുന്ന കേസുകള്‍ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സമിതി സ്വീകരിക്കും. അന്തര്‍ സംസ്ഥാന നദീജല തര്‍ക്കങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ പദ്ധതികളുടെ നിര്‍മ്മാണവും പ്രവര്‍ത്തനവും സൂക്ഷ്മമായി നിരീക്ഷിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കലും സമിതിയുടെ ചുമതലയാണ്.
ചീഫ് സെക്രട്ടറി ചെയര്‍മാനായ അന്തര്‍ സംസ്ഥാന നദീജല മോണിറ്ററിംഗ് കമ്മിറ്റിയില്‍ ജലവിഭവ, ഊര്‍ജ്ജ, റവന്യൂ, വനം, കൃഷി, നിയമ വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളാവും. കെ.എസ്.ഇ.ബി ചെയര്‍മാനും അന്തര്‍ സംസ്ഥാന നദീജല ചീഫ് എന്‍ജിനീയറും അംഗങ്ങളായിരിക്കും. അന്തര്‍ സംസ്ഥാന നദീജല വിഷയങ്ങളില്‍ നയപരമായ തീരുമാനങ്ങള്‍ രൂപീകരിക്കുന്നതിന് സംസ്ഥാനസമിതിയെ സഹായിക്കലാണ് മോണിറ്ററിംഗ് കമ്മിറ്റിയുടെ ചുമതല. നദീജല കരാറുകള്‍ സമയബന്ധിതമായി പുതുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഇടപെടലുകള്‍ ഉറപ്പാക്കലും ചുമതലയാണ്.
Also Read-
Mullaperiyar| മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ അനുമതി നൽകിയ വിവാദ ഉത്തരവ് റദ്ദാക്കിഅന്തര് സംസ്ഥാന നദീജല വിഷയങ്ങളില്‍ ആവശ്യമായ നിയമോപദേശം സ്ട്രാറ്റജിക്ക് കമ്മിറ്റിക്കും മോണിറ്ററിംഗ് കമ്മിറ്റിക്കും നല്‍കുകയാണ് അന്തര്‍ സംസ്ഥാന നദീജല നിയമ സാങ്കേതിക സെല്ലിന്റെ ചുമതല.
മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾബഡ്സ് സ്കൂള്‍ സ്ഥാപിക്കുംതൃശ്ശൂര് ജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ സുനാമി പുനരധിവാസ പദ്ധതി പ്രകാരം ഏറ്റെടുത്ത ഭൂമിയില്‍ ബഡ്സ് സ്കൂള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കും. ഇതിനായി 0.1203 ഹെക്ടര്‍ ഭൂമിയില്‍, 0.1034 ഹെക്ടര്‍ ഭൂമി ആര് ഒന്നിന് 100 രൂപ വാര്‍ഷിക പാട്ട നിരക്കില്‍ കടപ്പുറം ഗ്രാമപഞ്ചായത്തിന് പാട്ടത്തിന് അനുവദിക്കും.
ദുരിതാശ്വാസ നിധി2018 ലെ പ്രളയ സമയത്ത് രക്ഷാ പ്രവര്‍ത്തനത്തിനിടെ അണുബാധയേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട ആലപ്പുഴ, ആറാട്ടുപുഴ വില്ലേജിലെ വലിയഴീക്കല്‍ സ്വദേശി വി രാകേഷിന്റെ ഭാര്യ തുഷാരക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.
തസ്തികകള്തീരദേശ പൊലീസ് സ്റ്റേഷനുകള്‍ക്ക് ഏല്‍പ്പിക്കപ്പെട്ട ചുമതലകള്‍ ഫലപ്രദമായി നിര്‍വഹിക്കുന്നതിന് ഏലത്തൂര്‍, അഞ്ചുതെങ്ങ് സ്റ്റേഷനുകളില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരുടെ 10 വീതം തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കൊല്ലം ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ അക്കാദമിക്/നോണ്‍ അക്കാദമിക് വിഭാഗങ്ങളിലായി 118 തസ്തികകള്‍ ഡെപ്യൂട്ടേഷന്/കരാര്‍ വ്യവസ്ഥയില്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.