തിരുവനന്തപുരം: ആരോഗ്യമേഖലയിൽ മുൻപന്തിയിലാണെങ്കിലും കേരളത്തിലെ ചികിത്സാച്ചെലവ് രോഗികളുടെയും കുടുംബങ്ങളുടെയും നട്ടൊല്ല് ഒടിക്കുന്നതാണ്. ഈ സാഹചര്യത്തിൽ ആശുപത്രികളുടെ കഴുത്തറിപ്പിനും തട്ടിപ്പികൾക്കും കടിഞ്ഞാട്ടുകൊണ്ട് സംസ്ഥാന സർക്കാരിന്‍റെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് നിയമം ജനുവരി ഒന്നുമുതൽ നിലവിൽ വരുന്നു. ഇതിന്‍റെ ഭാഗമായി ആശുപത്രികളുടെയും നഴ്സിങ് ഹോമുകളുടെയും രജിസ്ട്രേഷൻ ജനുവരി ഒന്ന് ചൊവ്വാഴ്ച ആരംഭിക്കും. തുടക്കത്തിൽ മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലെ സ്ഥാപനങ്ങൾക്കാണ് രജിസ്ട്രേഷൻ നൽകുക. രണ്ടാഴ്ചയ്ക്കുള്ളിൽ മറ്റ് ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും. www.clinicalestablishments.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ആശുപത്രികൾക്കും ലാബുകൾക്കും സ്ഥിര രിജസ്ട്രേഷൻ നിർബന്ധമാക്കും. രജിസ്ട്രേഷൻ ഇല്ലാത്ത സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനാകില്ല. രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ പശ്ചാത്തല സൌകര്യങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യ സ്ഥാപനങ്ങൾക്ക് ഗ്രേഡിങ് നടപ്പാക്കും. ഈ ഗ്രേഡിങിന്‍റെ അടിസ്ഥാനത്തിൽ നിശ്ചിത സൌകര്യങ്ങൾ ഉറപ്പാക്കണമെന്ന് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് നിയമം നിർദേശിക്കുന്നുണ്ട്. കേന്ദ്രനിയമത്തിന്‍റെ മാതൃകയിലാണ് സർക്കാർ നിയമമെങ്കിലും, ആശുപത്രി നിരക്കുകളുടെ കാര്യത്തിൽ സർക്കാർ ഇടപെടില്ല. ഓരോ ചികിത്സയ്ക്കും പരിശോധനകൾക്കുമുള്ള നിരക്ക് സ്ഥാപനങ്ങൾക്ക് നിശ്ചയിക്കാം. എന്നാൽ ഇക്കാര്യം രോഗികൾക്കും ബന്ധുക്കൾക്കും അവർ ആവശ്യപ്പെടുന്ന പ്രകാരം ലഭ്യമാക്കണം. ഇതിൽ പറഞ്ഞിട്ടുള്ളതിൽ കൂടുതൽ നിരക്ക് ഈടാക്കിയാൽ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കും. പരാതി അതീവ ഗൌരവതരമെന്ന് കണ്ടാൽ, സ്ഥാപനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാകുകയും പൂട്ടേണ്ടിയും വരും.
നിയമം നടപ്പാകുന്നതോടെ വരുന്ന മാറ്റങ്ങൾ
- നിരക്കുകൾ വിലയിരുത്തി രോഗികൾക്കും ബന്ധുക്കൾക്കും ആശുപത്രി തെരഞ്ഞെടുക്കാം.
- നിരക്ക് നിർണയത്തിൽ സർക്കാർ ഇടപെടില്ലെങ്കിലും ചികിത്സാ ചെലവുകൾ പരസ്യപ്പെടുത്തണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
- ചികിത്സാ ചെലവ് സംബന്ധിച്ച വിവരം രോഗിയോ ബന്ധുക്കളോ ആവശ്യപ്പെട്ടാൽ ലഭ്യമാക്കണം
- അമിത നിരക്ക് ഈടാക്കിയെന്ന് വ്യക്തമായാൽ ആശുപത്രി പൂട്ടേണ്ടി വരും
- രോഗം മൂർച്ഛിച്ചാൽ ഫലപ്രദമായ ചികിത്സ ലഭിക്കുന്നയിടത്തേക്ക് മാറ്റേണ്ട ഉത്തരവാദിത്വം ആശുപത്രികൾക്കായിരിക്കും.
- നിയമലംഘനം കണ്ടെത്തിയാൽ പരമാവധി അഞ്ച് ലക്ഷം രൂപ വരെ പിഴ ഈടാക്കാം.
- കുറ്റം ഗുരുതരമാണെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കി ആശുപത്രി പൂട്ടേണ്ടിവരും.
ട്രെയിൻ ടിക്കറ്റെടുക്കൽ ഇനി എത്രയെളുപ്പമാകും? 10 കാര്യങ്ങൾ
നിയമത്തിന്‍റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ
അംഗീകൃത ചികിത്സാ സമ്പ്രദായമുള്ള എല്ലാ സർക്കാർ-സ്വകാര്യ ആശുപത്രികൾക്കും നിയമം ബാധകമായിരിക്കും. രോഗനിർണയം, ചികിത്സ, ദന്തരോഗങ്ങൾ, പ്രസവചികിത്സ തുടങ്ങിയവയ്ക്ക് കിടക്കകളും സേവനങ്ങളും വാഗ്ദ്ധാനം ചെയ്യുന്ന ആശുപത്രികൾ, മെറ്റേണിറ്റി ഹോം, നഴ്സിങ് ഹോം എന്നിവ നിയമത്തിന്‍റെ പരിധിയിൽ വരും. പാത്തോളജി, ബാക്ടീരിയ, ജനിതക, റേഡിയോളജിക്കൽ, കെമിക്കൽ, ബയോളജിക്കൽ രോഗനിർണയം നടത്തുന്ന മെഡിക്കൽ ലാബ് സ്ഥാപനങ്ങൾക്കും നിയമം ബാധകമായിരിക്കും. അതേസമയം കൺസൾട്ടേഷൻ സേവനം മാത്രം നൽകുന്ന ക്ലിനിക്കുകളും സായുധ സേനകളുടെ ക്ലിനിക്കൽ സ്ഥപാനങ്ങളും നിയമത്തിന്‍റെ പരിധിയിൽ വരില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Clinical establishment act, Clinical establishment act kerala, Health kerala, Health sector, ആരോഗ്യ സ്ഥാപന നിയന്ത്രണ നിയമം, ആരോഗ്യരംഗം, ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് നിയമം