ന്യൂഡല്‍ഹി: ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാരിന്‍റെ ഹർജിയിൽ കേരളം കക്ഷിചേരും. 23 സംരക്ഷിതമേഖലകൾക്ക് ഇളവ് തേടിയാണ് കേരളം സുപ്രീം കോടതിയെ സമീപിക്കുന്നത്. വന്യ ജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരുകിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ വിധിയില്‍ ഇളവ് തേടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാനാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
കരട്, അന്തിമ വിജ്ഞാപനങ്ങള്‍ ഇറങ്ങിയ മേഖലകളില്‍ ബഫര്‍ സോണ്‍ വിധി നടപ്പാക്കുന്നതില്‍ നിന്ന് ഇളവ് അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തെ പിന്തുണച്ചാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിലെ 17 വന്യ ജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് കേരളം കൈമാറിയിരുന്നു. ഇതില്‍ പെരിയാര്‍ ദേശീയ ഉദ്യാനം, പെരിയാര്‍ വന്യജീവി സങ്കേതം എന്നിവയിലൊഴികെ കേന്ദ്രം കരട് വിജ്ഞാപനം ഇറക്കിയിരുന്നു.
മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്‍റെ ഹർജിയിൽ കക്ഷിചേരാന്‍ കേരളം അപേക്ഷ നല്‍കിയത്. ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ജൂണ്‍ മൂന്നിലെ ഉത്തരവ് പരിഷ്‌കരിച്ച്, ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപേക്ഷ ജനുവരി പതിനൊന്നിനാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് പരിഗണിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Buffer zone