വിദേശ തടവുകാർക്കായി കേരളത്തിലും തടങ്കൽ പാളയം; പദ്ധതിനിർദേശവുമായി സാമൂഹ്യനീതി വകുപ്പ്
വിദേശ തടവുകാർക്കായി കേരളത്തിലും തടങ്കൽ പാളയം; പദ്ധതിനിർദേശവുമായി സാമൂഹ്യനീതി വകുപ്പ്
ദേശീയ പൌരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിൽ തടങ്കൽ കേന്ദ്രങ്ങൾ നിർമിക്കുന്നത് വിവാദമാകുന്നതിനിടെയാണ് കേരളവും ഇത്തരമൊരു നീക്കം നടത്തുന്നത്.
തിരുവനന്തപുരം: അനധികൃതമായി കേരളത്തിലെത്തി പിടിയിലായ വിദേശ തടവുകാരെ പാർപ്പിക്കാൻ തടങ്കൽ പാളയം നിർമിക്കാൻ കേരളം ഒരുങ്ങുന്നു. സാമൂഹ്യനീതി വകുപ്പാണ് ഇതുസംബന്ധിച്ച നിർദേശം മുന്നോട്ടുവെച്ചതെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ദേശീയ പൌരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിൽ തടങ്കൽ കേന്ദ്രങ്ങൾ നിർമിക്കുന്നത് വിവാദമാകുന്നതിനിടെയാണ് കേരളവും ഇത്തരമൊരു നീക്കം നടത്തുന്നത്.
കേരളത്തിലെ ജയിലുകളിൽ കഴിയുന്ന വിദേശ തടവുകാരുടെ എണ്ണം ശേഖരിച്ചശേഷമായിരിക്കും പുതിയ തടങ്കൽ കേന്ദ്രം നിർമിക്കുക. വിവിധ കുറ്റങ്ങളിൽപ്പെട്ട് ജയിൽശിക്ഷ അനുഭവിക്കുന്നതും വിചാരണ തടവുകാരായി കഴിയുന്നതുമായ വിദേശികളെ പാർപ്പിക്കാനാണ് തടങ്കൽ കേന്ദ്രം എന്ന നിർദേശം സാമൂഹ്യനീതി വകുപ്പ് മുന്നോട്ടുവെക്കുന്നത്. എന്നാൽ ഇതിനായി ആവശ്യമുള്ള കെട്ടിടം വകുപ്പിന് സ്വന്തമായില്ല. വാടകയ്ക്ക് കെട്ടിടം എടുത്ത് തടങ്കൽ കേന്ദ്രമാക്കുന്നതിനെക്കുറിച്ചാണ് ഇപ്പോൾ ആലോചിക്കുന്നത്.
തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ നേരത്തെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കത്തെഴുതിയിരുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച വിദേശികളെ പാർപ്പിക്കുന്നതിനായാണ് തടങ്കൽ കേന്ദ്രങ്ങൾ നിർമിക്കേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. നിലവിൽ പാസ്പോർട്ട്-വിസാ കാലാവധി കഴിഞ്ഞ നിരവധി വിദേശികൾ കേരളത്തിലെ വിവിധ ജയിലുകളിൽ കഴിയുന്നുണ്ട്. ഇവരെ പാർപ്പിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ വേണമെന്ന ആവശ്യം മുൻനിർത്തിയാണ് തടങ്കൽ കേന്ദ്രമെന്ന നിർദേശം സാമൂഹ്യനീതി വകുപ്പ് മുന്നോട്ടുവെക്കുന്നത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.