HOME /NEWS /Kerala / ആഭ്യന്തര വിനോദസഞ്ചാരികളുമായി ആഢംബര കപ്പല്‍ കോർഡിലിയ കൊച്ചിയിലെത്തി; കേരളത്തിലെ കോവിഡാന്തര ടൂറിസം സജീവമാകുന്നു

ആഭ്യന്തര വിനോദസഞ്ചാരികളുമായി ആഢംബര കപ്പല്‍ കോർഡിലിയ കൊച്ചിയിലെത്തി; കേരളത്തിലെ കോവിഡാന്തര ടൂറിസം സജീവമാകുന്നു

News18

News18

സഞ്ചാരികള്‍ പുറത്തിറങ്ങി ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവടങ്ങളിലുള്ള പൈതൃക- സാംസ്കാരിക കേന്ദ്രങ്ങൾ, മറൈൻ ഡ്രൈവ്, മാളുകൾ  തുടങ്ങി വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

  • Share this:

    കൊച്ചി: കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ടൂറിസം മേഖലക്ക് പുത്തൻ ഉണർവേകി ആഭ്യന്തര വിനോദ സഞ്ചാരികളുമായുള്ള ആഡംബര കപ്പൽ കൊച്ചിയിലെത്തി. മുംബൈയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന കപ്പൽ യാത്രാമധ്യേയാണ് കൊച്ചി തീരത്ത് നങ്കൂരമിട്ടത്.

    കേരളത്തിലെ കോവിഡാന്തര ടൂറിസം സജീവമാകുന്നതിന്റെ സൂചനയാണ് കപ്പലിന്റ വരവ്. കോവിഡ് പ്രതിസന്ധി മറികടന്ന് സജീവമാകുന്ന കേരള ടൂറിസത്തിന് ഉണര്‍വേകി 399 ആഭ്യന്തര വിനോദ സഞ്ചാരികളുമായാണ് കോർഡിലിയ ക്രൂസ് ഷിപ്പ് കൊച്ചിയിലെത്തിയത്.

    മുംബൈയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന കപ്പലിലെ 182 യാത്രക്കാരാണ് കൊച്ചി നഗരത്തിലെ കാഴ്ചകള്‍ അടുത്തറിയാനായി തീരത്ത് ഇറങ്ങിയത്. 217 സഞ്ചാരികൾ കൊച്ചിയിലിറങ്ങി വിവിധ സ്ഥലങ്ങളിലേക്ക് യാത്ര തിരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളുമായാണ് കോർഡിലിയ ക്രൂയിസസിന്‍റെ കപ്പല്‍ കൊച്ചിയില്‍ എത്തിയത്. കോവിഡ് 19 സാഹചര്യത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ സന്ദർശകർക്ക് സംസ്ഥാന വിനോദസഞ്ചാരവകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവർ ചേർന്ന് വേലകളി, പഞ്ചവാദ്യം , താലപ്പൊലി എന്നിവയോടെ സ്വീകരണം ഒരുക്കി.

    ആഡംബര നൗകകൾക്കായി ഒരുക്കിയിരിക്കുന്ന പുതിയ ടെർമിനലിലാണ് സഞ്ചാരികൾ ഇറങ്ങിയത്. രാവിലെ 7 ന് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു.  8 മണിയോടെ സഞ്ചാരികള്‍ പുറത്തിറങ്ങി. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവടങ്ങളിലുള്ള പൈതൃക -  സാംസ്കാരിക കേന്ദ്രങ്ങൾ, മറൈൻ ഡ്രൈവ്, മാളുകൾ  തുടങ്ങി വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ഇതിന് പുറമെ ബോട്ടിൽ കായൽ സൗന്ദര്യവും ആസ്വദിച്ചാണ് തിരികെ ഒരു മണിയോടെ ക്രൂസിലെത്തിയത്. പ്രത്യേകം ബസ്സുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു യാത്ര.

    Read also: സംസ്ഥാനത്ത് സമ്പൂര്‍ണ വാക്സിനേഷന്‍ ഒരുകോടി കടന്നു; ആദ്യ ഡോസ് സ്വീകരിച്ചവര്‍ 90 ശതമാനം പിന്നിട്ടു: മന്ത്രി വീണ ജോര്‍ജ്

    കൊച്ചിയിൽ നിന്ന് ഏകദേശം 800 വിനോദ സഞ്ചാരികൾ ആഢംബര കപ്പലിൽ കയറും.  വൊയേജര്‍ കേരളയാണ് ടൂര്‍ ഏജന്‍റ്.

    കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിലും ഉണർവിൻ്റെ ലക്ഷണങ്ങൾ പ്രകടമായി കഴിഞ്ഞു.  ഒക്ടോബർ മുതലാണ് കേരളത്തിൻറെ ടൂറിസം സീസൺ തുടങ്ങുന്നത്. കേരളത്തിൽ ഇപ്പോൾ കോവിഡ് ഭീതി കുറയുന്നതും  സഞ്ചാരികളുടെ വരവിന്  കൂടുതൽ സാധ്യതയേറും.  സംസ്ഥാനത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇപ്പോൾ പൂർണ സജ്ജമായി കഴിഞ്ഞതായും ടൂറിസം മന്ത്രി തന്നെ അറിയിച്ചിട്ടുണ്ട്.

    Read also: കോന്നിയിലെ അത്യാധുനിക ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി

    ടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാരെല്ലാം നിലവിൽ വാക്സിൻ എടുത്ത് കഴിഞ്ഞിട്ടുണ്ട്. ഭൂരിഭാഗം  റിസോർട്ടുകളും പൂർണ്ണ ശേഷിയുടെ 50 ശതമാനവും ഉപയോഗിക്കുന്നുണ്ട്.  കോവിഡ് സൃഷ്ടിച്ച  പ്രതിസന്ധിയിൽ നിന്ന് സംസ്ഥാനത്തെ ടൂറിസം മേഖല ഗംഭീര തിരിച്ചുവരവ് നടത്തുമെന്ന് തന്നെയാണ്  ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. ടൂറിസം സീസൺ തുടങ്ങുന്നതിന് മുൻപ് തന്നെ കോവിഡ് വ്യാപനം കുറഞ്ഞത് നല്ല സൂചനയായാണ് കാണുന്നത്. അതോടൊപ്പം സംസ്ഥാനത്ത് വാക്സിനേഷൻ നടപടികൾ വേഗത്തിൽ പുരോഗമിക്കുകയും ചെയ്യുകയാണ്. ഇതെല്ലാം ടൂറിസത്തിന് ഗുണകരമാകുമെന്ന് കണക്കുകൂട്ടുന്നു.

    First published:

    Tags: Kerala tourism, Kochi, Luxury Cruise