തിരുവനന്തപുരം: കേരള സർവകലാശാല പരീക്ഷാ മാന്വലിൽ ഭേദഗതി വരുത്തിയത് മാർക്ക് തട്ടിപ്പിന് അവസരമൊരുക്കിയതായി കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കി .എൽ.എൽ.ബി, ബി.ടെക്, ബി. എ പരീക്ഷകളിൽ വിവിധ സെമസ്റ്ററുകളിൽ തോറ്റ നാനൂറോളം വിദ്യാർഥികൾ പുനപരിശോധനയിലൂടെ ഉയർന്ന മാർക്കുകൾ നേടി. സംഭവം തെളിഞ്ഞതോടെയാണ് സർവകലാശാല തന്നെ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട ഭേദഗതി പിൻവലിച്ചത്.
പുനർമൂല്യ നിർണയത്തിൽ പത്തു ശതമാനത്തിൽ കൂടുതൽ മാർക്ക് വ്യത്യാസം വന്നാൽ മറ്റൊരു അധ്യാപകൻ മൂന്നാമത് മൂല്യനിർണയം നടത്തി മാർക്കുകളുടെ ശരാശരി വിദ്യാർത്ഥിക്ക് നൽകണം എന്നതായിരുന്നു ചട്ടം. 2019 ജൂൺ 15 ന് പരീക്ഷാ മാന്വലിലെ ഈ വ്യവസ്ഥ ഭേദഗതി ചെയ്ത് ഉത്തരവിറക്കി.
also read:ബിരുദ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
ചട്ടഭേദഗതിക്ക് ശേഷം നടന്ന ചില പരീക്ഷകളുടെ പുനർമൂല്യനിർണയത്തിൽ പല വിദ്യാർഥികളുടെയും മാർക്ക് ഇരുപത് ശതമാനത്തിൽ അധികം ഉയർന്നെന്ന് തെളിഞ്ഞു. LLB, B.Tech, BA പരീക്ഷകളിൽ തോറ്റ നാന്നൂറോളം പേർക്ക് പുനർമൂല്യനിർണയത്തിൽ ഇരുപത് ശതമാനത്തിൽ കൂടുതലും മുന്നൂറ് പേർക്ക് 10 ശതമാനത്തിൽ കൂടുതലും മാർക്ക് കിട്ടിയെന്ന് പരീക്ഷ വിഭാഗം തന്നെ കണ്ടെത്തി.
എൽഎൽബി അഡ്മിനിസ്ട്രേറ്റീവ് ലോ പേപ്പറിന് 8 മാർക്ക് കിട്ടിയ വിദ്യാർഥിക്ക് പുനർമൂല്യനിർണയത്തിൽ 36 ആയി.
മറ്റൊരു വിദ്യാർഥിയുടെ 4 മാർക്ക് 26 ആയും ഉയർന്നു. നാല്പതോളംപേർക്ക് 25 മുതൽ 35മാർക്ക് വരെ വ്യത്യാസം ഉണ്ട്. ബി ടെക് ജിയോ ടെക്നിക്കൽ എൻജിനീയറിംഗ് പേപ്പറിന് 9 കിട്ടിയ കുട്ടിക്ക് 40 മാർക്കായി. ബിഎ ഇംഗ്ലീഷിൽ പോയട്രി ആന്റ് ഗ്രാമറിന് 5 മാർക്ക് പുനഃപരിശോധനയിൽ 52 ആയി ഉയർന്നു. അഞ്ചാം സെമസ്റ്റർ മൈക്രോ എക്കണോമിക്സ് പേപ്പറിന് ലഭിച്ച 6 മാർക്ക് 33 ആയും, 1 മാർക്ക് 21 ആയും ഉയർന്നു.
45 വർഷമായി നിലനിന്നിരുന്ന പരീക്ഷ മാനുവലിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതിലൂടെ വ്യാപകമായ ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടതിനെ തുടർന്ന് ചട്ടഭേദഗതി സർവ്വകലാശാല തന്നെ പിൻവലിച്ചു.
20 ശതമാനത്തിൽ കൂടുതൽ മാർക്ക് വ്യത്യാസം വന്നാൽ ആദ്യ മൂല്യനിർണയം നടത്തിയ അധ്യാപകരിൽ നിന്ന് അയ്യായിരം മുതൽ പതിനായിരം വരെ രൂപ പിഴയായി ഈടാക്കാം. ഉത്തരകടലാസുകൾ ആദ്യമൂല്യനിർണയം നടത്തിയ അധ്യാപകരിൽ നിന്നും പിഴ ഈടാക്കാൻ പരീക്ഷ വിഭാഗം നടപടി ആരംഭിച്ചപ്പോഴാണ് സിണ്ടിക്കേറ്റ് മൂന്നാം മൂല്യനിർണയം നിർത്തലാക്കികൊണ്ടുള്ള ഭേദഗതി മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.