തിരുവനന്തപുരം: പൂർണഗർഭിണി നൽകിയ പ്രസവാവധി തള്ളിയ കേരളാ യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാർക്ക് സ്ഥലംമാറ്റം. കേരള സർവകലാശാല ഡെപ്യൂട്ടി രജിസ്ട്രാർ ഡിഎസ് സന്തോഷ് കുമാറിനെയാണ് സ്ഥലംമാറ്റിയത്. പ്രസവം കഴിഞ്ഞ് എട്ടുദിവസമായ ഉദ്യോഗസ്ഥയെ അവധിക്കാര്യത്തിൽ വിശദീകരണത്തിനായി ഓഫീസിൽ വിളിച്ചുവരുത്തി മൂന്നു മണിക്കൂർ കാത്തുനിർത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് നടപടി.കാര്യവട്ടം കാമ്പസിലേക്കാണ് സന്തോഷ് കുമാറിനെ സ്ഥലംമാറ്റിയത്.
സിൻഡിക്കേറ്റ് യോഗത്തിൽ ഡെപ്യൂട്ടി രജിസ്ട്രാറെ സസ്പെൻഡ് ചെയ്യണമെന്ന് വിസി ഡോ മോഹനൻ കുന്നുമ്മൽ നിലപാടെടുത്തു. ഗുരുതരമായ കുറ്റകൃത്യമാണിതെന്നും വിസി പറഞ്ഞു. തുടർന്ന് സസ്പെൻഷന് മുന്നോടിയായി വിശദമായ അന്വേഷണത്തിന് മൂന്ന് സിൻഡിക്കേറ്റംഗങ്ങളടങ്ങിയ സമിതിയെ നിയോഗിച്ചു. കേരള സർവകലാശാലാ ആസ്ഥാനത്തെ അഡ്‌മിനിസ്ട്രേഷൻ വിഭാഗത്തിലെ അസിസ്റ്റന്റാണ് കഴിഞ്ഞ മാർച്ച് ആറിന് ആറുമാസത്തെ പ്രസവാവധിക്കുള്ള അപേക്ഷ സെക്ഷനിൽ നൽകിയത്.
തന്നെ നേരിട്ട് കണ്ട് അവധി നൽകിയില്ലെന്ന കാരണത്താൽ അഡ്‌മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ ഡെപ്യൂട്ടി രജിസ്ട്രാർ ഡിഎസ് സന്തോഷ് കുമാർ അവധി അനുവദിച്ചില്ല. മാർച്ച് 8ന് അസിസ്റ്റന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ പ്രസവിച്ച് വിശ്രമത്തിലായിരുന്ന അസിസ്റ്റന്റിനെ അവധിക്കാര്യത്തിൽ വിശദീകരണം തേടി യുണിവേഴ്‌സിറ്റിയിലേക്ക് വിളിപ്പിക്കുകയായിരുന്നു.
ഡെപ്യൂട്ടി രജിസ്ട്രാറിന്റെ എതിർപ്പുള്ളതിനാൽ അവധി അനുവദിക്കാനാവില്ലെന്നും നേരിട്ടെത്തി വിശദീകരിക്കണമെന്നും സർവകലാശാലയിൽ നിന്ന് ആവശ്യപ്പെട്ടു. ഒരാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ ബന്ധുവീട്ടിലാക്കി 35കിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്ന് 18ന് ഭർത്താവുമൊത്ത് അസിസ്റ്റന്റ് സർവകലാശാലയിലെത്തിയപ്പോൾ മൂന്നു മണിക്കൂർ ഡെപ്യൂട്ടി രജിസ്ട്രാർ കാണാൻ കൂട്ടാക്കാതെ ഓഫീസ് മുറിക്ക് പുറത്ത് കാത്തുനിറുത്തി. പിന്നീട് ഡെപ്യൂട്ടി രജിസ്ട്രാർ കണ്ടപ്പോൾ, പ്രസവിച്ചതായി തനിക്ക് അറിയില്ലായിരുന്നെന്നായിരുന്നു ന്യായീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Denied Leave, Kerala university, Pregnancy