തിരുവനന്തപുരം: കേരള സർവകലാശാല മലയാളം മഹാനിഘണ്ടു വിഭാഗം മേധാവിയായി മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായ ആർ മോഹനനന്റെ ഭാര്യ പൂർണ്ണിമ മോഹനെനെ നിയമിച്ചതിൽ കൂടുതൽ വിവാദം. പൂർണ്ണിമ മോഹനനെ നിയമിക്കാൻ കേരള സർവകലാശാല മലയാളം മഹാ നിഘണ്ടു വിഭാഗം മേധാവിയുടെ യോഗ്യതയിൽ മാറ്റം വരുത്തിയ നടപടിയാണ് വിവാദത്തിന് കാരണം. ബഹുഭാഷ പ്രതിഭയായത് കൊണ്ടാണ് പൂർണ്ണിമ മോഹനനെ താൽക്കാലിക അടിസ്ഥാനത്തിൽ മഹാ നിഘണ്ടു വിഭാഗം മേധാവിയായി നിയമിച്ചത് എന്നായിരുന്നു കേരളസർവ്വകലാശാലയുടെ വിശദീകരണം. എന്നാൽ പൂർണിമ മോഹനന് കേരള സർവകലാശാല അവകാശപ്പെടുന്ന യോഗ്യതയില്ല എന്നാണ് ആക്ഷേപം.
2012 ഫെബ്രുവരിയിൽ, ദ്രാവിഡ ഭാഷയുടേയും ഇൻഡോ യൂറോപ്യൻ ഭാഷകളുടെയും മൾട്ടികൾച്ചറൽ നിഘണ്ടു തയ്യാറാക്കാൻ പൂർണിമ മോഹനെ UGC ചുമതലപെടുത്തിയിരുന്നു. ഇതിനായി ഏഴു ലക്ഷത്തി എൺപതിനായിരം രൂപ യുജിസി അനുവദിച്ചു. തുടർന്ന് UGC ഉത്തരവ് പ്രകാരം ഡിസംബർ മാസത്തിൽ ഈ തുക കേന്ദ്ര സർക്കാർ സർവകലാശാലക്ക് കൈമാറി.
അഞ്ച് വർഷം പിന്നിട്ടിട്ടും പ്രൊജക്ട് ആരംഭിക്കാത്തതുകൊണ്ട് അനുവദിച്ച തുക മടക്കി നൽകാൻ സംസ്കൃത സർവകലാശാലാധികൃതർ പൂർണിമ മോഹന് നിർദ്ദേശം നൽകുകയായിരുന്നു. രണ്ട് വർഷമാണ് നിഘണ്ടു നിർമ്മാണത്തിന് UGC അനുവദിച്ചിരുന്നത്. ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് പ്രോജക്ട് ഡയറക്ടറായ പൂർണിമ മോഹൻ വരുത്തിയതെന്നാണ് ആക്ഷേപം. നിഘണ്ടു നിർമ്മാണത്തിൽ അറിവില്ലെന്ന് തെളിയിച്ചതിനാൽ പൂർണിമ മോഹനനെ മലയാളം മഹാനിഘണ്ടു മേധാവി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് നിവേദനം നൽകി.
നേരത്തെ സിൻഡിക്കേറ്റിനെ തെറ്റിദ്ധരിപ്പിച്ചാണ് പൂർണിമയുടെ നിയമനം നടത്തിയതെന്ന വിമർശനവും ഉയർന്നിരുന്നു. കഴിഞ്ഞ ഡിസംബർ 29ന് ചേർന്ന സിൻഡിക്കേറ്റ് യോഗം വിസിയുടെ നിർദ്ദേശനുസരണം അഡിഷണൽ അജണ്ടയായി മലയാളം നിഘണ്ടു വിഭാഗം മേധാവിയെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുവാൻ തീരുമാനിച്ചിരുന്നു. എന്നാൽ യോഗ്യതകളിൽ ഭേദഗതി വരുത്തി സംസ്കൃത പ്രൊഫസർമാരിൽ നിന്ന് കൂടി അപേക്ഷ ക്ഷണിക്കുവാനുള്ള വിജ്ഞാപനം പിന്നീട് പുറപ്പെടുവിച്ചു. വിജ്ഞാപനം യൂണിവേഴ്സിറ്റി പഠന വകുപ്പുകളിലോ മാധ്യമങ്ങളിലോ പ്രസിദ്ധീകരിച്ചില്ല. അതിനാൽ അപേക്ഷ സമർപ്പിച്ച പൂർണിമ മോഹനെ മാത്രം ഇൻറർവ്യൂവിന് ക്ഷണിച്ച വിദഗ്ധ സമിതി, യോഗ്യയാണെന്ന് ശുപാർശ ചെയ്തു. മെയ് 7 ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ, പൂർണിമയുടെ പേര് മാത്രമാണ് പരാമർശിച്ചിരുന്നത്.
യോഗ്യതകളും ഔദ്യോഗിക വിലാസവും മറച്ചുവെച്ചു എന്നാണ് ആക്ഷേപം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപെടുമ്പോൾ ഏത് സ്ഥാപനത്തിൽ നിന്നാണ് നിയമിക്കപ്പെടുന്നതെന്ന് രേഖപ്പെടുത്താത്തതും ചട്ടവിരുദ്ധ നടപടിയാണെന്നും വിമർശനമുണ്ട്. എന്നാൽ ഇതെല്ലാം അടിസ്ഥാനരഹിതമായ ആരോപണം ആണെന്നാണ് കേരള സർവ്വകലാശാലയുടെ വിശദീകരണം. പൂർണിമ മോഹനന്റെ നിയമനം താൽക്കാലിക അടിസ്ഥാനത്തിൽ മാത്രമാണെന്നും സ്ഥിര നിയമനത്തിനുള്ള നടപടികൾ പിഎസ്‌സി വഴി പുരോഗമിക്കുകയാണെന്നും കേരള സർവകലാശാല വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala university, Malayalam Dictionary, Poornima Mohanan