തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വൻ തുകകൾ തട്ടിയെടുത്തതായി വിജിലൻസ് കണ്ടെത്തൽ. സമ്പന്നനായ വിദേശ മലയാളി ദുരിതാശ്വാസനിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ നേടിയെന്നും മറ്റൊരു പ്രവാസി 45,000 രൂപയും തട്ടിയെടുത്തെന്നുമാണ് കണ്ടെത്തല്‍.
പുനലൂർ താലൂക്കിൽ ഒരു ഡോക്ടർ മാത്രം 1500 മെഡിക്കൽ സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും രണ്ട് ഘട്ടങ്ങളിലായി വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുകയും ഇതിൻറെ അടിസ്ഥാനത്തിൽ തുക നേടിയെടുക്കുകയും ചെയ്തു.
സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണമെന്ന് മാർഗ്ഗനിർദേശം മറികടന്ന് എല്ലുരോഗ വിഭാഗം ഡോക്ടർമാർ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ട്. കരൾ സംബന്ധമായ രോഗം നേരിടുന്ന വ്യക്തിക്ക് ഹൃദയസംബന്ധമായ രോഗമുണ്ടെന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കി പണം നേടി. ഒരേ അസുഖത്തിന് രണ്ട് കളക്ടറേറ്റുകൾ വഴി പണം നേടിയവരും ഉണ്ട്. അസുഖം ഇല്ലാത്തവരെ കൊണ്ട് അപേക്ഷ നൽകിക്കുന്ന ഏജൻറ്മാർ പണം പങ്കിട്ടെടുക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. വിജിലൻസ് മേധാവി മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരമായിരുന്നു സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.