• HOME
  • »
  • NEWS
  • »
  • kerala
  • »
  • വാട്ടർ അതോറിറ്റിക്ക്‌ ആകെ കിട്ടാനുള്ളത്‌ 1591 കോടി; 1200 കോടിയും നൽകാനുള്ളത് സർക്കാർ വകുപ്പുകൾ

വാട്ടർ അതോറിറ്റിക്ക്‌ ആകെ കിട്ടാനുള്ളത്‌ 1591 കോടി; 1200 കോടിയും നൽകാനുള്ളത് സർക്കാർ വകുപ്പുകൾ

3338 ദശലക്ഷം ലിറ്റർ വെള്ളമാണ്‌ വാട്ടർ അതോറിറ്റി ഗാർഹിക, ഗാർഹികേതര കണക്‌ഷനായി ഒരുദിവസം നൽകുന്നത്‌

  • Share this:

    തിരുവനന്തപുരം: വാട്ടർ അതോറിറ്റിക്ക്‌ പിരിഞ്ഞു കിട്ടാനുള്ളത്‌ 1591.43 കോടി രൂപ. ഗാർഹിക, ഗാർഹികേതര കണക്‌ഷൻ കുടിശ്ശിക 235.88 കോടി രൂപ മാത്രമാണ്. 1200 കോടി രൂപയും നൽകാനുള്ളത് തദ്ദേശസ്ഥാപനങ്ങളും സർക്കാർ വകുപ്പുകളുമാണ്.

    തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്‌, കണ്ണൂർ കോർപറേഷനുകൾ നൽകാനുള്ളത്‌ 189 കോടി രൂപയാണ്‌. വിവിധ നഗരസഭകൾ 420.72 കോടി രൂപയും നൽകാനുണ്ട്‌. പഞ്ചായത്തുകൾ 34.31 കോടി രൂപയാണ്‌ കുടിശ്ശിക വരുത്തിയത്‌.

    Also Read- ആർക്കും പരാതിയില്ലെന്ന് ജലവകുപ്പ് മന്ത്രി പറഞ്ഞ വെള്ളത്തിന്റെ വില ജനങ്ങളെ ബാധിക്കുന്നത് എങ്ങനെ

    ഗാർഹിക, ഗാർഹികേതര കണക്‌ഷൻ കുടിശ്ശിക 235.88 കോടി രൂപയാണ്‌. 3338 ദശലക്ഷം ലിറ്റർ വെള്ളമാണ്‌ വാട്ടർ അതോറിറ്റി ഗാർഹിക, ഗാർഹികേതര കണക്‌ഷനായി ഒരുദിവസം നൽകുന്നത്‌. ഒരു യൂണിറ്റ്‌ വെള്ളം(1000 ലിറ്റർ) ശുദ്ധീകരിച്ച്‌ വീടുകളിൽ എത്തിക്കാൻ വാട്ടർ അതോറിറ്റിക്ക്‌ ചെലവ്‌ 22.85 രൂപയാണ്‌. ഗാർഹികേതര കണക്‌ഷനിലെ ചാർജ്‌കൂടി കണക്കാക്കിയാൽ ഒരു യൂണിറ്റിന്‌ ലഭിക്കുന്നത്‌ ശരാശരി 10.90 രൂപയാണെന്നാണ്‌ കണക്ക്‌. നഷ്ടം 11.95 രൂപയും.

    വ്യാവസായിക നിരക്കാണ്‌ ശുദ്ധീകരണശാലയിലെ വൈദ്യുതി ഉപയോഗത്തിന്‌ വാട്ടർ അതോറിറ്റി നൽകുന്നത്‌. ഈ ഇനത്തിൽ 36 കോടി രൂപ പ്രതിമാസം കെഎസ്‌ഇബിക്ക്‌ നൽകണം. മാസങ്ങളായി ഈ തുക കൃത്യമായി അടയ്‌ക്കാൻ കഴിഞ്ഞിട്ടില്ല. ഈ ഇനത്തിൽ 1200 കോടി രൂപയാണ്‌ കെഎസ്‌ഇബിക്ക്‌ നൽകാനുള്ളതെന്നും വാട്ടർ അതോറിറ്റി വ്യക്തമാക്കുന്നു. കുടിവെള്ളവിതരണത്തിലൂടെ 60 കോടി രൂപയാണ്‌ വാട്ടർ അതോറിറ്റിക്ക്‌ പ്രതിമാസ വരുമാനമായി ലഭിക്കുന്നത്‌.

    Also read- ’വെള്ളക്കരം വർധിപ്പിച്ചതിൽ പരാതി പറയാൻ ഒരു ഫോൺ കോൾ പോലുംവന്നില്ല; അധികഭാരം അടിച്ചേൽപ്പിക്കലല്ല’; മന്ത്രി

    ദിവസങ്ങൾക്ക് മുൻപ് സംസ്ഥാനത്ത് വെള്ളക്കരം കൂട്ടിയിരുന്നു. നാല് അംഗങ്ങൾ ഉള്ള ഒരു കുടുംബത്തിന് പുതിയ നിരക്കനുസരിച്ച് പ്രതിമാസം 120 രൂപയോളം വെള്ളക്കരത്തിൽ അധികം നൽകേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. രണ്ട് മാസത്തേക്ക് 240 രൂപ. നിലവിൽ ഏറ്റവും കുറഞ്ഞ നിരക്ക് 1000 ലിറ്ററിന് 4 രൂപ 41 പൈസയാണ്. അത് പത്ത് രൂപ കൂടി 14.41 ആയി മാറിയതും സാധാരണക്കാരന് തിരിച്ചടിയായി.

    Published by:Rajesh V
    First published: