• HOME
  • »
  • NEWS
  • »
  • kerala
  • »
  • Rain Alert |കാലവർഷം ഇന്ന് മുതൽ സജീവമാകും; വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും

Rain Alert |കാലവർഷം ഇന്ന് മുതൽ സജീവമാകും; വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും

വൈകിട്ടും രാത്രിയും പുലർച്ചെയുമാണ് കൂടുതൽ മഴ സാധ്യത.

  • Share this:
കോഴിക്കോട്: കേരളത്തിൽ ഇന്നു മുതൽ മഴ നേരിയ തോതിൽ സജീവമാകും. കഴിഞ്ഞ ഒരാഴ്ചത്തേക്കാൾ കൂടുതൽ മഴ എല്ലാ ജില്ലകളിലും പ്രതീക്ഷിക്കാം. വൈകിട്ടും രാത്രിയും പുലർച്ചെയുമാണ് കൂടുതൽ മഴ സാധ്യത. നിലവിൽ വടക്കൻ തീരത്ത് കൂടുതൽ മേഘങ്ങൾ രൂപപ്പെടുന്നുണ്ട്. ഇവ വടക്കൻ കേരളത്തിൽ വൈകിട്ടോ രാത്രിയോ മഴ നൽകും.

തെക്ക്, മധ്യ കേരളത്തിൽ ഇന്ന് രാത്രിയും പുലർ ച്ചെയും മഴ പ്രതീക്ഷിക്കാം. തുടർന്നുള്ള ദിവസങ്ങളിലും സമാന സാഹചര്യമുണ്ട്. പകൽ ഭാഗികമായി മേഘാവൃതമോ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയോ ഉണ്ടാകും.

ഒരാഴ്ചയായി കർണാടക വരെ എത്തി നിൽക്കുന്ന കാലവർഷം തുടർന്നുള്ള ദിവസങ്ങളിൽ വടക്കോട്ട് പുരോഗമിക്കും. ആദ്യ ദിവസം കണ്ണൂർ വരെയും മൂന്നാം ദിനം കർണാടക ചിക്കമംഗളൂർ, കാർവാർ വരെയുമാണ് കാലവർഷം പുരോഗമിച്ചത്. ഇത് ഈ മാസം 13 ഓടെ മുംബൈയിലേക്കും തുടർന്ന് ജൂൺ പകുതിയോടെ ഗുജറാത്തിലും എത്താനാണ് സാധ്യത.

അടുത്ത ഒരാഴ്ച കേരളത്തിൽ തെക്കൻ ജില്ലകളെക്കാൾ വടക്കൻ കേരളത്തിൽ കൂടുതൽ മഴയും പ്രതീക്ഷിക്കുന്നു. ഉച്ചകഴിഞ്ഞും വൈകുന്നേരവും മാത്രം കിഴക്കൻ പ്രദേശങ്ങളിലും മഴയുണ്ടാകും. ഇന്ന്  മുതൽ അന്തരീക്ഷ സ്ഥിതി മഴക്കനുകൂലമായി മെച്ചപ്പെടും. കൂടുതൽ ഇടങ്ങളിലേക്ക് കൂടുതൽ സമയങ്ങളിലും ശക്തിയിലും മഴ ലഭിച്ച് മൺസൂൺ ഉണർവ് കൈവരിക്കും.

ജൂൺ രണ്ടാം വാരം മൺസൂൺ കേരളത്തിൽ ഊർജിതമാകും. എങ്കിലും ജൂൺ രണ്ടാം വാരത്തിൽ മഴ ചില ദിവസങ്ങളിൽ കുറയും. ജൂൺ, ജൂലൈ മാസങ്ങളിൽ മൺസൂൺ സാധാരണയേക്കാൾ കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ സൂചന നൽകിയിരുന്നു.

കേരളത്തിൽ കാലവർഷക്കാറ്റ് സജീവമായി എത്താത്ത സാഹചര്യമാണ് മഴ കുറയാൻ കാരണം. ആഗോള കാലാവസ്ഥാ പ്രതിഭാസമായ മാഡൻ ജൂലിയൻ ഓസിലേഷൻ (MJO) ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് പുറത്തായതിനാൽ കാലവർഷം വടക്കോട്ട് പുരോഗമിക്കുന്നതിനും തടസ്സം ഉണ്ടാകും. എങ്കിലും അടുത്ത ഏതാനും ദിവസങ്ങളിൽ കാലവർഷം മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റുഭാഗങ്ങളിലും എത്താൻ സാധ്യതയുണ്ട്.

കഴിഞ്ഞദിവസം വടക്കൻ കേരളത്തിൽ കോഴിക്കോട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പെയ്ത ശക്തമായ മഴ കാലവർഷത്തിന്റ ഭാഗമല്ല. നേരത്തെ സൂചിപ്പിച്ചതുപോലെ ചക്രവാത ചുഴിയുടെ സ്വാധീനമാണ് കനത്തമഴക്ക് കാരണമായത്. കാലവർഷത്തിന്റെ ഭാഗമായി ഇടിയോടു കൂടിയുള്ള മഴയല്ല ഉണ്ടാവുക.

രാത്രികാലങ്ങളിൽ സംവഹന മേഘങ്ങളുടെ സാന്നിധ്യം മൂലമാണ് ഇപ്പോൾ കേരളത്തിൽ പല ഭാഗങ്ങളിലും മഴ ലഭിക്കുന്നത്. കാലവർഷക്കാറ്റ് സജീവമാകുന്നതോടെ ഈയൊരു സാഹചര്യം മാറ്റം വരുകയും സാധാരണ രീതിയിലുള്ള കാലവർഷത്തിന് ഭാഗമായ മഴ ലഭിക്കുകയും ചെയ്യും.

തമിഴ്നാട്ടിലും മഴയുണ്ടാകും. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിൽ പെയ്യുന്ന മഴ കാലവർഷത്തിന്റെ ഭാഗമാണ്. അതിനാൽ അവിടെ ഇടക്കിടെ മഴ ശക്തമായി തുടരും. തെക്കു കിഴക്കൻ അറബിക്കടലിൽ കാലവർഷക്കാറ്റിന് ശക്തി കൂടിയിട്ടുണ്ടെങ്കിലും കേരളത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നില്ല. ഈ സാഹചര്യത്തിന് അടുത്ത ദിവസങ്ങളിൽ മാറ്റം വരും. കടലിൽ കാലവർഷ പ്രതീതിയിൽ മഴ തുടരും.

യു.എ.ഇയില്‍  ചിലയിടങ്ങളില്‍   ഇടിയോടെ മഴയ്ക്ക് സാധ്യത. കിഴക്കു ഭാഗത്ത് രൂപപ്പെടുന്ന സംവഹന മേഘങ്ങള്‍  ചില ഉൾനാടൻ ഭാഗങ്ങളില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇടിയോടെ മഴയും കാറ്റും മിന്നലും ഉണ്ടാകാം.
Published by:Sarath Mohanan
First published: