കൊച്ചി: ദുരിതാശ്വാസ നിധി തട്ടിപ്പ് നടത്തിയിട്ടില്ലെന്നും സർക്കാരിനെ പറ്റിച്ചില്ലെന്നും എറണാകുളത്തെ വൃക്കരോഗി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക തട്ടിച്ചവരുടെ പട്ടികയിലാണ് വടക്കൻ പറവൂർ സ്വദേശി 65കാരനായ മുഹമ്മദ് ഹനീഫ ഉള്‍പ്പെട്ടിരിക്കുന്നത്. അപേക്ഷ നൽകിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ ഓഫീസ് മുഖേനയായിരുന്നെന്ന് മുഹമ്മദ് ഹനീഫ പറയുന്നു.
സമ്പന്നനായ വിദേശി എന്ന കണ്ടെത്തലിലാണ് വിജിലൻസ് പട്ടികയിൽ മുഹമ്മദ് ഹനീഫ ഉൾപ്പെട്ടത്. മൂന്ന് മക്കൾ വിദേശത്തുള്ളത് ചൂണ്ടിക്കാട്ടിയാണ് പണം തട്ടിച്ചവരുടെ പട്ടികയിൽപ്പെടുത്തിയത്. ബുധനാഴ്ച വൈകിട്ടോടെയാണ് നടപടിക്രമം പൂർത്തിയായി ഹനീഫക്ക് 45,000 രൂപ കിട്ടുന്നത്.സ്ഥലം എംഎൽഎ കൂടിയായ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ഓഫീസ് കൂടി അറിഞ്ഞാണ് അപേക്ഷ നൽകിയത്.
വൃക്ക മാറ്റിവയ്ക്കലിനടക്കം വേണ്ടത് 20 ലക്ഷം രൂപയാണെന്ന് മുഹമ്മദ് ഹനീഫ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു. വിജിലൻസുമായി ബന്ധപ്പെട്ടപ്പോൾ മൂന്ന് ആണ്‍മക്കളുടെ വിദേശ ജോലിയാണ് ഹനീഫക്ക് എതിരായ റിപ്പോർട്ടിന് കാരണം. വിജിലൻസ് വാർത്താക്കുറിപ്പ് പ്രകാരം വിദേശത്തുള്ള ജോലിയാണ് അനർഹതക്ക് കാരണം.
ദുരിതാശ്വാസ നിധി തട്ടിപ്പ് സംബന്ധിച്ച് ഏറ്റവുമധികം പരാതികൾ വിജിലൻസിന് ലഭിച്ചത് കൊല്ലത്തുനിന്നാണെന്ന് മനോജ് എബ്രഹാം പറഞ്ഞു. ഇതോടെ മറ്റ് ജില്ലകളിൽ വ്യാപകമായി പരിശോധന നടത്തുകയായിരുന്നു. പരിശോധന മൂന്ന് നാല് ദിവസംകൊണ്ട് പൂർത്തിയാക്കും. നിലവിൽ ആരുടെയും അപേക്ഷ തടഞ്ഞുവെച്ചിട്ടില്ല. യോഗ്യതയുള്ളവർക്ക് ധനസഹായം ലഭിക്കുമെന്നും വിജിലന്‍ഡ് ഡയറക്ടര്‍ മനോജ് എബ്രഹാം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.