• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ബഫർ സോൺ വിഷയത്തിൽ നിയമസഭക്കകത്തെ കോമാളിത്തരം നിർത്തുക': കിഫ

'ബഫർ സോൺ വിഷയത്തിൽ നിയമസഭക്കകത്തെ കോമാളിത്തരം നിർത്തുക': കിഫ

സ്വയം കോമാളി വേഷം കെട്ടാതെ ഈ വിഷയത്തിൽ മനുഷ്യരോടൊപ്പം നിൽക്കുന്ന സമീപനം ഭരണപക്ഷവും പ്രതിപക്ഷവും സ്വീകരിക്കണമെന്ന് കിഫ ആവശ്യപ്പെട്ടു.

  • Last Updated :
  • Share this:
    തിരുവനന്തപുരം: ബഫർ സോണ്‍ വിഷയത്തിൽ ക്യാംപയിനുമായി കേരള ഇൻഡിപെൻഡൻന്റ് ഫാർമേഴ്‌സ് അസോസിയേഷൻ - കിഫ  രംഗത്ത്. കേരളത്തിലെ ലക്ഷക്കണക്കിന് കർഷകരുടെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയത്തിൽ പരസ്പരം അർത്ഥശൂന്യമായ ആരോപണങ്ങളും ചെളി വാരി എറിയലുകളും നടത്തി സ്വയം കോമാളി വേഷം കെട്ടാതെ ഈ വിഷയത്തിൽ മനുഷ്യരോടൊപ്പം നിൽക്കുന്ന സമീപനം ഭരണപക്ഷവും പ്രതിപക്ഷവും സ്വീകരിക്കണമെന്ന് കിഫ ആവശ്യപ്പെട്ടു.

    സോഷ്യൽ മീഡിയയിലും പ്രിന്റ് മീഡിയയിലും ഒരേ സമയം ക്യാമ്പയിൻ നടക്കും. നിയമസഭ തുടങ്ങി മൂന്നു ദിവസം കഴിഞ്ഞിട്ടും ഈ വിഷയത്തിന്റെ ഗൗരവം മനസിലാക്കുകയോ അതിനനുസരിച്ചുള്ള പരിഹാരം മാർഗങ്ങൾ ചർച്ച ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ലെന്നും കിഫ കുറ്റപ്പെടുത്തുന്നു.

    സുപ്രീം കോടതിയിൽ അപ്പീൽ പോകും എന്നുള്ള പതിവ് പല്ലവി ആവർത്തിക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. വന നിയമങ്ങളിൽ പെടാതെ ജനത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനു പകരം സ്വന്തം രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കുന്നതിനായി ഈ വിഷയത്തിൽ ഭരണ പക്ഷവും പ്രതിപക്ഷവും നടത്തുന്ന രാഷ്ട്രീയ വിഴുപ്പലക്കലുകൾ ഉടൻ അവസാനിപ്പിച്ചു കേരളത്തിലെ വന്യജീവി സാങ്കേധങ്ങളുടെ അതിർത്തികൾ ഒരു കിലോമീറ്റർ ഉള്ളിലേക്ക് മാറ്റി നിർണ്ണയിക്കുന്നതുൾപ്പെടെയുള്ള പരിഹാര മാർഗങ്ങൾ ഉടനെ തീരുമാനിക്കണമെന്നും കിഫ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

    സുപ്രീം കോടതി വിധിയിൽ കേരളം മോഡിഫിക്കേഷൻ പെറ്റീഷൻ ഫയൽ ചെയ്യും

    ബഫര്‍ സോണ്‍ സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ മോഡിഫിക്കേഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യാനും വിശദമായ പരിശോധന നടത്തി സംസ്ഥാനത്തിനുള്ള നിയമ നിര്‍മാണ സാധ്യതകള്‍ പരിശോധിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ജനവാസ മേഖലയെ ബാധിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് തീരുമാനം.

    ജനവാസ മേഖല ഒഴിവാക്കി പരിസ്ഥിതി സംവേദക മേഖല പുനര്‍നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച വിജ്ഞാപന നിര്‍ദ്ദേശം ഒരാഴ്ചയ്ക്കകം കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. ബഫർ സോണില്‍ നിലവിലുള്ള കെട്ടിടങ്ങളെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിന് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനെ ചുമതലപ്പെടുത്തി.

    കേരളത്തിന്റെ പ്രത്യേക സാഹചര്യം കേന്ദ്രസര്‍ക്കാരിനെയും കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയെയും ബോധ്യപ്പെടുത്തും. ഈ വിവരം സുപ്രീം കോടതിയെ അറിയിച്ച് അനുകൂല വിധി സമ്പാദിക്കുന്നതുവരെ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടാന്‍ ഉന്നതതല സമിതിയെ നിശ്ചയിച്ചു. വനം വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരാണ് സമിതിയിലുള്ളത്.

    യോഗത്തില്‍ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, അഡ്വ. ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്, വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, വനം വകുപ്പ് മേധാവി ബെന്നിച്ചന്‍ തോമസ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിങ് തുടങ്ങിയവര്‍ പങ്കെടുത്തു.
    Published by:Rajesh V
    First published: