• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബഫർ സോണിൽ സുപ്രീംകോടതി വിധി നിരാശാജനകം: KIFA

ബഫർ സോണിൽ സുപ്രീംകോടതി വിധി നിരാശാജനകം: KIFA

സുപ്രീംകോടതി പുറത്ത് വിട്ടിരിക്കുന്ന ഇടക്കാല ഉത്തരവ് കേരളത്തിൽ ബഫർ സോണിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകളുടെ ആശങ്ക അകറ്റാൻ പര്യാപ്തമല്ലെന്ന് സ്വതന്ത്ര കർഷക സംഘടനയായ കിഫ.

  • Share this:

    ബഫർ സോണുമായി ബന്ധപ്പെട്ട് ഇന്ന് സുപ്രീംകോടതി പുറത്ത് വിട്ടിരിക്കുന്ന ഇടക്കാല ഉത്തരവ് കേരളത്തിൽ ബഫർ സോണിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകളുടെ ആശങ്ക അകറ്റാൻ പര്യാപ്തമല്ലെന്ന് സ്വതന്ത്ര കർഷക സംഘടനയായ കിഫ.

    കഴിഞ്ഞവർഷം ജൂൺ 3ലെ സുപ്രീംകോടതി വിധിയിൽ പറഞ്ഞിരിക്കുന്ന സമ്പൂർണ്ണ നിർമാണ നിരോധനം അടക്കമുള്ള കാര്യങ്ങൾ മാറ്റി എന്നതൊഴിച്ചാൽ ഒരു കിലോമീറ്റർ ബഫർ സോൺ തുടരും എന്നാണ് മാധ്യമങ്ങൾ പുറത്തു വിട്ട വാർത്തകളിൽനിന്ന് മനസ്സിലാക്കുന്നത്. ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ഒരിഞ്ച് റവന്യു ഭൂമി പോലും ബഫർ സോണിൽ വരരുത് എന്നുള്ളതാണ് കിഫയുടെ നിലപാട്. എന്നാൽ, നിർഭാഗ്യവശാൽ അത്തരം ഒരു നിലപാട് കേരള സർക്കാർ സുപ്രീം കോടതിയിൽ എടുത്തിരുന്നില്ല. ഇളവുകൾ വേണമെന്ന് മാത്രമാണ് കേരള സർക്കാറും കേരളത്തിൽനിന്നുള്ള മറ്റു സംഘടനകളും വാദിച്ചത്. ആ ഇളവുകൾ കൊണ്ട് പ്രശ്നം പരിഹരിക്കില്ല എന്നുള്ളത് പകൽ പോലെ വ്യക്തമാണ്.

    Also read-ബഫർസോണിലെ സമ്പൂർണ നിയന്ത്രണത്തിന് ഇളവ്; ക്വാറി അടക്കമുള്ളവയ്ക്ക് നിയന്ത്രണം തുടരും

    സമ്പൂർണ നിർമാണ നിരോധനം അടക്കമുള്ള കടുത്ത നിയന്ത്രണങ്ങൾ മാറുകയും എന്നാൽ ബഫർ സോണുമായി ബന്ധപ്പെട്ട ഗസറ്റ് നോട്ടിഫിക്കേഷനുകളിൽ പറഞ്ഞിരിക്കുന്നത് പോലെ ഫോറസ്റ്റ് വകുപ്പിന്റെ സമ്പൂർണ നിയന്ത്രണത്തിലുള്ള സ്ഥലമായി ഒരു കിലോമീറ്റർ ബഫർ സോൺ മാറുകയും കാലക്രമേണ വന്യജീവി ശല്യവും ഫോറസ്റ്റ് വകുപ്പിന്റെ ശല്യവും മൂലം ജനങ്ങൾ സ്വയം ഇറങ്ങി പോകേണ്ട അവസ്ഥ സംജാതമാവുകയും ചെയ്യും എന്ന് തന്നെയാണ് കിഫയുടെ നിലപാട്. ഈ വിഷയത്തിൽ കൂടുതൽ കൃത്യതയുള്ള പ്രതികരണത്തിന് വിധിയുടെ പകർപ്പ് ലഭിക്കേണ്ടിയിരിക്കുന്നു വിധിപ്പകർപ്പ് ലഭിച്ചതിനുശേഷം കൂടുതൽ വിശദമായ പ്രതികരണം ഈ വിഷയത്തിൽ നടത്തുമെന്നും 2022 ജൂൺ 3-ലെ മുഖ്യവിധിക്കെതിരെ കിഫ നൽകിയ ഹർജി പരിഗണിക്കുന്ന വേളയിൽ ഈ വിഷയം ഉന്നയിക്കാൻ കഴിയും എന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന ഉപദേശമെന്നും കിഫ വാർത്താക്കുറിപ്പിൽ അറിയിച്ചു.

    Published by:Sarika KP
    First published: