HOME » NEWS » Kerala » KIIFB MOVED TO FILE A CASE AGAINST ED FOR ALLEGEDLY THREATENING AN OFFICER RV

ഇഡിക്കെതിരെ സർക്കാരും പോരിന്; കിഫ്ബി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി കേസെടുക്കാൻ നീക്കം

കിഫ്ബിയിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന അഡീഷണൽ സെക്രട്ടറിയെ ചോദ്യം ചെയ്യലിനിടെ ഇ ഡി ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം.

News18 Malayalam | news18-malayalam
Updated: March 4, 2021, 1:16 PM IST
ഇഡിക്കെതിരെ സർക്കാരും പോരിന്; കിഫ്ബി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി കേസെടുക്കാൻ നീക്കം
കിഫ്ബി- ഇഡി
  • Share this:
തിരുവനന്തപുരം: കിഫ്ബിക്കെതിരെ അന്വേഷണവുമായി രംഗത്തിറങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തി കിഫ്ബിയിലെ വനിതാ ഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നു കാട്ടി ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ പൊലീസിനെക്കൊണ്ട് കേസെടുപ്പിക്കാനും നിയമ നടപടികൾ സ്വീകരിക്കാനുമാണ് സർക്കാർ ഒരുങ്ങുന്നത്.

ധനവകുപ്പ് നൽകിയ പരാതി മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. കിഫ്ബി സി ഇ ഒ ചീഫ് സെക്രട്ടറിക്കും പരാതി കൈമാറി. മുഖ്യമന്ത്രി സമ്മതം നൽകിയാൽ കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംസ്ഥാന പൊലീസ് സേനയും തമ്മിൽ പുതിയ പോർമുഖം തുറക്കുന്നതിലേക്ക് വിഷയം വഴിമാറും. വോട്ടെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ തെരഞ്ഞെടുപ്പിലെ സജീവ ചർച്ചാവിഷയം കൂടിയായി ഇതുമാറാനും സാധ്യതയുണ്ട്.

Also Read- താത്ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തലിൽ ഹൈക്കോടതി സ്റ്റേ; തുടർ നടപടികൾ മരവിപ്പിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന അഡീഷണൽ സെക്രട്ടറിയെ ചോദ്യം ചെയ്യലിനിടെ ഇ ഡി ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് ആരോപണം. മസാല ബോണ്ടിറക്കുന്നതിനു മുൻപ് ഫണ്ട് മാനേജ്മെന്റ് സംബന്ധിച്ചുള്ള പരിശീലനത്തിനായി ലണ്ടനിൽ പോയ സംഘത്തിൽ ഇവരുമുണ്ടായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് മുഖ്യമന്ത്രി ഇന്നലെ നൽകിയ പരാതിയിൽ ഇവരെ ചോദ്യം ചെയ്ത കാര്യം പരാമർശിച്ചിരുന്നെങ്കിലും കൂടുതൽ വിശദാശംങ്ങളിലേക്ക് കടന്നിരുന്നില്ല. ഇ ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായ ശേഷം ഉദ്യോഗസ്ഥ കിഫ്ബിക്ക് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരാതി എഴുതി വാങ്ങി ക്രിമിനൽ കേസ് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. തീരുമാനമെടുക്കും മുൻപ് നിയമവിദഗ്ധരുമായി ആലോചിക്കും.

ഇ ഡിയുമായി ഏറ്റുമുട്ടലിലേക്ക് സർക്കാർ നീങ്ങുന്ന സാഹചര്യത്തിൽ ഈ ആഴ്ച നിശ്ചയിച്ചിരുന്ന ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്ന് കിഫ്ബി ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദേശം നൽ‌കിയിട്ടുണ്ട്. 2 വർഷം മുൻപ് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കി എടുത്ത 2150 കോടിയുടെ വായ്പയുടെ പേരിൽ ഇപ്പോൾ കേസെടുക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നീക്കമെന്നാണ് സംസ്ഥാന സർക്കാർ ആരോപിക്കുന്നത്.

കിഫ്ബി ഉദ്യോഗസ്ഥൻ ഇന്ന് ഹാജരാകില്ല

കേന്ദ്രാനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് കിഫ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രംജിത് സിങ് ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. ഇതുകാണിച്ച് കിഫ്ബി ഇഡിക്ക് കത്തു നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇത്തരത്തിൽ വിളിച്ചു വരുത്താനാവില്ലെന്നു ചൂണ്ടിക്കാണിച്ചാണ് കത്തു നൽകിയിരിക്കുന്നത്. നേരത്തെ കിഫ്ബി ഇടപാടുകൾ സംബന്ധിച്ച് ഇഡിക്ക് വിവരങ്ങൾ നൽകിയിരുന്നതാണ്. കൂടുതലായി എന്തു വിവരമാണ് ആവശ്യമെന്നു അറിയിച്ചാൽ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

കിഫ്ബിയുടെ തലപ്പത്തുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ നോട്ടിസ് നൽകി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന നിലപാടാണ് നിലവിൽ കിഫ്ബി സ്വീകരിച്ചിരിക്കുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തകർക്കാനുള്ള നീക്കമാണെന്നും കഴിഞ്ഞ ദിവസം തോമസ് ഐസക് പ്രതികരിച്ചിരുന്നു. തൊട്ടുപിന്നാലെ ഇവ ചൂണ്ടിക്കാണിച്ച് തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകുമെന്നു മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡപ്യൂട്ടി എംഡി ഇന്ന് ഹാജരാകുന്നില്ലെന്ന് അറിയിച്ചിരിക്കുന്നത്. കിഫ്ബി എംഡി കെ എം ഏബ്രഹാമിനോട് നാളെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അദ്ദേഹവും ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധ്യതയില്ലെന്നാണ് അറിയുന്നത്.

കിഫ്ബിയുടെ മസാല ബോണ്ട് നിക്ഷേപ സമാഹരണം വിദേശ വിനിമയ ചട്ടം (ഫെമ) ലംഘിച്ചെന്നുള്ള സിഎജി റിപ്പോർട്ടിനെ തുടർന്നാണ് ഇ ഡി അന്വേഷണം തുടങ്ങിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം ഇഡി കിഫ്ബിയുടെ ഇതര ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുപ്പു നടത്തിയിരുന്നു. തുടർന്നാണ് സിഇഒ, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ തുടങ്ങിയവരെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചിരിക്കുന്നത്.
Published by: Rajesh V
First published: March 4, 2021, 1:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories