നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാലതാമസമുണ്ടായാലും ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ഇല്ല; ഗണേഷ് കുമാറിന്റെ ആരോപണത്തിനു മറുപടിയുമായി കിഫ്ബി

  കാലതാമസമുണ്ടായാലും ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ഇല്ല; ഗണേഷ് കുമാറിന്റെ ആരോപണത്തിനു മറുപടിയുമായി കിഫ്ബി

  കരാറായ പ്രവര്‍ത്തി കിഫ്ബി ഇടപെട്ട് നിര്‍ത്തി വെച്ചതാണ് എംഎല്‍എ ചൂണ്ടിക്കാട്ടിയത്. ജോലികള്‍ നിര്‍ത്തി വെപ്പിക്കാന്‍ കിഫ്ബിക്ക് എങ്ങനെയാണ് അധികാരം എന്നതായിരുന്നു ജനപ്രതിനിധിയുടെ ചോദ്യം.

  News18

  News18

  • Share this:
  തിരുവനന്തപുരം: കിഫ്ബി പദ്ധതികള്‍ വൈകുന്നതു മായി ബന്ധപ്പെട്ട പത്തനാപുരം എം എല്‍ എ കെ ബി ഗണേഷ് കുമാറിന്റെ ആരോപണത്തിന് കിഫ്ബിയുടെ മറുപടി. റോഡ് നിര്‍മ്മാണത്തില്‍ കാലതാമസം നേരിട്ടാലും ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല. പൊതു നിര്‍മ്മിതികളില്‍ ഗുണനിലവാരം ഉറപ്പു വരുത്തുക എന്നത് സര്‍ക്കാരിന്റെ പൊതു നയമാണ്. മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി മുന്നോട്ടു പോകാനാവില്ല.

  പത്തനാപുരം ഏനാത്ത് റോഡ് നിര്‍മ്മാണം വൈകുന്നതിനെതിരെ ആണ് ഇന്നലെ ശ്രദ്ധ ക്ഷണിക്കല്‍ ആയി വിഷയം നിയമസഭയില്‍ ഗണേഷ്‌കുമാര്‍ ഉന്നയിച്ചത്. കരാറായ പ്രവര്‍ത്തി കിഫ്ബി ഇടപെട്ട് നിര്‍ത്തി വെച്ചതാണ് എംഎല്‍എ ചൂണ്ടിക്കാട്ടിയത്. ജോലികള്‍ നിര്‍ത്തി വെപ്പിക്കാന്‍ കിഫ്ബിക്ക് എങ്ങനെയാണ് അധികാരം എന്നതായിരുന്നു ജനപ്രതിനിധിയുടെ ചോദ്യം. ഇക്കാര്യത്തില്‍ കിഫ്ബി നല്‍കുന്ന വിശദീകരണം ഇങ്ങനെ.

  ഡിപിആര്‍ അനുസരിച്ചുള്ള പദ്ധതിക്ക് 13.6 മീറ്റര്‍ വീതിയാണ് റോഡിന് വേണ്ടത്. ഫണ്ട് ചെയ്യുന്ന പദ്ധതിയില്‍ ഡിപിആറില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന കാര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടത് കിഫ്ബിയുടെ ചുമതലയാണ്. ഭരണവകുപ്പും എസ്പിവിയും കിഫ്ബിയും തമ്മില്‍ ഒപ്പുവയ്ക്കുന്ന ത്രികക്ഷി കരാര്‍ അനുസരിച്ചും ഇതുതന്നെയാണ് നടപടിക്രമം. സ്ഥലമേറ്റെടുക്കല്‍ പൂര്‍ണമാകാതെ പദ്ധതികള്‍ മുന്നോട്ട് പോയാല്‍ പദ്ധതിയില്‍ ആത്യന്തികമായി ഗുണനിലവാരത്തില്‍ ഇടിവ് സംഭവിക്കും എന്നതിനാല്‍ അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കിഫ്ബിക്കാവില്ല. ഏനാത്ത്-പത്തനാപുരം റോഡിന്റെ കാര്യത്തില്‍ ആറു മീറ്ററിനും 14 മീറ്ററിനും ഇടയ്ക്കായിരുന്നു പലയിടത്തും വീതി. 13.6 മീറ്റര്‍ വീതിയില്‍ ചെയ്യാന്‍ ഡിപിആറും എസ്റ്റിമേഷനും തയാറായ ഒരു പദ്ധതിയില്‍ ആറു മീറ്റര്‍ വീതിയില്‍ മാത്രം റോഡിന്റെ പല ഭാഗങ്ങളും നിര്‍മിക്കുക എന്നത് അഭിലഷണീയമോ അനുവദനീയമോ അല്ല. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കി മാത്രം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തികല്‍ലേക്ക് കടക്കുക എന്നത് കിഫ്ബിയുടെ നടപടിക്രമങ്ങളില്‍ പെടുന്നതാണെന്നാണ് വിശദീകരണം.

  കിഫ്ബി പ്രവര്‍ത്തികള്‍ സംബന്ധിച്ച് ഗണേഷ് കുമാര്‍ ഉന്നയിച്ച പരാതിക്ക് പിന്തുണയുമായി ഭരണപക്ഷ എംഎല്‍എമാര്‍ അടക്കം രംഗത്തുവന്നിരുന്നു. എ എന്‍ ഷംസീര്‍ എംഎല്‍എ വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചു. എന്നാല്‍ കിഫ്ബി പ്രവര്‍ത്തനങ്ങളെ ന്യായീകരിച്ചു കൊണ്ടാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സഭയില്‍ നിലപാടെടുത്തത്. സ്വാഭാവിക നടപടിക്രമങ്ങളാണ് കിഫ്ബി നടത്തുന്നത്. പദ്ധതിക്ക് വേഗത കൈവരാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തും. വകുപ്പുകളുടെ ഏകോപനത്തിനായി നിരന്തര യോഗങ്ങള്‍ ചേരുന്നു. പദ്ധതിക്ക് വേഗം കൈവരാന്‍ കൂടുതല്‍ എന്ജിനീയര്‍മാരെ വിന്യസിക്കും. റവന്യൂ വകുപ്പിന്റെ അനുമതിയോടെ കൂടുതല്‍ സര്‍വെയര്‍ മാരെ വിനിയോഗിക്കുമെന്നും പൊതുമരാമത്ത് മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.

  കിഫ്ബിയുടെ ഗുണനിലവാര പരിശോധന മൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നത് നേരത്തെ തന്നെ വിവാദമായിരുന്നു. പൊതുമരാമത്ത് വകുപ്പിന് പരിശോധന സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ കിഫ്ബി ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നത് നേരത്തെ പരാതിക്ക് ഇട വെച്ചിരുന്നു. എന്നാല്‍ ഗുണനിലവാര പരിശോധന കിഫ്ബിയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ അത്യാവശ്യം ആണെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
  Published by:Sarath Mohanan
  First published:
  )}